
എ.കെ ശ്രീകുമാർ
കോട്ടയം: കുപ്പിയ്ക്കും ക്യൂവിനുമുള്ള ആപ്പിനെപ്പറ്റി സംസ്ഥാന സർക്കാർ ചർച്ച നടത്തിത്തുടങ്ങിയതേയുള്ളൂ. സർക്കാർ ആപ്പിറക്കും മുൻപ് ആപ്പിന്റെ വ്യാജനെ കളത്തിലിറക്കിയിരിക്കുകയാണ് സോഷ്യൽ മീഡിയ. ബിവറേജസ് കോർപ്പറേഷന്റെ മദ്യ വിൽപ്പനയ്ക്കുള്ള ആപ്പെന്ന പേരിലാണ് ശനിയാഴ്ച രാവിലെ മുതൽ സോഷ്യൽ മീഡിയയിൽ ലിങ്ക് പറക്കുന്നത്.
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ ലിങ്ക് ഇങ്ങനെ –
*എത്തി പോയി ആപ്പ് – BEVCO online app*
https://play.google.com/store/apps/details?id=com.app.drink.app
https://play.google.com/store/apps/details?id=com.app.drink.app
കഴിഞ്ഞ ദിവസമാണ് സംസ്ഥാന സർക്കാർ മദ്യവിൽപ്പനയ്ക്കായി ക്യൂ സംവിധാനം ഏർപ്പെടുത്തുന്നതിനായി ആപ്ലിക്കേഷന് അപേക്ഷ ക്ഷണിച്ചത്. സ്റ്റാർട്ട്അപ്പ് കമ്പനികളിൽ നിന്നായിരുന്നു സർക്കാർ അപേക്ഷ ക്ഷണിച്ചിരുന്നതും. എന്നാൽ, ഇതു സംബന്ധിച്ചുള്ള ചർച്ചകളും തയ്യാറെടുപ്പുകളും കഴിഞ്ഞ ദിവസമാണ് പൂർത്തിയായത്. കമ്പനി ആപ്പ് തയ്യാറാക്കി ചൊവ്വാഴ്ച ട്രയൽ റൺ നടത്തുമെന്നു ശനിയാഴ്ച രാവിലെ വാർത്തയും പുറത്തു വന്നു. എന്നാൽ, ഇതിനു പിന്നാലെ തന്നെ ബിവറേജസ് കോർപ്പറേഷന്റെ മദ്യം വാങ്ങുന്നതിനുള്ള ആപ്പെന്ന പേരിൽ ഈ ലിങ്ക് വാട്‌സ്അപ്പിൽ സജീവമാകുകയായിരുന്നു.
ഡ്രിങ്ക് – ബാർസ്, പബ്‌സ്, ബിവ്‌കോ എറൗണ്ട് മി എന്ന പേരിലുള്ള ആപ്ലിക്കേഷനാണ് ബിവറേജസ് കോർപ്പറേഷന്റെയാണ് എന്ന പേരിൽ പ്രചരിച്ചത്. ഓവിഡ് സൊല്യൂഷൻസ് എന്ന കമ്പനി 2017 ൽ നിർമ്മിച്ച ആപ്ലിക്കേഷനാണ് ബിവറേജസിന്റേത് എന്ന പേരിൽ വാട്‌സ്അപ്പിൽ കറങ്ങിയത്. നൂറുകണക്കിനു ഗ്രൂപ്പുകളിൽ ഈ ആപ്ലിക്കേഷൻ കറങ്ങുകയും ചെയ്തു. എന്നാൽ, തേർഡ് ഐ ന്യൂസ് ലൈവ് നടത്തിയ അന്വേഷണത്തിൽ ഫെയർകോൺ ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്റ്റാർട്ടപ്പ് കമ്പനിയ്ക്കാണ് സംസ്ഥാന സർക്കാർ ആപ്ലിക്കേഷൻ നിർമ്മിക്കുന്നതിനായി കരാർ നൽകിയിരിക്കുന്നത് എന്ന് കണ്ടെത്തി. തുടർന്നു തേർഡ് ഐ ന്യൂസ് ലൈവ് സംഘം ഈ കമ്പനി അധികൃതരെ ബന്ധപ്പെട്ടു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഓവിഡ് സൊല്യൂഷൻസിന്റെ ആപ്ലിക്കേഷനുമായി തങ്ങൾക്കു ബന്ധമില്ലെന്നായിരുന്നു ഇവരുടെ വാദം. ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ആപ്ലിക്കേഷൻ വ്യാജമാണെന്നു ഇവർ ഉറപ്പിച്ചു പറഞ്ഞു. സംസ്ഥാനത്തെ ബിവറേജസ് കോർപ്പറേഷന്റെ മദ്യവിൽപ്പന ശാലയ്ക്കു മുന്നിലെ ക്യൂ നിയന്ത്രിക്കുന്നതിനായുള്ള ആപ്ലിക്കേഷനും, പ്ലാറ്റ്‌ഫോമുമാണ് തങ്ങൾ ഉദ്ദേശിക്കുന്നതെന്നു ഫെയർകോൺ ടെക്‌നോളജീസ് അധികൃതർ തേർഡ് ഐ ന്യൂസ് ലൈവിനോടു പറഞ്ഞു.
