
‘പ്രതികളെ എസ് എഫ് ഐക്കാരാക്കൻ ശ്രമം, കോട്ടയം നഴ്സിംങ് കോളേജിലേത് ക്രിമിനലുകള്‍ കാണിച്ച തോന്ന്യാസം, അത് എസ് ഐ ഐയുടെ മേൽചാരേണ്ട’ : മാധ്യമങ്ങൾ കോൺഗ്രസ് അജണ്ടകൾക്കനുസരിച്ച് തുള്ളരുതെന്ന് പി എം ആർഷോ
കോട്ടയം : കോട്ടയം നഴ്സിംഗ് കോളേജിലെ റാഗിംഗ് വിഷയത്തില്‍ പ്രതികരണവുമായി എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ.നഴ്സിംഗ് കോളേജിലേത് ക്രിമിനലുകള്‍ കാണിച്ച തോന്ന്യവാസം. അത് എസ്‌എഫ്‌ഐയുടെ മുകളില്‍ ചാരി വെയ്ക്കരുതെന്നും ആർഷോ പറഞ്ഞു.
അരാചക പ്രവണത വീണ്ടും ക്യാമ്പസുകളിലേക്ക് കടന്നുവരുന്നതാണ് ഇത്തരം പ്രവണതകൾ ആവർത്തിക്കപ്പെടാൻ കാരണം, അത് ഇനിയും ആവർത്തിക്കപ്പെടാൻ ധൈര്യപ്പെടാത്ത തരത്തിലുള്ള അതിശക്തമായ നിയമനടപടി ഉണ്ടാകണമെന്നും ആർഷോ ആവശ്യപ്പെട്ടു. കോട്ടയത്തെ റാഗിങ്ങിൽ ചില കുളംകലക്കികൾ ദുഷ്പ്രചരണം നടത്തുന്നു. പ്രചരണം ജനങ്ങൾ തള്ളി കളയണമെന്നും അദ്ദേഹം പറഞ്ഞു.
കുത്തും കോമയും ചേർത്ത് വ്യാജ വാർത്തകൾ പ്രചരിപ്പിക്കുകയാണ്. കെപിസിസി അധ്യക്ഷനാണ് തുടങ്ങി വച്ചത്. പ്രതികളെ എസ്എഫ്ഐക്കാർ ആക്കാൻ വലിയ ശ്രമമാണ് നടക്കുന്നത്. എസ്എഫ്ഐക്ക് കോളേജിൽ യൂണിറ്റില്ല. എസ്എഫ്ഐയെ പൊതുസമൂഹത്തിൽ താറടിക്കാനുള്ള ശ്രമമാണിത്. മാധ്യമങ്ങൾ കോൺഗ്രസ് അജണ്ടക്കൊപ്പം തുള്ളരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തെറ്റ് ചെയ്താൽ നിങ്ങൾക്ക് മുന്നിൽ ഞങ്ങൾ തലകുനിച്ച് നിൽക്കും. വിദ്യാർത്ഥി സംഘടനകളുടെ ഇടപെടൽ ഉണ്ടായെങ്കിൽ റാഗിങ് നടക്കില്ലായിരുന്നു. മാധ്യമങ്ങൾ ജനങ്ങളെ വല്ലാതെ തെറ്റി ധരിപ്പിക്കുന്നുണ്ട്. നുണ പ്രചരിപ്പിച്ച് വിദ്യാർത്ഥി സംഘടനയെ ഇല്ലാതാക്കാൻ മാധ്യമങ്ങൾ ശ്രമിക്കുകയാണെന്നും പിഎം ആർഷോ പറഞ്ഞു. പ്രതികളിൽ ഒരാളായ രാഹുൽ രാജ് വണ്ടൂർ ലോക്കൽ സെക്രട്ടറി അല്ല. രണ്ട് രൂപ അംഗത്വത്തിൽ പോലും ഇല്ലാത്ത ആളാണ് രാഹുൽ രാജെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എസ്എഫ്ഐക്ക് മറ്റ് പോഷക സംഘടനയില്ല. കെജിഎൻഎസ്എക്ക് എസ്എഫ്ഐയുമായി ഒരു ബന്ധവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മറ്റൊരു വിദ്യാർത്ഥി സംഘടനയിൽ ഉള്ള ഒരാൾ എങ്ങനെ എസ്എഫ്ഐയിൽ പ്രവർത്തിക്കുമെന്നും ആർഷോ ചോദിച്ചു. സ്വകാര്യ സർവകലാശാല വിഷയത്തിലും ആർഷോ പ്രതികരിച്ചു. ആശങ്കകൾ നേരത്തെ സൂചിപ്പിച്ചിരുന്നെന്ന് പറഞ്ഞ അദ്ദേഹം വിദ്യാർത്ഥി സംഘടനകളുമായി ചർച്ച ചെയ്ത് ആശങ്കകൾ ദൂരീകരിക്കണമെന്നും ആവശ്യപ്പെട്ടു. വിദേശ സർവ്വകലാശാലകളുടെ കടന്ന് വരവ് എസ്എഫ്ഐ സംശയ ദൃഷ്ടിയോടെയാണ് കാണുന്നതെന്നും ആർഷോ പറഞ്ഞു.