അരിക്കൊമ്പനെ കേരളത്തിന് കൈമാറണമെന്ന ഹർജി തള്ളി; തീറ്റയും വെള്ളവും ഇല്ലാത്ത സാഹചര്യമില്ലെന്നും കാലാവസ്ഥയുമായി ആന ഇണങ്ങിയതായും കോടതി
സ്വന്തം ലേഖകൻ
ചെന്നൈ: അരിക്കൊമ്പനെ കേരളത്തിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. നിലവിൽ അരിക്കൊമ്പനുള്ള സ്ഥലത്തുനിന്നു മാറ്റേണ്ട സാഹചര്യമില്ലെന്നു വ്യക്തമാക്കിയാണ് മദ്രാസ് ഹൈക്കോടതിയുടെ ഫോറസ്റ്റ് ബെഞ്ച് ഹർജി തള്ളിയത്.
കൊച്ചി സ്വദേശി റെബേക്ക ജോസഫ് നൽകിയ ഹർജി ആണ് കോടതി തള്ളിയത്. നേരത്തെ മധുര ബെഞ്ചും ഹർജി തള്ളിയിരുന്നു. ഇതിനുശേഷമാണ് ഫോറസ്റ്റ് ബെഞ്ചിനു ഹർജി കൈമാറിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക്, അഞ്ചാം നമ്പർ കോടതിയിലാണ് ഹർജി പരിഗണിച്ചത്. അരിക്കൊമ്പനു തീറ്റയും വെള്ളവും ഇല്ലാത്ത സാഹചര്യമില്ലെന്നും കാലാവസ്ഥയുമായി ആന ഇണങ്ങിയതായും കോടതി പറഞ്ഞു. അതുകൊണ്ടു തന്നെ തിരുനെൽവേലി അംബാസമുദ്രത്തിലെ കളക്കാട് – മുണ്ടൻതുറെ കടുവസങ്കേതത്തിനുള്ളിലെ അപ്പർ കോതയാർ വനമേഖലയിൽ തുറന്നുവിട്ട തമിഴ്നാട് സർക്കാരിന്റെ നടപടി റദ്ദാക്കേണ്ട സാഹചര്യമില്ലെന്നും കോടതി വ്യക്തമാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ 5നു പുലർച്ചെയാണു മയക്കുവെടിയുതിർത്ത് കമ്പത്തുനിന്ന് അരിക്കൊമ്പനെ പിടികൂടിയത്. തുമ്പിക്കൈ, കാലുകൾ എന്നിവിടങ്ങളിലെ മുറിവിനു പ്രത്യേക ചികിത്സ നൽകിയാണു തിരുനെൽവേലിയിലെത്തിച്ചത്. നിലവിൽ അരിക്കൊമ്പൻ എവിടെയാണെന്നു സംബന്ധിച്ച് കൃത്യമായ വിവരമില്ല. റേഡിയോ കോളർ സിഗ്നൽ ഇടയ്ക്കു മുറിയുന്നതിനാൽ അരിക്കൊമ്പൻ എവിടെ എന്നതിന്റെ പേരിൽ അഭ്യൂഹങ്ങൾ ശക്തമാണ്. കാട്ടാന കോതയാർ ഡാമിനു 200–300 മീറ്റർ പരിസരത്തുണ്ടെന്നും ഇന്നലെ രാവിലെ ഒൻപതിനു സിഗ്നൽ ലഭിച്ചെന്നും വനം വകുപ്പ് അറിയിച്ചു. കഴിഞ്ഞ 2 ദിവസങ്ങളിലായി സിഗ്നൽ ഇടയ്ക്ക് നഷ്ടമാകുന്നതാണ് അഭ്യൂഹത്തിനിടയാക്കിയത്. അരിക്കൊമ്പൻ ഉൾക്കാട്ടിലേക്കു പോയിരിക്കാമെന്നും പ്രചാരണമുണ്ടായി.