എസ്.എം.എസ് വഴിയും, ആൻഡ്രോയിഡും അല്ലാത്തതുമായ പ്ലാറ്റ്‌ഫോമുകൾ വഴിയും വളരെ വേഗത്തിൽ തന്നെ ക്യൂ ബുക്ക് ചെയ്യാൻ സാധിക്കുന്ന സംവിധാനമാണ് ഉദ്ദേശിക്കുന്നത്. സംസ്ഥാനത്തെ മദ്യ ഉപഭോക്താക്കളിൽ 90 ശതമാനവും സാധാരണ ഫോണുകൾ ഉപയോഗിക്കുന്നവരാണ്. ഇവർക്ക് ആൻഡ്രോയിഡ് ഫോൺ ഉപയോഗിക്കുക സാധ്യമാകില്ല. ഈ സാഹചര്യത്തിൽ എസ്.എം.എസ് വഴി പോലും ക്യൂവിൽ ബുക്കിങ് ഉറപ്പാക്കാൻ സാധിക്കും. ഇതു വഴി ലഭിക്കുന്ന ടോക്കണുമായി ബിവറേജിലോ, മദ്യവിൽപ്പന ശാലയിലോ എത്തുകയും മദ്യം വാങ്ങി മടങ്ങാം.
ആദ്യ ദിവസം തന്നെ മദ്യ ഉപഭോക്താക്കളുടെ തള്ളിക്കയറ്റം പ്രതീക്ഷിച്ചു തന്നെയാണ് തങ്ങൾ പ്ലാറ്റ്‌ഫോം തയ്യാറാക്കുന്നത് എന്നു ഫെയർകോൺ ടെക്‌നോളജീസ് അധികൃതർ പറയുന്നു. ആദ്യ ദിവസം മുതൽ കൂടുതൽ ആളുകളെ ഉൾക്കൊള്ളുന്ന സാങ്കേതിക വിദ്യ തന്നെ ഉപയോഗിക്കുന്നുണ്ട്. എത്ര ആളുകൾ തള്ളിക്കയറിയാലും ആപ്ലിക്കേഷൻ ഹാങ്ങ് ആകാതെ ഇരിക്കുന്നതിനും, സേവനം നഷ്ടമാകാതിരിക്കുന്നതിനുമുള്ള ക്രമീകരണവും ഒരുക്കിയിട്ടുണ്ട്. ഓരോ പ്രദേശത്തെയും മദ്യശാലകൾ എവിടെയാണ് എന്ന് അറിയുന്നതിനും, അടുത്തുള്ള മദ്യശാലകൾ കണ്ടെത്തുന്നതിനും പ്ലാറ്റ്‌ഫോമിൽ ക്രമീകരണവും ഒരുക്കുമെന്നും ഫെയർ കോൺ വ്യക്തമാക്കുന്നു.
ചൊവ്വാഴ്ച പരീക്ഷണം നടത്തിയ ശേഷം അടുത്ത ദിവസം തന്നെ ആപ്ലിക്കേഷനുമായി സജീവമായി ഇറങ്ങുന്നതിനാണ് പദ്ധതി. വ്യാഴാഴ്ച മുതൽ തന്നെ മദ്യവിൽപ്പന പുനരാരംഭിച്ചേക്കും.
ഇപ്പോൾ പ്രചരിക്കുന്ന വ്യാജ ആപ്പ് എന്ത് ലക്ഷ്യത്തോടെ ഉണ്ടാക്കിയതാണ് എന്ന കാര്യത്തിൽ പോലും വ്യക്തതയില്ല. ഈ ആപ്പ് ഡൗൺ ലോഡ് ചെയ്യുന്നവരുടെ വ്യക്തിഗത വിവരങ്ങൾ സ്വാഭാവികമായും ഈ കമ്പനിയ്ക്കു ലഭിക്കും. ഇവരുടെ മൊബൈലിലുള്ള കാര്യങ്ങളെല്ലാം കമ്പനിയ്ക്കു ലഭിക്കുന്നതാണ്. ഇത് ഇവർ ദുരുപയോഗം ചെയ്യുമോ എന്നതാണ് കണ്ടറിയേണ്ടത്.
ഇപ്പോൾ പ്രചരിക്കുന്ന വ്യാജ അപ്പ് ഡൗൺലോഡ് ചെയ്തുണ്ടാകുന്ന കഷ്ട നഷ്ടങ്ങൾക്ക് അവനവൻ മാത്രമായിരിക്കും ഉത്തരവാദിയും ..!