ഇന്ത്യയില്‍ ടാറ്റ ഗ്രൂപ്പുമായി ആപ്പിളിന് കൂടുതല്‍ സഹകരണം; ഐഫോണ്‍, മാക്‌ബുക്ക് റിപ്പയര്‍ കരാറായതായി റിപ്പോര്‍ട്ട്

Spread the love

ദില്ലി: ഐഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിള്‍ കമ്പനി ഇന്ത്യയില്‍ ടാറ്റ ഗ്രൂപ്പുമായി പങ്കാളിത്തം വര്‍ധിപ്പിക്കുന്നു. ഐഫോണുകളുടെയും മാക്‌ബുക്കുകളുടെയും ഇന്ത്യയിലെ ഔദ്യോഗിക റിപ്പയര്‍ പങ്കാളികളായി ടാറ്റയെ ആപ്പിള്‍ തെരഞ്ഞെടുത്തതായാണ് ഇന്ത്യ ടുഡെ അടക്കമുള്ള ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഇതിനകം ഇന്ത്യയില്‍ ഐഫോണുകള്‍ അസ്സംബിള്‍ ചെയ്യുന്ന പ്രധാന കമ്പനികളിലൊന്നാണ് ടാറ്റ ഗ്രൂപ്പ്.

ചൈനയ്ക്ക് പുറത്തേക്ക് ഉല്‍പന്നങ്ങളുടെ നിര്‍മ്മാണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതില്‍ നിര്‍ണായക പങ്കാളികളായി ഇന്ത്യയിലെ ടാറ്റ ഗ്രൂപ്പിനെ യുഎസ് ടെക് ഭീമന്‍മാരായ ആപ്പിള്‍ കാണുന്നു. ദക്ഷിണേന്ത്യയില്‍ നിലവില്‍ മൂന്ന് ഐഫോണ്‍ അസെംബിള്‍ യൂണിറ്റുകള്‍ ടാറ്റയ്ക്കുണ്ട്. ചില ഘടകങ്ങള്‍ നിര്‍മ്മിക്കുന്ന മറ്റൊരു യൂണിറ്റും ഇവിടെ ടാറ്റ ഗ്രൂപ്പിനുണ്ട്. ഇപ്പോള്‍ ആപ്പിളിന്‍റെ വില്‍പനാനന്തര റിപ്പയര്‍ ഓപ്പറേഷന്‍സ് ചുമതലയും സ്വന്തമാക്കിയിരിക്കുകയാണ് ടാറ്റ ഗ്രൂപ്പ്. കര്‍ണാടകയിലുള്ള ആപ്പിളിന്‍റെ അസെംബിള്‍ യൂണിറ്റിലായിരിക്കും ഐഫോണുകളുടെ റിപ്പയര്‍ നടത്തുക. പ്രാഥമികമായ റിപ്പയറുകള്‍ ആപ്പിളിന്‍റെ ഔദ്യോഗിക സര്‍വീസ് സെന്‍ററുകള്‍ തുടര്‍ന്നും തുടരുമെങ്കിലും ഐഫോണുകളുടെയും മാക്‌ബുക്കുകളുടെയും സങ്കീര്‍ണമായ റിപ്പയറുകള്‍ കര്‍ണാടകയിലെ യൂണിറ്റിലാവും നടക്കുക.

നിലവില്‍ ലോകത്തിലെ രണ്ടാമത്തെ വലിയ സ്മാര്‍ട്ട്‌ഫോണ്‍ മാര്‍ക്കറ്റാണ് ഇന്ത്യ. വിലയേറെയെങ്കിലും ഐഫോണുകളുടെ വില്‍പന രാജ്യത്ത് വര്‍ധിച്ചിട്ടുണ്ട്. 2020ല്‍ വെറും ഒരു ശതമാനം വിപണി വിഹിതമാണ് സ്മാര്‍ട്ട്‌ഫോണ്‍ വില്‍പനയില്‍ ആപ്പിളിന് ഇന്ത്യയില്‍ ഉണ്ടായിരുന്നതെങ്കില്‍ 2024ല്‍ അത് ഏഴ് ശതമാനത്തിലേക്ക് ഉയര്‍ന്നു. ഈ വളര്‍ച്ച ഐഫോണുകളുടെ റിപ്പയര്‍ രംഗത്തും കുതിപ്പിന് ഇടയാക്കും എന്നാണ് പ്രതീക്ഷ. അമേരിക്കയിലേക്ക് ഇന്ത്യയില്‍ നിന്ന് ഐഫോണുകളുടെ കയറ്റുമതി ആപ്പിള്‍ വര്‍ധിപ്പിച്ച പശ്ചാത്തലത്തില്‍ക്കൂടിയാണ് ഇന്ത്യയിലെ പുതിയ പദ്ധതികളുടെ വിവരം പുറത്തുവന്നത്. ജൂണ്‍ പാദത്തില്‍ യുഎസില്‍ വിറ്റഴിഞ്ഞ കൂടുതല്‍ ഐഫോണുകളും മെയ്‌ഡ് ഇന്‍ ഇന്ത്യയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group