കോടികൾ വിലയുള്ള വീര്യം കൂടിയ എം.ഡി.എം.എയുമായി എത്തിയത് രണ്ടു യുവാക്കൾ; എക്‌സൈസ് സംഘത്തെ കണ്ട് അമിത വേഗത്തിൽ വെട്ടിച്ചു മാറ്റിയ കാർ ഓടയിൽ വീണു; കാർ പരിശോധിച്ച എക്‌സൈസ് സംഘം കണ്ടെത്തിയത് ലക്ഷങ്ങൾ വിലയുള്ള എം.ഡി.എംഎയും, രണ്ട് ഐ ഫോണും; അതിരമ്പുഴ ആർപ്പൂക്കര സ്വദേശികളായ യുവാക്കൾ പിടിയിൽ
തേർഡ് ഐ ക്രൈം
കോട്ടയം: വിപണിയിൽ കോടികൾ വിലയുള്ള എം.ഡി.എം.എ എന്ന വീര്യം കൂടിയ ലഹരിമരുന്നു കോട്ടയം ജില്ലയിൽ വിൽക്കാൻ എത്തിച്ച അതിരമ്പുഴ, ആർപ്പൂക്കര സ്വദേശികളായ രണ്ടു യുവാക്കൾ എക്‌സൈസ് പിടിയിലായി. വിദ്യാർത്ഥികൾക്കും, ഗുണ്ടാ മാഫിയ സംഘാംഗങ്ങൾക്കും വിതരണം ചെയ്യാനുള്ള വീര്യം കൂടിയ എം.ഡി.എം.എ എന്ന ലഹരി മരുന്നാണ് മാഫിയ സംഘം ജില്ലയിലേയ്ക്കു കാറിൽ കടത്തിയിരുന്നത്.
അതിരമ്പുഴ വാമനപുരം വീട്ടിൽ താഹിർ ഷാഹുൽ (25), ആർപ്പൂക്കര ഷാനു മനസിൽ വീട്ടിൽ ബാദുഷാ കെ.നസീർ(28) എന്നിവരെയാണ് കടുത്തുരുത്തി എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ രാഗേഷ്. ബി.ചിറയത്തിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഞായറാഴ്ച വൈകിട്ട് അഞ്ചു മണിയോടെ കുറുപ്പുന്തറയിലായിരുന്നു സംഭവങ്ങൾ. കുറുപ്പന്തറ ബസ്സ് സ്റ്റാൻഡിന് സമീപം റോഡരികിൽ നിന്നാണ് മയക്കുമരുന്നുമായി പ്രതികൾ പിടിയിലായത്. രഹസ്യ വിവരത്തെ തുടർന്നു കടുത്തുരുത്തി എക്‌സൈസ് പട്രോളിംങ് സംഘം പ്രദേശത്ത് നിരീക്ഷണം നടത്തുകയായിരുന്നു. ഇതിനിടെയാണ് കാർ അമിത വേഗത്തിൽ എത്തിയത്.
എക്‌സൈസ് സംഘത്തെ കണ്ട് പ്രതികൾ സഞ്ചരിച്ച കാർ അതിവേഗം പിന്നോട്ടെടുത്ത് രക്ഷപെടാൻ ശ്രമിക്കവേ കാർ മൈൽ കുറ്റി തകർത്ത് ഓടയിൽ താഴുകയായിരുന്നു. കാറിൽ ഉണ്ടായിരുന്ന ഇവരുടെ പക്കൽ നിന്നും 18.800 ഗ്രാം മയക്കുമരുന്നും, കെ.എൽ.17. എസ്-3557 രജിസ്റ്റർ നമ്പരിലുള്ള സിലേറിയ കാറും, രണ്ട് ഐഫോണുകളും കണ്ടെടുത്തു.
അഞ്ചു ലക്ഷത്തോളം രൂപ വിലവരുന്ന എം.ഡി.എം.എ. വിഭാഗത്തിൽപ്പെട്ട മയക്കുമരുന്നാണിതെന്ന് എക്‌സൈസ് ഇൻസ്‌പെക്ടർ രാഗേഷ് ബി.ചിറയത്ത് തേർഡ് ഐ ന്യൂസ് ലൈവിനോടു പറഞ്ഞു. റെയ്ഡിൽ പ്രിവന്റീവ് ഓഫീസർമാരായ സി. സാബു, ഹരീഷ് ചന്ദ്രൻ, സിവിൽ എക്‌സൈസ് ആഫീസർമാരായ തോമസ് ചെറിയാൻ, ആനന്ദരാജ്, തൻസീർ, പ്രമോദ്, അശോക് ബി. നായർ, സിദ്ധാർത്ഥ്, വനിതാ സിവിൽ എക്‌സൈസ് ആഫീസർ മനീഷാ എന്നിവർ പങ്കെടുത്തു.