ആറന്മുള ക്ഷേത്രത്തിനുള്ളിലെ പെയ്ഡ് വള്ളസദ്യ: പിന്മാറി ദേവസ്വം ബോർഡ്; ബുക്ക് ചെയ്തവർക്ക് പണം തിരികെ നൽകും

Spread the love

പത്തനംതിട്ട: ആറന്മുള ക്ഷേത്രത്തിനുള്ളിലെ പെയ്ഡ് വള്ളസദ്യ നടത്തിപ്പിൽ നിന്ന് പിന്മാറി തിരുവിതാംകൂർ ദേവസ്വം ബോർഡ്. പള്ളിയോട സേവാ സംഘത്തിന്റെ എതിർപ്പിന് പിന്നാലെയാണിത്. നാളത്തെ വള്ള സദ്യ റദ്ദാക്കിയിട്ടുണ്ട്. 250 രൂപ നൽകി ബുക്ക് ചെയ്തവർക്ക് പണം തിരികെ നൽകുമെന്ന് ദേവസ്വം ബോർഡ് അറിയിച്ചു.

കഴിഞ്ഞ ഞായറാഴ്ചയാണ് പെയ്ഡ് വള്ളസദ്യ ക്ഷേത്രത്തിനുള്ളിൽ നടത്താൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിക്കുന്നത്. അത് നടത്തുകയും ചെയ്തിരുന്നു. തുടർന്ന് പള്ളിയോട സേവാ സംഘത്തിന്റെ ഭാ​ഗത്തുനിന്നും ഹൈന്ദവ സംഘടനയുടെ ഭാ​ഗത്തുനിന്നും പ്രതിഷേധം ഉയർന്നിരുന്നു. ക്ഷേത്രത്തിനുള്ളിൽ വള്ള സദ്യ നടത്തുകയാണെങ്കിൽ പള്ളിയോടത്തെ എതിരേറ്റുകൊണ്ടുവന്ന് അവിടുത്തെ വഴിപാട് ക്രമങ്ങളും ആചാരങ്ങളും പാലിച്ച് വേണം നടത്തേണ്ടത് എന്നായിരുന്നു പള്ളിയോട സേവാ സംഘത്തിന്റെ ആവശ്യം. ക്ഷേത്ര വളപ്പിന് പുറത്താണെങ്കിൽ പെയ്ഡ് വള്ളസദ്യ നടത്തുന്നതിൽ എതിർപ്പില്ല. ക്ഷേത്രത്തിനുള്ളിൽ ആണെങ്കിൽ കൃത്യമായ ആചാരങ്ങളും വഴിപാട് ക്രമങ്ങളും അനുസരിക്കണം.

കഴിഞ്ഞ ഞായാറാഴ്ച ആരംഭിച്ച ക്ഷേത്രത്തിനുള്ളിലെ പെയ്ഡ് വള്ളസദ്യയുമായി ദേവസ്വം ബോർഡ് മുന്നോട്ട് പോയിരുന്നു. തുടർന്നാണ് പ്രതിഷേധം ഉണ്ടായത്. പിന്നീട് ഇതുമായി മുന്നോട്ട് പോകാൻ സർക്കാരിന് താൽപ്പര്യമില്ല എന്ന് ദേവസ്വം ബോർഡ് അറിയിക്കുകയായിരുന്നു. കൂടുതൽ പ്രശ്നങ്ങളിലേക്ക് പോകാൻ താൽപ്പര്യമില്ലെന്ന് മന്ത്രി അറിയിക്കുകയായിരുന്നു. ഞായറാഴ്ചകളിൽ പെയ്ഡ് വള്ളസദ്യ നടത്തുന്നതിൽ നിന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പിന്മാറിയതായി കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചേർന്ന യോ​ഗത്തിലാണ് അറിയിച്ചത്. നാളെ കൂടി വള്ളസദ്യയുടെ ബുക്കിങ് നടത്തിയിരുന്നു. അതിന്റെ പണം ബുക്ക് ചെയ്തവർക്ക് തിരികെ നൽകുമെന്ന് ദേവസ്വം ബോർഡ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group