
പത്തനംതിട്ട:മരുമകൻ അമ്മായിയമ്മയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി.അഴുതാ കോളനിയിലെ താമസക്കാരി ഉഷാമണി (54) യാണ് കൊല്ലപ്പെട്ടത്.സംഭവവുമായി ബന്ധപ്പെട്ട് സുനിലിനെ വെച്ചൂച്ചിറ പോലീസ് കസ്റ്റഡിയിലെടുത്തു.
കുടുംബപ്രശ്നമാണ് തർക്കത്തിലേക്കും കൊലപാതകത്തിലേക്കും നയിച്ചതെന്നാണ് പ്രാഥമികവിവരം. മണ്‍വെട്ടി ഉപയോഗിച്ചാണ് കൊലപാതകം നടത്തിയത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് സംഭവം.
എരുമേലി എലിവാലിക്കര സ്വദേശിയാണ് സുനില്‍. ഭാര്യയുമായി സുനില്‍ അകന്നു കഴിയുകയായിരുന്നു. ഇരുവരും തമ്മിലുള്ള പ്രശ്നങ്ങളാണ് ഭാര്യാമാതാവിന്‍റെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു. കുടുംബപ്രശ്നങ്ങളെ തുടർന്ന് സുനിലും ഭാര്യയും കഴിഞ്ഞ നാലുവർഷത്തോളമായി പിരിഞ്ഞുതാമസിക്കുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അമ്മ ഉഷയോടൊപ്പമാണ് ഭാര്യയും രണ്ടുമക്കളും കഴിഞ്ഞിരുന്നത്. ഇന്നലെ ഉച്ചയോടെ, കുട്ടികളെ കാണണമെന്ന ആവശ്യവുമായാണ് സുനില്‍ ഉഷയുടെ വീട്ടിലെത്തിയത്. വൈകാതെ ഇരുവരും വഴക്കായി. പിന്നാലെ സുനില്‍ മണ്‍വെട്ടി ഉപയോഗിച്ച് ഉഷയുടെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
തലയ്ക്ക് മാരകമായി മുറിവേറ്റ് രക്തം വാർന്ന് മരിച്ച നിലയില്‍ വീടിന്‍റെ പരിസരത്തുതന്നെയാണ് ഉഷയുടെ മൃതദേഹം കിടന്നത്. ഇവിടെനിന്നു മാറാൻ സുനില്‍ തയാറായിരുന്നില്ലെന്ന് പരിസരവാസികള്‍ പറയുന്നു. സ്ഥലത്തെത്തിയ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് അടക്കമുള്ള ആളുകളോട് സുനില്‍ കൊലപാതകത്തെക്കുറിച്ച് ഏറ്റുപറഞ്ഞതായാണ് വിവരം.
തന്‍റെ സ്വത്തുക്കള്‍ ഉഷാമണി കൈക്കലാക്കിയെന്നും ഇവർ മരിക്കുന്നതാണ് നല്ലതെന്നും സുനില്‍ പറഞ്ഞതായി നാട്ടുകാർ പറയുന്നു. പോലീസ് എത്തിയാണ് സുനിലിനെ സംഭവസ്ഥലത്തുനിന്നു കസ്റ്റഡിയില്‍ എടുത്തത്. സംഭവം നടക്കുന്ന സമയത്ത് സുനിലിന്‍റെ ഭാര്യ ജോലിക്ക് പോയിരിക്കുകയായിരുന്നു.
ഇവരുടെ മക്കള്‍ സ്കൂളില്‍ ആയിരുന്നുവെന്നും പരിസരവാസികള്‍ പറയുന്നു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി വെച്ചൂച്ചിറ പോലീസ് അറിയിച്ചു.