അൻവറിന് യുഡിഎഫിലേക്കുള്ള വഴിയിൽ പ്രതിബന്ധങ്ങൾ: ഘടക കക്ഷികളിൽ അഭിപ്രായ സമന്വയം ഉണ്ടാകണം: നിബന്ധനകൾ വേണമെന്ന് ഒരു വിഭാഗം: മന്ത്രി സ്ഥാനം ആവശ്യപ്പെടാനാവില്ല

Spread the love

തിരുവനന്തപുരം: ജയില്‍ മോചിതനായ പി.വി അൻവറിന്റെ യു.ഡി.എഫ് പ്രവേശനം സംബന്ധിച്ച ആശയക്കുഴപ്പം തുടരുന്നു. മുന്നണിയിലേക്ക് അദ്ദേഹത്തെ എടുക്കണമെങ്കില്‍ ചില നിബന്ധകള്‍ക്ക് അനുസൃതമാവണമെന്ന ആവശ്യവും പൊതുവേ ഉയരുന്നുണ്ട്.
മുമ്പ് പി.സി ജോർജ്ജ് യു.ഡി.എഫിനൊന്നാകെ അപമാനം വരുത്തിവെച്ചയാളാണെന്നും അതേ സ്വഭാവ വിശേഷങ്ങളുള്ള അൻവറിനെ ഉള്‍ക്കൊള്ളിക്കുന്നത് സൂക്ഷിച്ച്‌ വേണമെന്നുമാണ് ഘടകകക്ഷികളില്‍ ചിലരുടെ ആവശ്യം.

മുന്നണിയിലേക്ക് വരികയാണെങ്കില്‍ തന്നെ കോണ്‍ഗ്രസിന്റെ പടലപിണക്കങ്ങളുടെ ഭാഗമായി അദ്ദേഹത്തെ ഉപയോഗിക്കാൻ അനുവദിക്കാനാവില്ലെന്നും ഒരു ഘടകകക്ഷിനേതാവ് വ്യക്തമാക്കുന്നു.

നിലവില്‍ പ്രശ്‌നങ്ങളില്ലാതെ പോകുന്ന മുന്നണിയില്‍ ഒരാളെ എത്തിച്ച്‌ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാൻ ശ്രമിക്കുന്നത് ആത്മഹ്യാപരമായിരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതുകൊണ്ട് തന്നെ കൂട്ടായ ചർച്ച നടത്തി എല്ലാ കക്ഷിനേതാക്കളുടെയും അഭിപ്രായങ്ങള്‍ കേട്ട ശേഷം മാത്രം ഇക്കാര്യത്തില്‍ തീരുമാനമെടുത്താല്‍ മതിയെന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗവും ചില കക്ഷിനേതാക്കളും അഭിപ്രായപ്പെടുന്നു.

ഇടതുമുന്നണിയില്‍ അംഗമായിരുന്നപ്പോള്‍ വെച്ചു പുലർത്തിയ അഹംഭാവം ഇവിടെ അനുവദിക്കാനാവില്ലെന്നും അഭിപ്രായങ്ങളുണ്ട്. അൻവറിന്റെ പാർട്ടിയെ കോണ്‍ഗ്രസില്‍ ലയിപ്പിച്ച്‌ അദ്ദേഹത്തെ ഉള്‍ക്കൊള്ളണമെന്ന വാദവും ഉയരുന്നുണ്ട്.

കോണ്‍ഗ്രസിലോ ലീഗിലോ അംഗത്വം ലഭിച്ചാല്‍ മറ്റ് പ്രശ്‌നങ്ങളില്ലാതെ യു.ഡി.എഫിന്റെ ഭാഗമാവാൻ കഴിയുമെന്നതാണ് ഇക്കാര്യത്തില്‍ അൻവറും നേട്ടമായി കാണുന്നത്.

യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ മന്ത്രി സ്ഥാനമടക്കമുള്ളവ വിലപേശി നേടാമെന്നും അദ്ദേഹം കണക്ക് കൂട്ടുന്നു.

എന്നാല്‍ അൻവറിനെ മുന്നണിയിലോ കോണ്‍ഗ്രസിലോ എടുക്കുന്നതിനോട് ഒരു വിഭാഗം നേതാക്കള്‍ക്ക് കടുത്ത എതിർപ്പുണ്ട്.

അതുകൊണ്ട് തന്നെ ആദ്യം മുന്നണിയുമായി സഹകരിപ്പിച്ച ശേഷം മാത്രം യു.ഡിഎഫില്‍ അംഗത്വം നല്‍കിയാല്‍ മതിയെന്ന നിലപാടാണ് സവീകരിക്കേണ്ടതെന്ന തരത്തിലും ആലോചനകളുണ്ട്.

മുമ്പ് ഐ.എൻ.എല്ലിന്റെയും നിലവില്‍ കോവൂർ കുഞ്ഞുമോന്റെയും കാര്യത്തില്‍ എല്‍.ഡി.എഫ് സ്വീകരിക്കുന്ന ശൈലിയാണ് അൻവറിന്റെ കാര്യത്തില്‍ കൂടുതല്‍ സ്വീകാര്യമാവുകയെന്ന വാദവും അനൗദ്യോഗിക ചർച്ചകളില്‍ ഉയരുന്നു.

മുന്നണിയില്‍ എടുത്താല്‍ പോലും ഭരണത്തില്‍ എത്തുന്ന സമയത്ത് മന്ത്രി സ്ഥാനമടക്കമുള്ള നിർണായക പദവികള്‍ നല്‍കേണ്ടതില്ലെന്ന പഴയ നിബന്ധന കർശനമായി നടപ്പാക്കുന്ന കാര്യത്തിലും വിട്ടുവീഴ്ച്ച വേണ്ടെന്നാണ് പൊതുവിലയിരുത്തലുള്ളത്