
കൊച്ചി: മലയാളികളുടെ പ്രിയങ്കരിയായ നടി അനുശ്രീ, തൻ്റെ അടുത്ത സുഹൃത്ത് വൈദികനായതിലുള്ള അതിയായ സന്തോഷവും അഭിമാനവും പങ്കുവെച്ച പോസ്റ്റ് ശ്രദ്ധേയമാകുന്നു.
ലാളിത്യമാർന്ന വേഷങ്ങളിലൂടെയും, പൊതുവേദികളില്‍ തനി നാടൻ ലുക്കിലുമെത്തി മലയാള മനസ്സില്‍ ഇടം നേടിയ താരമാണ് അനുശ്രീ. സോഷ്യല്‍ മീഡിയയില്‍ താരം പങ്കുവെക്കുന്ന വിശേഷങ്ങളെ ആരാധകർ എപ്പോഴും ഇരുകൈയും നീട്ടി സ്വീകരിക്കാറുണ്ട്.
ഏറെ നാളത്തെ കാത്തിരിപ്പിനും പ്രയത്നത്തിനും ഒടുവില്‍ പൗരോഹിത്യത്തിലേക്ക് കടന്ന സുഹൃത്ത് സച്ചുവിനെക്കുറിച്ചാണ് അനുശ്രീ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
“സച്ചുവേ… ഒരുപാട് സന്തോഷം, അതിലേറെ അഭിമാനം. എത്ര വർഷത്തെ കാത്തിരിപ്പിനും കഷ്ടപ്പാടിനും ശേഷമാണ് നീ ഈ പൗരോഹിത്യത്തിലേക്ക് പ്രവേശിക്കുന്നതെന്ന് എനിക്കറിയാം. ആ യാത്രയില്‍ ഒരു നല്ല സുഹൃത്തായി കൂടെ നില്‍ക്കാൻ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്. ജീവിതത്തില്‍ ആദ്യമായിട്ടാണ് ഈ ചടങ്ങ് ഞാൻ നേരിട്ട് കാണുന്നത്. അവിടെ കണ്ട സന്തോഷവും സങ്കടവും കലർന്ന ഒരുപാട് മുഖങ്ങള്‍ക്കിടയില്‍, നിൻ്റെ ഏറ്റവും വലിയ സ്വപ്നം സഫലമാകുന്നതിന് സാക്ഷിയാകാൻ എനിക്കും കഴിഞ്ഞു. നീ കടന്നുവന്ന പാത അത്ര എളുപ്പമായിരുന്നില്ല സച്ചുവേ, അതുകൊണ്ട് തന്നെ നിന്നെ ഓർത്ത് ഞങ്ങള്‍ എന്നും അഭിമാനിക്കും. ജീവിതാവസാനം വരെയും ഈശോയുടെ നല്ല കുഞ്ഞായി, ഉത്തമ പുത്രനായി, ദൈവത്തോട് ചേർന്ന് നിന്ന് എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കാൻ നിനക്ക് സാധിക്കട്ടെ. ഈശോയോട് എൻ്റെ വിശേഷങ്ങള്‍ പറയാനുള്ള ദൂതനായി നീ എന്നും അവിടെയുണ്ടാകണം,” അനുശ്രീ കുറിച്ചു. സുഹൃത്തിനൊപ്പമുള്ള ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്.




