ശബരിമല ദർശനത്തിന് തയാറായി എറണാകുളത്ത് പത്രസമ്മേളനം നടത്തിയ യുവതിയുടെ വീടിനുനേരേ ആക്രമണം
സ്വന്തം ലേഖകൻ
കൊച്ചി: ശബരിമല ദർശനത്തിന് തയാറാണെന്നറിയിച്ച യുവതികൾക്കൊപ്പം പത്രസമ്മേളനത്തിൽ പങ്കെടുത്ത യുവതിയുടെ വീടിന് നേരെ ആക്രമണം. പുലർച്ചെ രണ്ടരയോടെയാണ് ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് വാർത്താസമ്മേളനം നടത്തിയ അപർണാ ശിവകാമിയുടെ വീടിന് നേരെ ആക്രമണമുണ്ടായത്. ബൈക്കിലെത്തിയവർ വീടിന് നേരെ കല്ലെറിയുകയായിരുന്നു.
ഫേസ്ബുക്കിൽ അപർണയിട്ട കുറിപ്പിലാണ് ആകമ്രണത്തെ കുറിച്ച് പറയുന്നത്. ‘മുറ്റത്ത് പാർക്ക് ചെയ്തിരുന്ന അയൽവാസികളുടെ വണ്ടികളൊക്കെ സേഫ് ആണ്. 3 വലിയ കരിങ്കൽക്കഷ്ണങ്ങൾ മുറ്റത്ത് കിടക്കുന്നുണ്ട്. മുറിയിലേയ്ക്ക് കല്ലുകളൊന്നും വീണിട്ടില്ല. ചില്ല് മുറിയിലാകെ ചിതറിത്തെറിച്ചിട്ടുണ്ട്. വഴിയിൽ നിന്ന് ബൈക്ക് സ്റ്റാർട്ട് ആക്കി പോകുന്ന ശബ്ദം കേട്ടിരുന്നു’.
Whatsapp Group 1 | Whatsapp Group 2 |Telegram Group
രാവിലെ പൊലീസ് എത്തി പരിശോധന നടത്തിയെന്നും കേസ് എടുത്തതായും അവർ പറഞ്ഞു. രേഷ്മ നിഷാന്ത് അടക്കമുള്ള സ്ത്രീകൾ ശബരിമലയിൽ ദർശനം നടത്താൻ പോകുന്നതുമായി ബന്ധപ്പെട്ട വാർത്താ സമ്മേളനം വിളിച്ചത് അപർണ ശിവകാമിയുടെ നേതൃത്വത്തിലായിരുന്നു. പൊലീസ് സംരക്ഷണം ഉറപ്പാക്കിയാൽ ശബരിമല ദർശനത്തിന് തയാറാണെന്ന് യുവതികൾ കൊച്ചിയിൽ വാർത്താ സമ്മേളനത്തിൽ വിശദമാക്കിയിരുന്നു.