
ഭോപ്പാല്‍: കഫ് സിറപ്പ് ദുരന്തത്തില്‍ ശ്രീശന്‍ ഫാര്‍മ ഉടമ അറസ്റ്റില്‍. രംഗനാഥനെയാണ് മധ്യപ്രദേശ് പൊലീസ് ചെന്നൈയില്‍ നിന്ന് അറസ്റ്റ് ചെയ്തത്.
കോള്‍ഡ്രിഫ് സിറപ്പ് കഴിച്ച് കുട്ടികള്‍ മരിച്ചതിനു പിന്നാലെ കമ്ബനി ഉടമയായ രംഗനാഥനും കുടുംബവും ഒളിവില്‍ പോയിരുന്നു. പിന്നാലെ എസ്‌ഐടി രൂപീകരിച്ച് അന്വേഷണം നടക്കുന്നതിനിടെയാണ് ഫാര്‍മ കമ്ബനി ഉടമ പിടിയിലായത്.
അതേസമയം, കഫ് സിറപ്പ് കഴിച്ച് മധ്യപ്രദേശില്‍ രണ്ട് കുട്ടികള്‍ കൂടി മരിച്ചു. ഇതോടെ മധ്യപ്രദേശില്‍ കഫ് സിറപ്പ് ദുരന്തത്തില്‍ മരിച്ച കുട്ടികളുടെ എണ്ണം 21 ആയി ഉയര്‍ന്നു. ചിന്ദ്വാര ജില്ലയില്‍ മാത്രം 18 കുട്ടികളാണ് മരിച്ചത്. അതേസമയം ഇന്നലെ മരിച്ച 2 കുട്ടികളും ചിന്ദ്വാര ജില്ലയ്ക്ക് പുറത്തുള്ളവരാണ്. അയല്‍ ജില്ലകളായ ബേതുല്‍, പാണ്ഡുര്‍ന ജില്ലകളിലായി മൂന്ന് കുട്ടികളാണ് മരിച്ചത്. കഫ് സിറപ്പ് കഴിച്ച് നാഗ്പുരില്‍ ചികിത്സയില്‍ കഴിയുന്ന അഞ്ച് കുട്ടികള്‍ ഇപ്പോഴും ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കഫ് സിറപ്പ് നിര്‍മിച്ച കാഞ്ചീപുരത്തെ ശ്രേസന്‍ ഫാര്‍മ യൂണിറ്റുകളില്‍ എസ്‌ഐടി പരിശോധന സംഘം പരിശോധന തുടരുകയാണ്. കോള്‍ഡ്രിഫ് സിറപ്പ് കഴിച്ച് മരിച്ച കുട്ടികളില്‍ വൃക്കസംബന്ധമായ തകരാറുകള്‍ കണ്ടെത്തിയിട്ടുണ്ട്. സിറപ്പില്‍ 48.6% ഡൈഎത്തിലീന്‍ ഗ്ലൈക്കോള്‍ അടങ്ങിയിരുന്നതായി എസ്‌ഐടി കണ്ടെത്തിയിരുന്നു. വ്യവസായിക മേഖലയില്‍ ഉപയോഗിക്കുന്ന ഒരു വിഷ രാസവസ്തുവാണ് ഇത്.
അതേസമയം, സിറപ്പ് കഴിച്ച് ചികിത്സയിലായിരുന്ന പ്രതീക് പവാര്‍ എന്ന ഒരു വയസ്സുള്ള ആണ്‍കുട്ടിക്ക് രോഗം ഭേദമായി. നാഗ്പുരിലെ ഒരു ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടി കഴിഞ്ഞ ദിവസം രോഗമുക്തി നേടിയതായി അധികൃതര്‍ അറിയിച്ചു. കോള്‍ഡ്രിഫ് സിറപ്പ് മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തിട്ടുണ്ടോയെന്ന കാര്യത്തില്‍ ലോകാരോഗ്യ സംഘടന കഴിഞ്ഞ ദിവസം ഇന്ത്യയോട് വിശദീകരണം ചോദിച്ചിരുന്നു. സംഭവത്തില്‍ സംസ്ഥാനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയവും നിര്‍ദേശം നല്‍കിയിട്ടുണ്ട്.