
മംഗളൂരു: പാകിസ്താന് വേണ്ടി ചാരപ്പണി നടത്തിയതിന് ഉഡുപ്പിയിലെ കപ്പല്‍ശാലയിലെ രണ്ട് ജീവനക്കാർ പിടിയിൽ. ഉത്തർപ്രദേശ് സ്വദേശികളായ രോഹിത്, സാന്ദ്രി എന്നിവരാണ് പിടിയിലായത്. സുഷമ മറൈൻ പ്രൈവറ്റ് ലിമിറ്റഡ് വഴി കൊച്ചിൻ ഷിപ്പ്യാർഡിന്റെ മാല്‍പെ യൂണിറ്റില്‍ കരാർ അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്നവരാണ് പ്രതികൾ. പ്രതികളെ കർണാടക പൊലീസാണ് അറസ്റ്റ് ചെയ്തത്.
18 മാസത്തിലേറെയായി ഇരുവരും കപ്പല്‍ശാലയ്ക്കുള്ളിലെ തന്ത്രപ്രധാനമായ വിവരങ്ങള്‍ പങ്കുവയ്ക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇന്ത്യൻ നാവികസേനയ്ക്കും സ്വകാര്യ ക്ലയന്റുകള്‍ക്കും വേണ്ടി നിർമിക്കുന്ന കപ്പലുകളുടെ വിശദാംശങ്ങള്‍ ഈ രേഖകളില്‍ ഉള്‍പ്പെടുന്നു. വിവരങ്ങള്‍ വാട്സ്ആപ്പ് വഴി പാകിസ്താനിലെ ഹാൻഡ്ലർമാർക്ക് അയച്ചതായാണ് വിവരം. കൊച്ചിൻ ഷിപ്പ്യാർഡ് സിഇഒയുടെ പരാതിയിലാണ് അറസ്റ്റ്.
പ്രതികള്‍ ചോർത്തിയ വിവരങ്ങളുടെ സ്വഭാവം ദേശീയ സുരക്ഷയെയും പ്രവർത്തന രഹസ്യത്തേയും അപകടപ്പെടുത്താൻ സാധ്യതയുള്ളതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഇരുവരും വലിയ ശൃംഖലയിലെ കണ്ണികളാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ഇരുവരുടെയും അറസ്റ്റോടെ തീരദേശ മേഖലയില്‍ വൻ സുരക്ഷാ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group



