
ഒടിപിയും വന്നില്ല ആപ്പും കണ്ടില്ല: മദ്യശാലകൾ തുറന്നിട്ടും ആപ്പ് ഇതുവരെയും ട്രാക്കിലായില്ല; ഫെയർകോഡിന്റെ ഫെയ്‌സ്ബുക്കിൽ അസഭ്യവുമായി മദ്യ ഉപഭോക്താക്കൾ; വിശദീകരണവുമായി കമ്പനി
തേർഡ് ഐ ബ്യൂറോ
കോട്ടയം: സംസ്ഥാനത്തെ മദ്യ ഉപഭോക്താക്കൾക്കു ഏറെ പ്രതീക്ഷ നൽകി പ്രവർത്തനം ആരംഭിച്ച ഫെയർകോഡ് ടെക്‌നോളജീസിന്റെ ബെവ്ക്യു ആപ്പ് ആദ്യ ദിനം തന്നെ ചതിച്ചു. ബുധനാഴ്ച രാത്രി പത്തു മണിയോടെ പ്ലേ സ്റ്റോറിൽ എത്തിയ ആപ്പിനെപ്പറ്റി പരാതികൾ വ്യാപകം. ആപ്പ് പ്ലേ സ്റ്റോറിൽ സെർച്ച് ചെയ്തിട്ടു ലഭിക്കുന്നില്ലെന്നതാണ് പ്രധാന പരാതി. ഇത് കൂടാതെയാണ് ലിങ്ക് വഴി ആപ്പ് ഡൗൺലോഡ് ചെയ്തവർക്ക് ഒടിപി ലഭിക്കുന്നില്ലെന്ന പരാതിയും ഉയർന്നിരിക്കുന്നത്.
സംസ്ഥാനത്തെ മദ്യവിൽപ്പന ശാലകൾക്കു മുന്നിലെ ക്യൂ നിയന്ത്രിക്കാനും കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിനും വേണ്ടിയാണ് ബിവറേജസ് കോർപ്പറേഷൻ ചില്ലറ വിൽപ്പനശാലകൾക്കും, ബാറുകൾക്കും മുന്നിലെ ക്യൂ നിയന്ത്രിക്കാൻ ക്രമീകരണം ഒരുക്കിയത്. ഇതിനായി കൊച്ചിയിലെ സ്റ്റാർട്ട്അപ്പ് കമ്പനിയായ ഫെയർകോഡ് ടെക്‌നോളജീസ് വഴി ബിവ്ക്യൂ എന്ന പേരിൽ ആപ്ലിക്കേഷനും തയ്യാറാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ, ആപ്ലിക്കേഷൻ തയ്യാറാക്കിയപ്പോൾ മുതൽ തന്നെ വ്യാപകമായ പരാതിയും ഉയർന്നിരുന്നു. ഇന്നു തുടങ്ങും നാളെ തുടങ്ങും എന്നുള്ള ഫെയർകോഡിന്റെ പ്രഖ്യാപനം കേട്ടപ്പോൾ മുതൽ തന്നെ ആളുകൾ ഇവരുടെ ഫെയ്‌സ്ബുക്ക് പേജിൽ അടക്കം കമന്റിട്ട് ശക്തമായി പ്രതകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ശനിയാഴ്ച ആപ്പ് ഗൂഗിളിന്റെ അന്തിമ അനുമതിയ്ക്കായി അയച്ചു നൽകിയത്. ഗൂളിന്റെ അന്തിമ അനുമതി ചൊവ്വാഴ്ച ലഭിക്കുകയും, ബാറുകളും ബിവറേജുകളും വ്യാഴാഴ്ച മുതൽ തുറക്കുമെന്നു മന്ത്രി പ്രഖ്യാപിക്കുകയും ചെയ്തതിനു പിന്നാലെ ബുധനാഴ്ച രാത്രി മുതൽ തന്നെ ആപ്പ് പ്ലേസ്റ്റോറിൽ ലഭ്യമായതായി കമ്പനി അധികൃതർ അറിയിച്ചു.
