
തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ വന്ദേഭാരത് ട്രെയിൻ ഓട്ടോറിക്ഷയിലിടിച്ച സംഭവത്തില്‍ കേസെടുത്ത് ആർപിഎഫ്. വർക്കലയ്‌ക്കടുത്ത് അകത്തുമുറിയിലാണ് അപകടമുണ്ടായത്. കാസർകോട് നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന വന്ദേഭാരത് ട്രെയിൻ ഓട്ടോറിക്ഷയിലിടിക്കുകയായിരുന്നു. സംഭവത്തില്‍ ഓട്ടോ ഡ്രൈവർ കല്ലമ്പലം സ്വദേശി സുധിക്കെതിരെയാണ് പോലീസ് കേസെടുത്തത്.
പ്ലാറ്റ്ഫോം ഭാഗത്തുകൂടി ഓടിവന്ന ഓട്ടോറിക്ഷ ട്രാക്കിലേയ്ക്ക് വീണതാണെന്നാണ് വിവരം. ഓട്ടോറിക്ഷ ട്രാക്കില്‍ കിടക്കുന്നതുകണ്ട ട്രെയിൻ എമർജൻസി ബ്രേക്കിട്ടാണ് നിർത്തിയത്. പ്ളാറ്റ്‌ഫോമിന്റെ പകുതിയോളം ദൂരം ട്രെയിൻ ഓട്ടോയെ വലിച്ചുകൊണ്ടുപോവുകയും ചെയ്തു. റെയില്‍വെ ട്രാക്കില്‍ എങ്ങനെ ഓട്ടോ വന്നു എന്ന് വ്യക്തമല്ല.
ഡ്രൈവർ സുധി മദ്യലഹരിയിലായിരുന്നു. ഇയാള്‍ നിലവിലും മദ്യലഹരിയിലായതിനാല്‍ ആർപിഎഫിന് മൊഴി രേഖപ്പെടുത്താൻ സാധിച്ചിട്ടില്ല. അപകടത്തില്‍ ഓട്ടോ നിശേഷം തകർന്നു. ഓട്ടോയില്‍ മറ്റാരും ഉണ്ടായിരുന്നില്ല. അപകടത്തിന് പിന്നാലെ ട്രെയിൻ മണിക്കൂറുകളോളം വൈകി.

Whatsapp Group 1 | Whatsapp Group 2 |Telegram Group


