
കോട്ടയം: അരവിന്ദനോർമ്മകളുടെ തമ്പായി മാറിയ അരവിന്ദം നാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിന് സിഎംഎസ് കോളജ് കാമ്പസ് തീയറ്ററിൽ തുടക്കം.
രാഷ്ട്രീയ വിശകലനങ്ങളോടെ സമൂഹത്തെ സമീപിച്ച ഉത്തരായനത്തോടെയാണ് അരവിന്ദൻ ലോക സിനിമയുടെ അരങ്ങിലേക്ക് മലയാളത്തെ ചേർത്തു നിർത്തിയതെന്ന് അരവിന്ദം ഉദ്ഘാടനം ചെയ്ത് സംവിധായകൻ ബ്ലെസി പറഞ്ഞു.
മദ്യം വാങ്ങിത്തരുന്നവർക്ക് മുന്നിൽ സംഗീതത്തെ വിൽക്കേണ്ടി വരുന്ന ഒരു സാഹചര്യം അതിലൂടെ അവതരിപ്പിക്കുന്നു. ഹൃദയത്തിൻ രോമാഞ്ചം സ്വരരാഗ ഗംഗയായ് പകരുന്ന മണിവീണ മൂകമായ് എന്ന മധുരഗാനം പകരുന്നത് ഇത്തരത്തിലുള്ള സാമൂഹ്യ സാഹചര്യങ്ങളെയാണ് മുന്നോട്ടു വയ്ക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സാമൂഹ്യ വിമർശനം മുഖമുദ്രയാക്കിയചെറിയ മനുഷ്യരും വലിയ ലോകവും എന്ന വിപുലമായ കാർട്ടൂൺ പരമ്പര അരവിന്ദൻ സിനിമകളുടെ ദിശാസൂചകമാണെന്ന് ബ്ലെസി ചൂണ്ടിക്കാട്ടി.
തിരുവല്ലയിലെ സുദൃശ്യ എന്ന ഫിലിം സൊസൈറ്റിയിൽ നിന്നാണ് എൻ്റെ തുടക്കം. വർഷങ്ങൾക്ക് മുമ്പ് തിരുവല്ലയിൽ അരവിന്ദൻ ചലച്ചിത്രോത്സവം സംഘടിപ്പിച്ചത് എൻ്റെ അനുഭവമാണ്.
തിരുവല്ല ബസ് സ്റ്റാൻഡിൽ നിന്ന് ദീപ തീയറ്ററിലേക്ക് തലച്ചുമടായി കൊണ്ടുപോയതാണ് എൻ്റെ തുടക്കത്തിലെ സിനിമാപ്രവർത്തണം. എൻ്റെ ഗുരുനാഥൻ പദ്മരാജൻ ഗുരുജിയെന്നാണ് അരവിന്ദനെ വിളിച്ചിരുന്നത്. ഇതെല്ലാം കൊണ്ട് അരവിന്ദം ഷോർട്ട് ഫിലിം ഫെസ്റ്റ് ആർദ്രമായ അനുഭവമാണ് പകരുന്നത്, ബ്ലെസി പറഞ്ഞു.
ഭാരതീയമായ ദർശനങ്ങൾ ലോകസമക്ഷം എത്തിക്കാൻ സിനിമയ്ക്ക് സാധിക്കണമെന്ന് മുഖ്യ പ്രഭാഷണം നടത്തിയ പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകൻ ജെ. നന്ദകുമാർ പറഞ്ഞു. ബോളിവുഡ്, കോളിവുഡ്, ടോളിവുഡ് തുടങ്ങിയവയ്ക്കപ്പുറം നമുക്ക് ഭാരത് വുഡ് സിനിമകൾ ഉണ്ടാകണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
തമ്പ് ഫിലിം സൊസൈറ്റി പ്രസിഡൻ്റ് ഏറ്റുമാനൂർ രാധാകൃഷ്ണൻ അധ്യക്ഷനായി. ഫെസ്റ്റിവൽ ഡയറക്ടർ വിജയകൃഷ്ണൻ, തമ്പ് സെക്രട്ടറി അഡ്വ. അനിൽ ഐക്കര, ട്രഷറർ മനു മറ്റക്കര എന്നിവർ സംസാരിച്ചു.