വട്ടിപ്പലിശക്കാരുടെ ഭീഷണിയെ തുടർന്ന് വീട്ടമ്മ ജീവനൊടുക്കിയ സംഭവം; റിട്ട. പോലീസുകാരന്റെ മകൾ കസ്റ്റഡിയിൽ

Spread the love

കൊച്ചി: പലിശക്ക് പണം കടം കൊടുത്തവരുടെ ഭീഷണിയെ തുടർന്ന് വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തിൽ
പ്രതിയായ പൊലീസുകാരന്‍റെ മൂത്ത മകള്‍ കസ്റ്റഡിയിൽ. സർക്കാർ ഉദ്യോഗസ്ഥയായ മകൾക്ക് കേസുമായി ബന്ധമില്ലെന്നും അകാരണമായി ഇവരെ അറസ്റ്റ് ചെയ്യാൻ അനുവദിക്കില്ലെന്നും പറഞ്ഞ് ഇവരുടെ അഭിഭാഷകർ പൊലീസിനെ തടയുകയായിരുന്നു.

ഇതോടെ കോടതിയിൽ നിന്ന് പ്രത്യേക അനുമതി പത്രം എത്തിച്ച ശേഷമാണ് രാത്രി വൈകി പ്രതികളുടെ മകളെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. കേസിൽ പ്രതിചേർക്കപ്പെട്ട പൊലീസ് ഉദ്യോഗസ്ഥൻ പ്രദീപിന്‍റെ ഭാര്യ ബിന്ദുവിന്‍റെയും മകളെ കസ്റ്റഡിയിലെടുക്കാനാണ് പൊലീസെത്തിയത്.

കൊച്ചി കലൂരിലാണ് പൊലീസ് നടപടിയെ അഭിഭാഷകര്‍ തടഞ്ഞത്. ബലം പ്രയോഗിച്ചാണ് പൊലീസ് മകളെ കസ്റ്റഡിയിലെടുത്തതെന്നും മജിസ്ട്രേറ്റിനെ തെറ്റിദ്ധരിപ്പിച്ചാണ് മജിസ്ട്രേറ്റിന്‍റെ ഉത്തരവ് വാങ്ങിയതെന്നും അഭിഭാഷകര്‍ ആരോപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആശയുടെ മരണവുമായി ബന്ധപ്പെട്ട് കേസിൽ പ്രതിചേര്‍ക്കപ്പെട്ട പ്രദീപും ബിന്ദുവും ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. പ്രദീപിന്‍റെയും ബിന്ദുവിന്‍റെയും ഒപ്പം മകളും കഴിഞ്ഞ ദിവസം ആശയുടെ വീട്ടിലെത്തി ഭീഷണി മുഴക്കിയതായി ആരോപണം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിൽ മകളെ കൂടി കസ്റ്റഡിയിലെടുത്ത് പ്രതിചേര്‍ക്കാൻ പൊലീസ് തീരുമാനിക്കുകയായിരുന്നു.

തുടര്‍ന്ന് വൈകുന്നേരം 7.30ഓടെ കലൂരിലുള്ള യുവതിയുടെ ഭര്‍ത്താവിന്‍റെ സ്ഥാപനത്തിലെത്തി കസ്റ്റഡിയിലെടുക്കാൻ നീക്കം നടത്തിയതും അഭിഭാഷകര്‍ പ്രതിഷേധിച്ചതും. രാത്രി സ്ത്രീയെ കസ്റ്റഡിയിലെടുക്കണമെങ്കിൽ മജിസ്ട്രേറ്റിന്‍റെ ഉത്തരവ് വേണമെന്നും വനിത പൊലീസ് വേണമെന്നും അഭിഭാഷകര്‍ പറഞ്ഞു. ഇതോടെയാണ് പിന്നീട് പൊലീസ് മജിസ്ട്രേറ്റിന്‍റെ ഉത്തരവുമായി എത്തി പ്രതികളുടെ മകളെ കസ്റ്റഡിയിലെടുത്തത്.

പറവൂർ കോട്ടുവള്ളിയിൽ പലിശക്ക് പണം കടം കൊടുത്തവരുടെ ഭീഷണിയെ തുടർന്ന് വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തിൽ ആത്മഹത്യാപ്രേരണയ്ക്കാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

പുഴയില്‍ ചാടി മരിച്ച ആശയുടെ ആത്മഹത്യാക്കുറിപ്പിന്‍റെ പശ്ചാത്തലത്തിലാണ് റിട്ടയര്‍ഡ് പൊലീസ് ഉദ്യോഗസ്ഥന്‍ പ്രദീക് കുമാര്‍, ഭാര്യ ബിന്ദു എന്നിവര്‍ക്കെതിരെ നടപടി. ആശയും ബിന്ദുവും തമ്മില്‍ നടത്തിയ ലക്ഷങ്ങളുടെ സാമ്പത്തിക ഇടപാടും അന്വേഷിക്കുന്നുണ്ട്. സംഭവത്തില്‍ പൊലീസ് വീഴ്ച ആരോപിച്ച് ആശയുടെ കുടുംബം രംഗത്തുവന്നു.