play-sharp-fill
ഏപ്രിൽ ഫൂളായി കുമളിയിൽ മറിഞ്ഞ വണ്ടി കൊന്നത് 48 പേരെ..! മറുപടി പറഞ്ഞു വലഞ്ഞു പൊലീസ്

ഏപ്രിൽ ഫൂളായി കുമളിയിൽ മറിഞ്ഞ വണ്ടി കൊന്നത് 48 പേരെ..! മറുപടി പറഞ്ഞു വലഞ്ഞു പൊലീസ്

സ്വന്തം ലേഖകൻ

കോട്ടയം: ഏപ്രിൽ ഫൂളിന്റെ പേരിൽ തമാശയ്ക്ക് കാട്ടിക്കൂട്ടുന്ന വിക്രിയകൾ പലപ്പോഴും വലിയ പാരയായി മാറാറുണ്ട്. ഇത്തരത്തിൽ വാട്‌സ് അപ്പിൽ തലയും വാലുമില്ലാതെ ഇത്തവണ ഏപ്രിൽ ഒന്നിന് പ്രചരിച്ച സന്ദേശത്തിന്റെ തുമ്പ് പിടിച്ച് പുലിവാലിലായിരിക്കുകയാണ് കുമളി പൊലീസ്. മുട്ടൻ പണി കിട്ടിയതോടെ സന്ദേശമുണ്ടാക്കിയവനെ തപ്പിയിറങ്ങിയിരിക്കുകയാണ് പൊലീസ്.
ഏപ്രിൽ ഒന്നിന് രാവിലെയാണ് ഏതോ തമാശക്കാരൻ – കുമളിയിൽ വാഹനാപകടം ടൂറിസ്റ്റ് ബസും , തമിഴ്‌നാട് ട്രാൻസ്‌പോർട്ട് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 48 പേർ മരിച്ചതായും, 62 പേർ ആശുപത്രിയിൽ കഴിയുന്നതായും, 17 പേർ അതീവ ഗുരുതരാവസ്ഥയിൽ – ഇത്തരത്തിൽ ഒരു സന്ദേശം സോഷ്യൽ മീഡിയ വഴി പ്രചരിച്ചത്. ഏപ്രിൽ ഒന്നിന് മാത്രം ഈ സന്ദേശം വ്യാപകമായി മൂന്നാർ, കുമളി മേഖലകളിലും ഇടുക്കി ജില്ലയുടെ വിവിധ പ്രദേശങ്ങളിലും പ്രചരിച്ചു. നാട്ടുകാരും, മാധ്യമ പ്രവർത്തകരും അടക്കമുള്ളവർ ഉടൻ തന്നെ പൊലീസിനെ ബന്ധപ്പെട്ടുകൊണ്ടിരുന്നു. വിവരം തിരക്കി വിളിച്ചവരോട് ആദ്യം
എന്തു പറയണമെന്നറിയാതെ പൊലീസ് സംഘം അന്തം വിട്ടു നിന്നു. വാർത്തയുടെ ഉറവിടം വാട്‌സ്അപ്പാണെന്നറിഞ്ഞതോടെ പിന്നെ പൊലീസിനും കാര്യങ്ങൾ ഏകദേശം പിടികിട്ടി. ഏപ്രിൽ ഫൂൾ സന്ദേശമാണെന്ന് ആളുകളെ സമാധാനിപ്പിക്കുകയായിരുന്നു ആദ്യ ദിവസം പൊലീസ് ചെയ്തത്.
എന്നാൽ, ഓരോ ദിവസം കഴിയുന്തോറും വിളിയുടെ എണ്ണം കൂടിക്കൂടി വരികയായിരുന്നു. ഇതോടെയാണ് പൊലീസ് തലവേദനയായ ഏപ്രിൽ ഫൂൾ സന്ദേശം പടച്ചവനെ തപ്പിയിറങ്ങിയത്. എന്നാൽ, ഇതുവരെയും വ്യാജ സന്ദേശത്തിന്റെ ഉപജ്ഞാതാവിനെ കണ്ടെത്താനായിട്ടില്ല.