
കോട്ടയം: 2025ൽ എസ്.എസ്.എൽ.സി. പാസ്സായതും നിലവിൽ പ്ലസ് വൺ സയൻസ് /വി.എച്.എസ്.സി കോഴ്സിന് ഒന്നാം വർഷ പഠനത്തോടൊപ്പം മെഡിക്കൽ /എൻജിനീയറിങ് എൻട്രൻസ് പരിശീലനം നടത്തുന്ന പട്ടികജാതി വിദ്യാർഥികൾക്ക് ഓരോ വർഷവും പതിനായിരം രൂപ വീതം അനുവദിക്കുന്ന വിഷൻ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.
സയൻസ്, ഇംഗ്ലീഷ്, കണക്ക് എന്നീ വിഷയങ്ങൾക്ക് ബി പ്ലസിൽ കുറയാത്ത ഗ്രേഡ് വാങ്ങി പാസ്സായ എസ്.എസ്.എൽ.സി തത്തുല്യം യോഗ്യതയുള്ള വിദ്യാർഥികൾക്കും ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് വിഷയത്തിൽ സി. ബി.എസ്.ഇ, ഐ.സി.എസ്.ഇ സിലബസ്സിൽ പത്താം ക്ലാസ്സിൽ യഥാക്രമം എ2, എ ഗ്രേഡുകൾ നേടി വിജയിച്ചിട്ടുള്ള വിദ്യാർഥികൾക്കും പദ്ധതിയിലേക്ക് അപേക്ഷിക്കാം.
ജില്ലയിൽ ഈ പദ്ധതിക്കായി എംപാനൽ ചെയ്തിട്ടുള്ള സ്ഥാപനങ്ങളിൽ (ബ്രില്യന്റ് സ്റ്റഡി സെന്റർ പാലാ, ദർശന അക്കാദമി കോട്ടയം, ടാലെന്റ് അക്കാദമി പാലാ, എക്സലന്റ് ഇൻസ്റ്റിറ്റ്യൂട്ട് വൈക്കം) പരിശീലനം നടത്തുന്നവർക്കാണ് ധനസഹായം നൽകുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അപേക്ഷകർ കോട്ടയം ജില്ലയിൽ സ്ഥിരതാമസമുള്ളവരും കുടുംബവാർഷികവരുമാനം ആറു ലക്ഷം രൂപയിൽ കവിയാത്തവരുമായിരിക്കണം. അപേക്ഷകർ എസ്.എസ്.ൽ.സി. സർട്ടിഫിക്കറ്റ്, ജാതി, വരുമാന സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, പ്ലസ് വണ്ണിന് പഠിക്കുന്ന സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം, എൻട്രൻസ് പരിശീലനം നേടുന്ന സ്ഥാപനത്തിൽ നിന്നുള്ള സാക്ഷ്യപത്രം, ഫീസടച്ചതിന്റെ രസീത് എന്നിവ സഹിതം നിശ്ചിത അപേക്ഷാഫോമിലുള്ള അപേക്ഷ ജില്ലാ പട്ടികജാതി വികസന ഓഫീസർക്ക് ഓഗസ്റ്റ് 31 നകം നൽകണം.
അപേക്ഷ ഫോമിനും കൂടുതൽ വിവരങ്ങൾക്കുമായി കോട്ടയം പട്ടികജാതിവികസന ഓഫീസിലോ ബ്ലോക്ക് /മുനിസിപ്പാലിറ്റി പട്ടികജാതിവികസന ഓഫീസിലോ ബന്ധപ്പെടണം. ഫോൺ: 0481 2562503.