എസ്.ഐയുടെ കണ്ണിൽ മഷിയൊഴിച്ച് ആക്രമണം: ആക്രമിച്ചത് സ്ത്രീയെ മർദിച്ച കേസ് അന്വേഷിക്കാനെത്തിയ എസ്.ഐയെ; പ്രതിയായ യുവാവ് പൊലീസ് കസ്റ്റഡിയിൽ

എസ്.ഐയുടെ കണ്ണിൽ മഷിയൊഴിച്ച് ആക്രമണം: ആക്രമിച്ചത് സ്ത്രീയെ മർദിച്ച കേസ് അന്വേഷിക്കാനെത്തിയ എസ്.ഐയെ; പ്രതിയായ യുവാവ് പൊലീസ് കസ്റ്റഡിയിൽ

ക്രൈം ഡെസ്‌ക്

തിരുവനന്തപുരം: സ്ത്രീയെ ആക്രമിച്ച കേസ് അന്വേഷിക്കാനെത്തിയ ഗ്രേഡ് എസ്.ഐയെ കണ്ണിൽ മഷിയൊഴിച്ച ശേഷം അടിച്ചു വീഴ്ത്തിയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
ചിറയിൻകീഴ്-അഴൂർ മുട്ടപ്പലം കല്ലുവിള വീട്ടിൽ ലിജിനെ(26) ആണ് പൂന്തുറ പോലീസ് അറസ്റ്റു ചെയ്തത്. പൂന്തുറ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ. നോർബർട്ടിനാണ്(49) പേന കൊണ്ടുള്ള കുത്തിൽ തലയ്ക്കു പരിക്കേറ്റത്. എസ്.ഐ.യെ രക്ഷിക്കാനെത്തിയ പോലീസുകാരനായ വിനോദിന് പിടിവലിക്കിടെ മർദനമേറ്റു. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരെ പ്രാഥമികചികിത്സ നൽകിയശേഷം ൈവകീട്ടോടെ വിട്ടയച്ചു.

തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയാണ് സംഭവം. അറസ്റ്റിലായ ലിജിൻ, മരപ്പാലത്തുള്ള ഇയാളുടെ അമ്മയുടെ ചേച്ചി അംബുജത്തിന്റെ വീട്ടിൽ രണ്ടു ദിവസമായി താമസിക്കുകയാണ്. ഇവരുടെ വീടിനടുത്തുള്ള ഉബൈബയെന്ന സ്ത്രീയുടെ നാലര വയസ്സുള്ള പേരക്കുട്ടിയെ ഇയാൾ അടിച്ചതാണ് പ്രശ്നത്തിനു കാരണം. ഇതേക്കുറിച്ചു ചോദിക്കാനെത്തിയ ഉബൈബയും ലിജിനുമായി തർക്കമായി. ഇതിനിടയിൽ ലിജിൻ, ഉബൈബയെ തള്ളിയിട്ടശേഷം മർദിച്ചു. തുടർന്ന് ഇവർ പൂന്തുറ സ്റ്റേഷനിൽ ഇക്കാര്യം വിളിച്ചറിയിച്ച ശേഷം ആശുപത്രിയിൽ പ്രവേശിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ പരാതി അന്വേഷിക്കുന്നതിനാണ് എസ്.ഐ. നോർബർട്ടും സംഘവും മരപ്പാലത്തെത്തിയത്. സംഭവത്തിനു ശേഷം റോഡിൽ നിൽക്കുകയായിരുന്ന ലിജിനെ നാട്ടുകാർ കാണിച്ചു കൊടുത്തു. തുടർന്ന് പോലീസുകാർ ഇയാളെ പിടികൂടി. ഇതോടെ ഇയാൾ അക്രമാസക്തനാകുകയും കൈയിലുണ്ടായിരുന്ന പേനയെടുത്ത് എസ്.ഐ.യെ കുത്തുകയും കണ്ണിൽ മഷിയൊഴിക്കുകയും ചെയ്തു. തടയാനെത്തിയ വിനോദെന്ന പോലീസുകാരനെ മർദിച്ചുവെന്നും പൂന്തുറ പോലീസ് പറഞ്ഞു. സംഭവത്തെത്തുടർന്ന് പൂന്തുറ എസ്.ഐ.മാരായ സജിൻ ലൂയീസ്, വിനോദ് കുമാർ എന്നിവരെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. ഇയാളെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.