ഷിരൂർ മണ്ണിടിച്ചിലില്‍ ദുരന്തം; കണ്ണീരോർമകൾക്ക് ഇന്ന് ഒരു വർഷം

Spread the love

കോഴിക്കോട്: ഷിരൂർ അപകടത്തിന് ഇന്ന് ഒരു വർഷം.മലയാളികൾ ഒന്നടങ്കം ഉറക്കമില്ലാതൈ കാത്തിരുന്ന 72 ദിവസങ്ങൾ. കഴി‍ഞ്ഞ വർഷം ജൂലൈ 16ന് ദേശീയപാതയോരത്ത് ലോറി നിർത്തിയിട്ട് ഉറങ്ങുകയായിരുന്ന ഡ്രൈവർ അർജുനും ലോറിയും അപ്രതീക്ഷിതമായുണ്ടായ മണ്ണിടിച്ചിലിൽ ഗംഗാവലി പുഴയിലേക്ക് പതിക്കുകയായിരുന്നു. മണ്ണിടിച്ചിലുണ്ടായ ആദ്യ ദിവസങ്ങളിലെല്ലാം ഷിരൂർ കുന്നിലും മണ്ണിടിഞ്ഞു വീണ ദേശീയപാതയിലുമാണ് തിരച്ചിൽ നടത്തിയിരുന്നത്.

അർജുനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് അമ്മയും ഭാര്യയും സഹോദരിയുമടക്കം കുടുംബം ഒന്നടങ്കം മുന്നോട്ടുവന്നു. എട്ടാം ദിവസമാണ് തിരച്ചിൽ പുഴയിലേക്ക് കേന്ദ്രീകരിക്കുന്നത്. പല തവണ നിർത്തിവച്ച തിരച്ചിൽ വീണ്ടും പുനരാരംഭിക്കാനും അർജുനെ കണ്ടെത്താനും ഒരു ജനസമൂഹം ഒന്നടങ്കം പരിശ്രമം നടത്തി.

ഒടുവിൽ സെപ്റ്റംബർ 25ന് അർജുന്റെ ലോറിയും മൃതദേഹവും പുഴയിൽ നിന്ന് ലഭിച്ചു. കരയിൽ നിന്ന് 60 മീറ്ററോളം അകലെ പുഴയുടെ ജലനിരപ്പിൽ നിന്ന് 12 മീറ്റർ ആഴത്തിലായിരുന്നു ലോറി. ലോറിയുടെ കാബിനിൽ കുടുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മണ്ണിടിച്ചിലുണ്ടായി എട്ടാം ദിവസം തന്നെ ലോറി പുഴയുടെ അടിത്തട്ടിലുണ്ടെന്ന് നേവിയുടെ റഡാർ, സോണർ‌ സിഗ്നൽ പരിശോധനകളിലൂടെ സ്ഥിരീകരിച്ചിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല.

നേവി അടയാളപ്പെടുത്തി നൽകിയ 4 പോയിന്റുകളിൽ രണ്ടാം പോയിന്റിലാണ് ലോറി കണ്ടെത്തിയത്. ഒരുപിടി സ്വപ്നങ്ങളുമായി ജൂലൈ എട്ടിന് കുടുംബാംഗങ്ങളോട് യാത്ര പറഞ്ഞ് വീടിന്റെ പടിയിറങ്ങിപ്പോയ അർജുൻ 82 രാപകലുകൾക്കിപ്പുറം സെപ്റ്റംബർ 28ന് വീട്ടുവളപ്പിൽ എരിഞ്ഞടങ്ങിയപ്പോൾ അനേകായിരങ്ങളാണ് വിടനൽകാൻ ഒഴുകിയെത്തിയത്.