
മലപ്പുറം: തൃണമൂല്‍ കോണ്‍ഗ്രസ് സ്റ്റേറ്റ് കോഡിനേറ്റർ സ്ഥാനം രാജിവെച്ച് പ്രസീത അഴീക്കോട്. പിവി അൻവറിന്റെ രാഷ്ട്രീയ നിലപാടുകളില്‍ മനംമടുത്താണ് രാജിയെന്നും പ്രസീത വ്യക്തമാക്കി.
അൻവറില്‍ നിന്ന് ആദ്യമായി മെമ്പർഷിപ്പ് സ്വീകരിച്ച വ്യക്തിയായിട്ടും, പ്രസ്ഥാനം ഒരു രാഷ്ട്രീയ പാർട്ടിയെന്ന നിലയിലല്ല പ്രവർത്തിക്കുന്നതെന്ന് അവർ ആരോപിച്ചു.
പാർട്ടിയില്‍ മുസ്ലിം ആധിപത്യം വളർന്നുവരികയാണെന്നും ആദിവാസി വിഭാഗങ്ങള്‍ക്ക് യാതൊരു പരിഗണനയും ലഭിക്കുന്നില്ലെന്നും വാർത്താസമ്മേളനത്തില്‍ പ്രസീത പറഞ്ഞു. മാത്രമല്ല, സംഘടനയില്‍ സ്ത്രീകള്‍ക്ക് പരിഗണനയില്ല. ഇക്കാരണത്താല്‍ നിരവധി സ്ത്രീകള്‍ നേരത്തെ തന്നെ പാർട്ടി വിട്ടുപോയിട്ടുണ്ട്.
കൊല്‍ക്കത്തയില്‍ പോയപ്പോള്‍ മുഖ്യമന്ത്രി മമത ബാനർജിയെ കാണാൻ പിവി അൻവറിന് സാധിച്ചിട്ടില്ല. അൻവർ പല കാര്യങ്ങളിലും പ്രവർത്തകരെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. അഞ്ച് മാസം മുൻപ് വയനാട്ടില്‍ എസ്ഡിപിഐയുമായി ചേർന്ന് ‘അതിജീവന മുന്നണി’ ഉണ്ടാക്കിയതായും പ്രസീത പറയുന്നു. അൻവറിനൊപ്പമുള്ളത് കേവലം ശമ്പളക്കാർ മാത്രമാണെന്നും പലരും സാമ്പത്തിക നേട്ടം കണ്ടാണ് കൂടെ നില്‍ക്കുന്നതെന്നും പ്രസീത പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഘടനാ ബോധമുള്ള ആർക്കും ഈ സംവിധാനത്തില്‍ നിലനില്‍ക്കാൻ കഴിയില്ലെന്ന് പ്രസീത വ്യക്തമാക്കി. വരും ദിവസങ്ങളില്‍ മലപ്പുറത്ത് നിന്നടക്കം കൂടുതല്‍ പേർ രാജിവെയ്ക്കുമെന്നും അവർ കൂട്ടിച്ചേർത്തു. തൃണമൂല്‍
സ്ഥാനാർത്ഥിയായി മത്സരിക്കാൻ കഴിയില്ലെന്നും വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ബേപ്പൂരില്‍ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാനാണ് തീരുമാനമെന്നും അവർ അറിയിച്ചു. പരാതികള്‍ ഉന്നയിക്കുമ്പോള്‍ “ഇലക്ഷൻ കഴിയട്ടെ” എന്ന ഒഴുക്കൻ മറുപടിയാണ് അൻവർ നല്‍കുന്നതെന്നും പ്രസീത പറഞ്ഞു.



