
അരൂര്‍: ഉയരപ്പാത നിര്‍മാണം നടക്കുന്ന ഇടങ്ങളിൽ പെയിൻ്റടിക്കാൻ എത്തിച്ച യന്ത്രവും ഭാഗങ്ങളും മോഷ്ടിച്ചുകടത്തി. നാലുപേരെ അരൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. നവംബര്‍ 24-ന് രാത്രി അരൂര്‍ വില്ലേജ് ഓഫിസിനു മുന്‍ഭാഗത്ത് യന്ത്രം കൊണ്ടുവെച്ച ദിവസം തന്നെയാണ് മോഷണം നടന്നത്. മൂന്നരലക്ഷം രൂപ വിലയുള്ള യന്ത്രം 2500 രൂപയ്ക്കാണ് ഇവര്‍ വിറ്റത്.
13 ദിവസത്തിനിടെ നടത്തിയ മാരത്തണ്‍ അന്വേഷണത്തിനൊടുവില്‍ 500 വാഹന നമ്പറുകള്‍ പരിശോധിച്ചും 100-ലധികം സിസിടിവികള്‍ നോക്കിയും അതിസാഹസികമായാണ് പോലീസ് പ്രതികളിലേക്ക് എത്തിയത്. കുമ്പളം കൈതവേലിക്കകത്ത് മഞ്ജുഷ് കുമാര്‍ (43), തമ്മനം നടത്തനാടുപറമ്പില് അനസ് എന്ന് വിളിക്കുന്ന റസാഖ് (54), കൈപ്പട്ടൂര്‍ വൃന്ദാവനംവീട്ടില്‍ അനീഷ് അനി (28), കുമ്പളം പറക്കാട്ടേഴത്തുവീട്ടില് സിജു (45)എന്നിവരെയാണ് അരൂര്‍ എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
ബാരിക്കേഡിനുള്ളില്‍ സുരക്ഷിതമായി സൂക്ഷിച്ച യന്ത്രം ഓട്ടോറിക്ഷയിലെത്തിയാണ് മോഷ്ടിച്ചത്. കംപ്രസര്‍ അടക്കമുള്ള ഭാഗം അടക്കമാണ് മോഷ്ടിച്ചത്. യന്ത്രവും ഭാഗങ്ങളും തമ്മനത്തുള്ള റസാഖിന്റെ ആക്രിക്കടയിലാണ് വിറ്റത്. യന്ത്രം പൊളിച്ച് ഇരുമ്പ്, കോയില്‍ തുടങ്ങി വിവിധ ഭാഗങ്ങളാക്കി കൂടിയ വിലയ്ക്ക് വില്‍ക്കാനായി സൂക്ഷിച്ചപ്പോഴാണ് പോലീസ് എത്തിയത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group


