‘ആരിഫ് മുഹമ്മദ് ഖാന്റെ മനസ്സില്‍ നന്മയുണ്ട്’; ഗവർണർ സ്ഥാനത്ത് അടുത്ത അഞ്ചുവർഷംകൂടെ തുടരട്ടേയെന്ന് കോണ്‍ഗ്രസ് നേതാവും മുൻ ആഭ്യന്തരമന്ത്രിയുമായ തിരുവഞ്ചൂർ
കോട്ടയം: ഗവർണർ സ്ഥാനത്ത് ആരിഫ് മുഹമ്മദ് ഖാൻ അഞ്ചുവർഷംകൂടെ തുടരട്ടേയെന്ന് കോണ്‍ഗ്രസ് നേതാവും മുൻ ആഭ്യന്തരമന്ത്രിയുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എല്‍.എ.
കോട്ടയം സൂര്യകാലടി മനയിലെ വിനായകചതുർഥി സമാരംഭസഭ ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടകനായ ചടങ്ങില്‍ അദ്ദേഹം വേദിയിലിരിക്കേ ആയിരുന്നു പരാമർശം.
മലയാളത്തിലുള്ള തിരുവഞ്ചൂരിന്റെ പ്രസംഗത്തെ ചിരിയോടയും കൈയ്യടിയോടയും ഗവർണർ സ്വാഗതംചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
‘ഗവർണർ അടുത്ത അഞ്ചുവർഷം കൂടി ഈ കേരളത്തില്‍തന്നെ വരട്ടെ എന്ന് പ്രാർഥിക്കുകയാണ്. ഈ മനയില്‍വന്നുപോയി, പ്രാർഥനാനിരതമായ അന്തരീക്ഷത്തില്‍നിന്ന് മടങ്ങിയവരാരും ഒരു വിഷമത്തിലുംപെട്ടിട്ടില്ല. അവർ ശ്രേയസിലേക്കേ വരികയുള്ളൂവെന്ന് എനിക്ക് നന്നായി അറിയാം.
അഞ്ചുവർഷം പൂർത്തിയാക്കുന്ന ഗവർണർക്ക് വീണ്ടും സംസ്ഥാനത്തിന്റെ തലവൻ എന്ന നിലയില്‍ നില്‍ക്കാനാവും എന്ന് ഞാൻ ഉറച്ചുവിശ്വസിക്കുകയാണ്’, എന്നായിരുന്നു തിരുവഞ്ചൂരിന്റെ വാക്കുകള്‍.
പരാമർശം വാർത്തയായതോടെ പ്രതികരണം തേടിയ മാധ്യമങ്ങളോട് തിരുവഞ്ചൂർ നിലപാട് ആവർത്തിച്ചു. സ്ഥാനത്ത് ഉണ്ടായിരുന്ന അഞ്ചുകൊല്ലം, അദ്ദേഹം സാന്നിധ്യം നന്നായി അറിയിച്ചു. അതില്‍ ശരികാണുന്നവരും തെറ്റുകാണുന്നവരുമുണ്ട്. അദ്ദേഹത്തിന് സ്ഥാനം നീട്ടിക്കൊടുക്കണോയെന്ന് തീരുമാനിക്കേണ്ടത് കേന്ദ്രസർക്കാരും രാഷ്ട്രപതിയുമാണ്. നീട്ടിക്കിട്ടണമെന്ന് ആഗ്രഹിക്കുന്ന ആളുകള്‍ കേരളത്തിലുണ്ട്. ആരിഫ് മുഹമ്മദ് ഖാന്റെ മനസില്‍ നന്മയുണ്ടെന്ന വിശ്വാസക്കാരനാണ് താൻ.
അത് സമൂഹത്തിന് ഗുണംചെയ്യുന്ന വിധത്തില്‍ പോസിറ്റീവായി വിനിയോഗിക്കാൻ പറ്റണം. ആ നിലയ്ക്ക് അദ്ദേഹത്തിന് നീട്ടിക്കിട്ടണമെന്നതില്‍ തർക്കമൊന്നുമില്ലെന്നും തിരുവഞ്ചൂർ വ്യക്തമാക്കി.
‘ഗവർണർ പല നിലപാടും സ്വീകരിച്ചിട്ടുണ്ടല്ലോ.
ചിലപ്പോള്‍ അനുകൂലമായും ചിലപ്പോള്‍ പ്രതികൂലമായും. നിഷ്പക്ഷമായി നോക്കുമ്ബോള്‍, വരവരച്ചാല്‍ അതില്‍ നില്‍ക്കുന്ന ആളല്ല. അതിനപ്പുറവും ഇപ്പുറവുംപോവും.
വിഷയങ്ങളുടെ അടിസ്ഥാനത്തിലാണ് നിലപാടുകള്‍ എടുക്കുന്നത് എന്ന് തോന്നുന്നു. അത് രാഷ്ട്രപതിക്ക് തൃപ്തികരമാവുകയാണെങ്കില്‍ തുടരട്ടെ, അല്ലെങ്കില്‍ പോകട്ടെ. ജനങ്ങളെ സംബന്ധിച്ചിടത്തോളം ചില സമയങ്ങളില്‍ ഗവർണറുടെ ഇടപെടല്‍ വളരെ ഗുണകരമായിട്ടുണ്ട്. അത് എല്ലാ സന്ദർഭത്തിലും എന്നുഞാൻ പറയുന്നുമില്ല’, അദ്ദേഹം കൂട്ടിച്ചേർത്തു.