
സ്വന്തം ലേഖകൻ
കമ്പം: തമിഴ്നാട്ടിൽ ഭീതി പടർത്തുന്ന കാട്ടാന അരിക്കൊമ്പനെ പിടിക്കാനുള്ള ദൗത്യത്തിന് രാവിലെ ആറ് മണിയോടെ തുടക്കമായി. ഇന്നലെ പകൽ നിന്ന സ്ഥലത്ത് നിന്ന് രാത്രിയോടെ ആന നീങ്ങിയിരുന്നു. നിലവിൽ ചുരുളി വെള്ളച്ചാട്ടത്തിന് സമീപത്തുനിന്ന് നീങ്ങി കൊമ്പൻ മേഘമല കടുവാ സങ്കേതത്തിൽ.
അതേസമയം കമ്പത്ത് നിരോധനാജ്ഞ നിലനിൽക്കുകയാണ്. ബൈപ്പാസിലൂടെ വാഹനങ്ങൾ കടത്തിവിടുന്നില്ല. അതേസമയം അരിക്കൊമ്പൻ ദൗത്യത്തിനായി കുങ്കി ആനകളെ തേനിയിൽ എത്തിച്ചിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്ന് പുലർച്ചെ ആന കൃഷിയിടത്തിലൂടെ പോയെന്ന് നാട്ടുകാർ പറഞ്ഞിരുന്നു. തോട്ടത്തിലെ ഗേറ്റ് തകർത്തുകൊണ്ട് ആന കൃഷിയിടത്തിന് ഉള്ളിലേക്ക് പ്രവേശിക്കുകയായിരുന്നു. കോടിലിംഗ ക്ഷേത്രത്തിന് സമീപത്ത് നിലയുറപ്പിച്ചിരിക്കുന്ന ആനയുടെ അടുത്തേക്ക് ദൗത്യസംഘം പുറപ്പെട്ടിട്ടുണ്ട്.
ഇന്നലെ രാവിലെ കമ്പം ടൗണിലിറങ്ങി പരാക്രമം നടത്തിയ അരിക്കൊമ്പൻ വനാതിർത്തി മേഖലയിലേക്ക് നീങ്ങുകയായിരുന്നു. ജനവാസ മേഖലയ്ക്ക് സമീപം വാഴത്തോട്ടത്തിൽ നിലയുറപ്പിച്ചിരുന്ന കൊമ്പൻ പുറത്തെത്തി ദേശീയപാത മുറിച്ചുകടന്നാണ് നീങ്ങിയത്.
ചിന്നക്കനാലിൽ നിന്ന് കേരള വനംവകുപ്പ് പിടികൂടി പെരിയാര്‍ വന്യജീവി സങ്കേതത്തിനുള്ളില്‍ തുറന്നുവിട്ട അരിക്കൊമ്പന്‍ കാടിന്‍റെയും നാടിന്‍റെയും പലഭാഗങ്ങളിലായി കറങ്ങി നടക്കുകയാണ്. പെരിയാറിൽ മുല്ലക്കൊടി മേദകാനം ഭാഗത്തായിരുന്നു അരിക്കൊമ്പനെ തുറന്നുവിട്ടത്. പിന്നീട് മംഗളദേവി വഴി തമിഴ്നാടിന്‍റെ അതിര്‍ത്തി മേഖലയിലേക്ക് കൊമ്പനെത്തുകയായിരുന്നു.



