
സ്വന്തം ലേഖകൻ
ഡല്‍ഹി: കോടതിയലക്ഷ്യ കേസിൽ നിരുപാധികം മാപ്പ് പറഞ്ഞ് റിപബ്ലിക് ടി.വി ചീഫ് എഡിറ്ററും മാനേജിങ് ഡയറക്ടറുമായ അർണബ് ഗോസ്വാമി. എനർജി ആൻഡ് റിസോഴ്‌സസ് ഇൻസ്റ്റിറ്റ്യൂട്ട് (ടി.ഇ.ആർ.ഐ) മുൻ മേധാവി ആർ.കെ പച്ചൗരി നൽകിയ ഹർജിയിലാണ് അര്‍ണബിന് മാപ്പുപറയേണ്ടിവന്നത്. ഡല്‍ഹി ഹൈക്കോടതിയിലാണ് മാപ്പു പറഞ്ഞത്.
2016ല്‍ പച്ചൗരി ഹർജി നല്‍കുമ്പോള്‍ അര്‍ണബ് ഗോസ്വാമി ടൈംസ് നൌവിലായിരുന്നു. പച്ചൗരിക്കെതിരായ ലൈംഗികാതിക്രമ ആരോപണം സംബന്ധിച്ച് വാർത്ത പ്രസിദ്ധീകരിക്കുന്നത് കോടതി വിലക്കിയിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ ഈ ഉത്തരവ് അർണബ് ഉള്‍പ്പെടെയുള്ള മാധ്യമപ്രവര്‍ത്തകര്‍ പാലിക്കുന്നില്ലെന്ന് ആരോപിച്ച് 2016 ഫെബ്രുവരിയിലാണ് പച്ചൗരി കോടതിയലക്ഷ്യ ഹർജി നല്‍കിയത്. തന്നെ മാധ്യമ വിചാരണയ്ക്ക് വിധേയനാക്കുകയാണെന്നും റിപ്പോർട്ടുകൾ അപകീർത്തികരമാണെന്നും പച്ചൗരി ഹരജിയിൽ പറഞ്ഞിരുന്നു. 2020ല്‍ അദ്ദേഹം അന്തരിച്ചു.
അര്‍ണബ് ഗോസ്വാമി ഏപ്രിൽ 28ന് കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നതിങ്ങനെ- “ബഹുമാനപ്പെട്ട കോടതിയോട് ഞാൻ മാപ്പ് ചോദിക്കുന്നു. മാപ്പപേക്ഷ സ്വീകരിച്ച് എനിക്കെതിരായ നടപടികൾ ഉടനടി അവസാനിപ്പിക്കാന്‍ ദയവുണ്ടാകണമെന്ന് അപേക്ഷിക്കുന്നു. ഈ കോടതിയുടെ ഉത്തരവുകൾ മനഃപൂർവം അനുസരിക്കാത്ത പ്രവൃത്തി ചെയ്യാൻ ഞാൻ ഉദ്ദേശിച്ചിരുന്നില്ല”.