
കൊച്ചി: അറബിക്കടലിൽ മറ്റൊരു കപ്പലിനു കൂടി തീ പിടിച്ചു. എന്നാൽ തീ നിയന്ത്രണവിധേയമായെന്നും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും കോസ്റ്റ്ഗാർഡ് അറിയിച്ചു. മലേഷ്യയിലെ പോര്‍ട്ട് ക്ലാങ്ങിൽ നിന്ന് മുംബൈയിലെ നവ ഷേവ തുറമുഖത്തേക്ക് വന്ന ഇന്ററേഷ്യ ടെനാസിറ്റി എന്ന കപ്പലിലെ കണ്ടെയ്നറുകളിലൊന്നിലാണ് തീ പിടിച്ചത്.
രാവിലെ 8.40നായിരുന്നു ഇക്കാര്യം കോസ്റ്റ്ഗാർഡിനെ അറിയിക്കുന്നത്. കൊച്ചി തീരത്ത് നിന്ന് 50 നോട്ടിക്കൽ മൈൽ ദൂരത്തു വച്ചാണ് തീപിടിത്തം ഉണ്ടായതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പറയുന്നു.
തീപിടിത്തം ഉണ്ടായ വിവരം അറിഞ്ഞ ഉടൻ കോസ്റ്റ്ഗാർഡിന്റെ ഓഫ്ഷോർ കപ്പലായ സാചേതിനെ രക്ഷാദൗത്യത്തിനായി നിയോഗിച്ചു. കോസ്റ്റ്ഗാർഡിന്റെ ഡോണിയർ വിമാനവും നിരീക്ഷണത്തിനായി നിയോഗിച്ചു. എന്നാല്‍ കപ്പലിലെ തീ നിയന്ത്രണവിധേയമായെന്ന് മാസ്റ്റർ പിന്നീട് കോസ്റ്റ്ഗാർഡിനെ അറിയിക്കുകയായിരുന്നു. കൂടുതൽ സഹായം ആവശ്യമില്ലെന്നും വ്യക്തമാക്കി. കപ്പൽ ഇപ്പോൾ മുംബൈ തീരത്തേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണെന്നും കപ്പലിനെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും കോസ്റ്റ്ഗാർഡ് വ്യക്തമാക്കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എൽഇഡി/ലിഥിയം ബാറ്ററികളാണ് കപ്പലിൽ ഉള്ളത് എന്നാണ് വിവരം. ജൂൺ എട്ടിന് പോര്‍ട്ട് ക്ലാങ്ങിൽ നിന്ന് പുറപ്പെട്ട് നാളെ മുംബൈയിൽ എത്തേണ്ടതാണ് കപ്പൽ. 20 ദിവസത്തിനുള്ളിൽ മൂന്നാമത്തെ കപ്പലിനാണ് കേരള തീരത്ത് വച്ച് തീ പിടിക്കുന്നത്. മേയ് 25ന് ആലപ്പുഴ തോട്ടപ്പിള്ളി സ്പിൽവേയിൽ നിന്ന് 14.6 നോട്ടിക്കൽ മൈൽ അകലെ മുങ്ങിയ എംഎസ്‍സി എൽസ 3 കപ്പലിലെ ഇന്ധനമടക്കം നീക്കം ചെയ്യാനുള്ള ജോലികൾ നടന്നുവരികയാണ്.
അതിനിടെയാണ്, ഇക്കഴിഞ്ഞ തിങ്കളാഴ്ച, ജൂൺ ഒമ്പതിന് കണ്ണൂർ അഴീക്കൽ തീരത്തു നിന്ന് 44 നോട്ടിക്കൽ മൈൽ അകലെ വച്ച് വാൻഹായ് 503 എന്ന കപ്പലിന് തീ പിടിക്കുന്നത്. കപ്പലിലെ തീ ഇതുവരെ പൂർണമായി അണച്ചു കഴിഞ്ഞിട്ടില്ലെങ്കിലും നിയന്ത്രണവിധേയമാണ്.