
സ്വന്തം ലേഖകൻ
കമ്പം: മയക്കുവെടി വയ്ക്കാനും ആനയെ തുരത്താനുമുള്ള സര്‍വസന്നാഹങ്ങളുമായി വനംവകുപ്പ് സജ്ജമെങ്കിലും ആനകേറാമലയോളം വെല്ലുവിളികളാണ് ദൗത്യസംഘത്തിന് മുന്നിലുള്ളത്.
ചുരുളി വനമേഖലയിലാണ് അരിക്കൊമ്പനെന്നാണ് ലഭിച്ച വിവരമെങ്കിലും ഇതുവരെ ആനയെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ആന കാടുകയറിയെന്നും സൂചനയുണ്ട്. ജിപിഎസ് സിഗ്നല്‍ കുത്തനാച്ചിയാര്‍ റിസര്‍വ് ഫോറസ്റ്റിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. അരിക്കൊമ്പനെ ഇതുവരെ നേരില്‍ ലൊക്കേറ്റ് ചെയ്യാന്‍ സാധിക്കാത്തത് വലിയ വെല്ലുവിളിയായി മുന്നിലുണ്ട്. മാത്രവുമല്ല ആന കാട്ടിലേക്ക് നീങ്ങിയാല്‍ മയക്കുവെടി ഉള്‍പ്പെടെയുള്ള നടപടികളെടുക്കാന്‍ നിയമതടസവുമുണ്ടാകും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തമിഴ്നാട്ടിൽ ഭീതി പടർത്തുന്ന കാട്ടാന അരിക്കൊമ്പനെ പിടിക്കാനുള്ള ദൗത്യത്തിന് രാവിലെ ആറ് മണിയോടെ തുടക്കമായി. ഇന്നലെ പകൽ നിന്ന സ്ഥലത്ത് നിന്ന് രാത്രിയോടെ ആന നീങ്ങിയിരുന്നു. നിലവിൽ ചുരുളി വെള്ളച്ചാട്ടത്തിന് സമീപത്തുനിന്ന് നീങ്ങി കൊമ്പൻ മേഘമല കടുവാ സങ്കേതത്തിലെന്നും സൂചന.
അതേസമയം കമ്പത്ത് നിരോധനാജ്ഞ നിലനിൽക്കുകയാണ്. ബൈപ്പാസിലൂടെ വാഹനങ്ങൾ കടത്തിവിടുന്നില്ല. അതേസമയം അരിക്കൊമ്പൻ ദൗത്യത്തിനായി കുങ്കി ആനകളെ തേനിയിൽ എത്തിച്ചിട്ടുണ്ട്.
ഇന്ന് പുലർച്ചെ ആന കൃഷിയിടത്തിലൂടെ പോയെന്ന് നാട്ടുകാർ പറഞ്ഞിരുന്നു. തോട്ടത്തിലെ ഗേറ്റ് തകർത്തുകൊണ്ട് ആന കൃഷിയിടത്തിന് ഉള്ളിലേക്ക് പ്രവേശിക്കുകയായിരുന്നു. കോടിലിംഗ ക്ഷേത്രത്തിന് സമീപത്ത് നിലയുറപ്പിച്ചിരിക്കുന്ന ആനയുടെ അടുത്തേക്ക് ദൗത്യസംഘം പുറപ്പെട്ടിട്ടുണ്ട്.
ഇന്നലെ രാവിലെ കമ്പം ടൗണിലിറങ്ങി പരാക്രമം നടത്തിയ അരിക്കൊമ്പൻ വനാതിർത്തി മേഖലയിലേക്ക് നീങ്ങുകയായിരുന്നു. ജനവാസ മേഖലയ്ക്ക് സമീപം വാഴത്തോട്ടത്തിൽ നിലയുറപ്പിച്ചിരുന്ന കൊമ്പൻ പുറത്തെത്തി ദേശീയപാത മുറിച്ചുകടന്നാണ് നീങ്ങിയത്.
ചിന്നക്കനാലിൽ നിന്ന് കേരള വനംവകുപ്പ് പിടികൂടി പെരിയാര്‍ വന്യജീവി സങ്കേതത്തിനുള്ളില്‍ തുറന്നുവിട്ട അരിക്കൊമ്പന്‍ കാടിന്‍റെയും നാടിന്‍റെയും പലഭാഗങ്ങളിലായി കറങ്ങി നടക്കുകയാണ്. പെരിയാറിൽ മുല്ലക്കൊടി മേദകാനം ഭാഗത്തായിരുന്നു അരിക്കൊമ്പനെ തുറന്നുവിട്ടത്. പിന്നീട് മംഗളദേവി വഴി തമിഴ്നാടിന്‍റെ അതിര്‍ത്തി മേഖലയിലേക്ക് കൊമ്പനെത്തുകയായിരുന്നു.
ആനയെ കണ്ടെത്തിയാലും നിരവധി പ്രശ്‌നങ്ങള്‍ പിന്നെയും പരിഹരിക്കാനുണ്ട്. വെള്ളച്ചാട്ടത്തിന് സമീപത്തുനിന്ന് ആനയെ നിരപ്പായ പ്രദേശത്തേക്ക് മാറ്റിക്കൊണ്ട് മാത്രമേ മയക്കുവെടി വയ്ക്കാന്‍ സാധിക്കൂ. വെള്ളച്ചാട്ടത്തിന് സമീപത്തുവച്ച് മയക്കുവെടി വയ്ക്കുന്നത് അപകടകരമാണ്.
തൊട്ടടുത്ത് ജനവാസ മേഖലയുള്ളതാണ് അടുത്ത വെല്ലുവിളി. മാത്രമല്ല ആന ചുരുളിയിലേക്ക് കയറുമ്പോള്‍ കടന്നുവന്ന പ്രദേശങ്ങളില്‍ ധാരാളം കൃഷിയിടങ്ങളുമുണ്ട്. കാട്ടാന കൃഷി നശിപ്പിക്കുന്നതില്‍ നാട്ടുകാര്‍ ഇപ്പോള്‍ തന്നെ പ്രതിഷേധം അറിയിച്ചും കഴിഞ്ഞു. ദൗത്യത്തിനായി വളരെ സൂക്ഷ്മതയോടെ നീങ്ങേണ്ട സാഹചര്യമാണ് ഇപ്പോള്‍ വനംവകുപ്പിന് മുന്നിലുള്ളത്.
ശ്രീവില്ലി പുത്തൂര്‍ മേഘമലെ ടൈഗര്‍ റിസര്‍വ് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്കാണ് മിഷന്‍ അരി കൊമ്പന്റെ ചുമതല. മയക്കു വെടി വെക്കാന്‍ ഹെസൂര്‍ ഡിവിഷനില്‍ നിന്ന് ഡോ. കലൈവാനനും മധുരാ ഡിവിഷനില്‍ നിന്ന് ഡോ. പ്രകാശും ആണ് എത്തിയിരിക്കുന്നത്. മുത്തു, സ്വയംഭൂ എന്നീ രണ്ട് കുങ്കിയാനകളാണ് അരിക്കൊമ്പനെ തുരത്താനായി തയാറെടുത്തിരിക്കുന്നത്.



