കോട്ടയം ഓക്സിജൻ ഷോറൂമിലെ മോഷണം: സൂത്രധാരനായ ബംഗളുരു സ്വദേശി പിടിയിൽ: മോഷണം നടത്തിയത് അഞ്ചംഗ സംഘം
ക്രൈം ഡെസ്ക്
കോട്ടയം: കോട്ടയം നഗരമധ്യത്തിലെ ഓക്സിജൻ ഷോറൂമിൽ അർദ്ധ രാത്രി നടന്ന മോഷണവുമായി ബന്ധപ്പെട്ട് പ്രധാന സൂത്രധാരൻ അറസ്റ്റിൽ. ബംഗളൂരുവിലെ മൊബൈൽ ഫോൺ ഷോറൂം ഉടമ മുസ്ലിം കോളനിയിൽ ഷബാസി (27) നെയാണ് വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ എം.ജെ അരുണിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
ഒക്ടോബർ ആദ്യവാരമാണ് നഗരമധ്യത്തിൽ തിരുനക്കര മൈതാനത്തിന് സമീപത്തെ ഓക്സിജൻ ഡിജിറ്റൽ ഷോപ്പിൽ മോഷണം നടന്നത്. ഷോപ്പിലെ ഷട്ടറിൽ വിടവ് ഉണ്ടാക്കിയ മോഷ്ടാക്കൾ ഈ വിടവിലുടെ ഉള്ളിൽ കയറി മൊബൈൽഫോൺ മോഷ്ടിക്കുകയായിരുന്നു. 15 ലക്ഷത്തോളം രൂപ വിലവരുന്ന 65 മൊബൈൽ ഫോണുകളാണ് സംഘം കവർന്നത്. ഒപ്പോ സാംസങ് വിവോ കമ്പനികളുടെ മൊബൈൽ ഫോണുകളാണ് മോഷ്ടിച്ചത്. 15000 രൂപയ്ക്ക് മുകളിൽ വില വരുന്ന ഫോണുകൾ ആയിരുന്നു എല്ലാം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഷട്ടർ ഉയർത്തി വെളുപ്പിന് മോഷണം നടത്തുന്ന ആളുകളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പറ്റി വിവരം ലഭിച്ചത്. തുടർന്ന് ജില്ലാ പൊലീസ് മേധാവി പി.എസ് സാബു, ഡിവൈ.എസ്.പി ആർ.ശ്രീകുമാർ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം അന്യ സംസ്ഥാനത്തേക്ക് വ്യാപിപ്പിക്കുകയായിരുന്നു.
മോഷണം നടത്തുന്നതിന് പ്രതികൾക്ക് വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് മൊബൈൽ ഫോൺ കണക്ഷൻ എടുത്ത് നൽകിയത് ഇപ്പോൾ അറസ്റ്റിലായ ഷബാസ് ആണെന്ന് പൊലീസ് പറയുന്നു. പ്രതികൾ മോഷണത്തിന് തയ്യാറെടുക്കുകയാണ് അറിഞ്ഞുകൊണ്ടുതന്നെയാണ് വ്യാജ സിം കാർഡുകൾ നൽകിയിരിക്കുന്നത്. മോഷണത്തിനെത്തിയ പ്രതികൾ ഉപയോഗിച്ച സിം കാർഡുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് സ്ഥാപന ഉടമയെ കുടുക്കിയത്.
ആകെ അഞ്ചു പ്രതികളാണ് കേസിലുള്ളത്. ഇപ്പോൾ പിടിയിലായ ഷബാസ് ആണ് ബംഗളൂരുവിൽ നിന്ന് മോഷണം ആസൂത്രണം ചെയ്തത്. മറ്റു നാല് പ്രതികൾ ചേർന്നാണ് ജില്ലയിലെത്തി മോഷണം നടത്തിയത്. സമാനരീതിയിൽ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ ഈ സംഘം മോഷണം നടത്തിയതായി സൂചനയുണ്ട്. കേസിൽ ഉൾപ്പെട്ട മറ്റു പ്രതികളെയും പറ്റി വിവരം ലഭിച്ചിട്ടുണ്ട്. ഇവരെ ഉടൻ പിടികൂടുമെന്ന് പൊലീസ് പറഞ്ഞു. ബാംഗ്ലൂരിൽ പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തിൽ വെസ്റ്റ് എസ്.ഐ ടി.ശ്രീജിത്ത്, എസ്.ഐ വി.എസ് ഷിബിക്കുട്ടൻ, എ.എസ്.ഐ പി.എൻ മനോജ് , സിവിൽ പൊലീസ് ഓഫിസർമാരായ ബൈജു, ശ്യാം, സൈബർ സെല്ലിലെ സീനിയർ സി പി ഒ മനോജ് എന്നിവരും ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കും.