എന്നാൽ, പ്ലേസ്‌റ്റോറിൽ സെർച്ച് ചെയ്ത ആർക്കും തന്നെ ആപ്പ് കണ്ടെത്താൻ സാധിച്ചിട്ടില്ല. ആളുകൾ അയച്ചു നൽകുന്ന ലിങ്ക് ഉപയോഗിച്ചാണ് പലരും ആപ്പിൽ കയറി ഡൗൺലോഡ് ചെയ്തിരുന്നത്. ആപ്പ് ഡൗൺലോഡ് ചെയ്ത ശേഷം ഒടിപി ലഭിച്ചാൽ മാത്രമേ മദ്യം വാങ്ങാൻ സാധിക്കൂ. എന്നാൽ, ആപ്പ് ഡൗൺ ലോഡ് ചെയ്തവരിൽ 90 ശതമാനത്തിനും ഒടിപി ലഭിക്കുന്നില്ലെന്നു പരാതി ഉയർന്നിട്ടുണ്ട്.
ഒടിപി ലഭിക്കുന്നില്ലെന്നത് കൂടാതെയുള്ള മറ്റൊരു പരാതിയും പുറത്തു വന്നിട്ടുണ്ട്. ഉപഭോക്താവിന് ഇഷ്ടമുള്ള മദ്യശാല തിരഞ്ഞെടുക്കാൻ ആപ്പിൽ സാധിക്കുന്നില്ലെന്നതാണ് മറ്റൊരു പരാതി. പിൻകോഡ് അടിച്ചു കൊടുത്താൽ പിൻകോഡ് അടിക്കുന്ന പ്രദേശത്തെ മദ്യശാലയിൽ നിന്നു മാത്രമാണ് മദ്യം വാങ്ങാൻ സാധിക്കുന്നത്.
ഇത്തരത്തിൽ പരാതികൾ ഉയർന്ന സാഹചര്യത്തിൽ ബിവറേജസ് കോർപ്പറേഷനു വേണ്ടി ആപ്പുണ്ടാക്കിയ ഫെയർകോഡ് ടെക്‌നോളജീസിന്റെ ഫെയ്‌സ്ബുക്ക് പേജിൽ വ്യാപക പരാതികളാണ് ഉയർന്നിരിക്കുന്നത്. ഫെയർകോഡിന്റെ പേജിൽ മദ്യ ഉപഭോക്താക്കൾ ഭീഷണി മുഴക്കിയിരിക്കുകയാണ്. വൻ തെറിവിളിയും നടക്കുന്നുണ്ട്.
ഇതിനിടെ ആപ്പ് നിർമ്മിച്ച ഫെയർകോഡ് ടെക്‌നോളജീസ് എന്ന കമ്പനി വിശദീകരണവുമായി രംഗത്ത് എത്തിയിട്ടുണ്ട്. ആദ്യ മണിക്കൂറുകളിൽ തന്നെ പതിനായിരത്തോളം ആളുകൾ ആപ്ലിക്കേഷഷൻ ഡൗൺ ലോഡ് ചെയ്തു കഴിഞ്ഞതായി ഫെയർകോഡ് ടെക്‌നോളജീസ് തേർഡ് ഐ ന്യൂസ് ലൈവിനോടു വിശദീകരിച്ചു. ബുധനാഴ്ച രാത്രി പത്തു മുതൽ പന്ത്രണ്ടു മണിവരെയുള്ള സമയംകൊണ്ടു മാത്രം ഏതാണ്ട് 1.82 ലക്ഷത്തോളം ആളുകൾ ആപ്പിൽ രജിസ്‌ട്രേഷൻ ചെയ്തു കഴിഞ്ഞു. രാത്രി 12 മുതൽ പുലർച്ചെ ആറരവരെയുള്ള സമയത്തിനിടെ അരലക്ഷത്തോളം ആളുകളാണ് ആപ്ലിക്കേഷനിൽ ജോയിൻ ചെയ്തിരിക്കുന്നത്. ആപ്ലിക്കേഷനിൽ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. എന്നാൽ, ആപ്ലിക്കേഷൻ സെർച്ചിലൂടെ ലഭ്യമാകണമെങ്കിൽ കുറച്ച് സമയം വേണ്ടിവരുമെന്നും ഫെയർകോഡ് ടെക്‌നോളജീസ് അറിയിച്ചു.