മരിച്ചുപോയ അച്ഛനെക്കുറിച്ചു മോശമായി സംസാരിച്ചു; വാക്കുതർക്കത്തിനിടെ കല്ലുകൊണ്ട് ഇടിച്ചും തൊഴിച്ചും വയോധികനെ കൊലപ്പെടുത്തി; വിദേശത്ത് ഒളിവിലായിരുന്ന പ്രതി 31 ‌വർഷത്തിനു ശേഷം അറസ്റ്റിൽ

Spread the love

ചെങ്ങന്നൂർ:വാക്കുതർക്കത്തിനിടെ കല്ലുകൊണ്ട് ഇടിച്ചും തൊഴിച്ചും വയോധികനെ കൊലപ്പെടുത്തിയ കേസിലെ പ്രതി 31 വർഷത്തിനു ശേഷം അറസ്റ്റിൽ.

ചെറിയനാട് അരിയന്നൂർശേരി ചെന്നംകോടത്ത് കുട്ടപ്പപ്പണിക്കരെ (71) കൊലപ്പെടുത്തിയ കേസിൽ അരിയന്നൂർശേരി കുറ്റിയിൽ പടീറ്റതിൽ ജയപ്രകാശിനെ(57)യാണ് ചെന്നിത്തലയിലെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തത്. 1994 നവംബർ 15നാണ് കേസിനാസ്പദമായ സംഭവം.

കുട്ടപ്പപ്പണിക്കർ കൊല്ലപ്പെട്ടതിനു പിന്നാലെ സൗദിയിലെ ജോലിസ്ഥലത്തേക്കു മടങ്ങിയ പ്രതി സംഭവ സ്ഥലത്തുനിന്ന് ഏതാനും കിലോമീറ്റർ മാത്രം അകലെയുള്ള ഭാര്യവീട്ടിൽ പലതവണ വന്നുപോയിട്ടും പൊലീസിനോ നാട്ടുകാർക്കോ കണ്ടെത്താനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സൗദിയിൽ നിന്നു ജയപ്രകാശ് അവധിക്കു നാട്ടിലെത്തിയപ്പോഴായിരുന്നു കൊലപാതകം. മരിച്ചുപോയ അച്ഛനെക്കുറിച്ചു മോശമായി സംസാരിച്ച കുട്ടപ്പപ്പണിക്കരെ വീടിനു സമീപത്തെ കനാൽറോഡിൽ കല്ലുകൊണ്ട് ഇടിച്ചും തൊഴിച്ചും ഗുരുതരമായി പരുക്കേൽപിച്ചെന്നാണു കേസ്.

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഡിസംബർ 4നാണ് കുട്ടപ്പപ്പണിക്കർ മരിച്ചത്. പിന്നാലെ മുംബൈയിലേക്കു കടന്ന ജയപ്രകാശ് സൗദിയിലെ ജോലിസ്ഥലത്തേക്കു പോയി.

പിന്നാലെ നാട്ടിലെ സ്ഥലം വിറ്റ് അമ്മയും സഹോദരങ്ങളും ഉൾപ്പെടെ കാഞ്ഞങ്ങാട്ടേക്ക് താമസം മാറ്റി. ഏറെ കാലത്തിനു ശേഷം കാഞ്ഞങ്ങാട് സ്വദേശിയെന്നു പരിചയപ്പെടുത്തി ചെന്നിത്തലയിൽനിന്നു വിവാഹിതനായ ജയപ്രകാശ് കുറച്ചു നാളുകൾക്കു ശേഷം ചെന്നിത്തലയിൽ സ്വന്തമായി വീടുവച്ചു താമസമാക്കുകയായിരുന്നു.

ഇയാളെ പ്രതിയാക്കി 1997 ഏപ്രിൽ 30നു ചെങ്ങന്നൂർ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. പല തവണ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചെങ്കിലും കണ്ടെത്താനായില്ല. 1999ൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു.

ജില്ലാ പൊലീസ് മേധാവി രൂപീകരിച്ച സ്ക്വാഡിന്റെ അന്വേഷണത്തിലാണു പ്രതി സൗദിയിൽ നിന്ന് അവധിക്കു വീട്ടിൽ എത്തിയതായി അറിഞ്ഞത്. 26നു മടങ്ങാനിരിക്കെയാണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.