ഗുസ്തി താരങ്ങളുടെ ലൈംഗികാരോപണം: ‘ബ്രിജ്ഭൂഷൺ ശരൺ സിംഗിനെതിരെയുള്ള വിഷയം ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചു’: കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂറിനെതിരെ ഗുരുതര ആരോപണവുമായി ഗുസ്തി താരം വിനേഷ് ഫൊഗട്ട്
സ്വന്തം ലേഖകൻ
ന്യൂഡൽഹി: ലൈംഗിക അതിക്രമ ആരോപണത്തിൽ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റായ ബ്രിജ്ഭൂഷൺ ശരൺ സിംഗിനെതിരെ ഇന്ത്യയിലെ പ്രമുഖ ഗുസ്തി താരങ്ങൾ സമരം തുടരുകയാണ്. ഇപ്പോൾ കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂറിനെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഗുസ്തി താരമായ വിനേഷ് ഫൊഗട്ട്. നടപടിയെടുക്കുന്നതിന് പകരം മേൽനോട്ട സമിതി രൂപീകരിച്ച് വിഷയം ഒതുക്കിത്തീർക്കാനാണ് മന്ത്രി ശ്രമിച്ചതെന്ന് വിനേഷ് പറഞ്ഞു.
സമരത്തിന്റെ രണ്ടാംഘട്ടത്തിൽ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ്ഭൂഷൺ ശരൺ സിംഗിനെ അറസ്റ്റ് ചെയ്യണമെന്നാണ് താരങ്ങളുടെ ആവശ്യം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
”കേന്ദ്ര കായികവകുപ്പ് മന്ത്രി അനുരാഗ് താക്കൂറുമായി ചർച്ച ചെയ്തശേഷമാണ് ഞങ്ങൾ അന്ന് സമരം അവസാനിപ്പിച്ചത്. ലൈംഗികാതിക്രമത്തെപ്പറ്റി നിരവധി താരങ്ങൾ അദ്ദേഹത്തോട് പറയുകയും ചെയ്തതാണ്. എന്നാൽ കൃത്യമായ നടപടിയെടുക്കുന്നതിന് പകരം ഒരു മേൽനോട്ട കമ്മിറ്റി രൂപീകരിച്ച് വിഷയം ഒതുക്കിത്തീർക്കാനാണ് മന്ത്രി ശ്രമിച്ചത്,’ വിനേഷ് ഫൊഗട്ട് പറഞ്ഞു.
അധികാരത്തിലിരുന്ന് അവ ദുരുപയോഗം ചെയ്യുന്ന ഒരു മനുഷ്യനെതിരെ സമരം ചെയ്യുക അത്ര എളുപ്പമല്ലെന്നും വിനേഷ് പറഞ്ഞു. അതേസമയം രണ്ടാംഘട്ട സമരം തുടങ്ങുന്നതിന് മുമ്പ് സർക്കാരിന്റെ ഔദ്യോഗിക പ്രതിനിധിയുമായി തങ്ങൾ ചർച്ച നടത്തിയിരുന്നുവെന്നും എന്നാൽ അതിൻമേലും നടപടിയുണ്ടായില്ലെന്നും വിനേഷ് കൂട്ടിച്ചേർത്തു.
”ജന്തർ മന്തറിൽ സമരം തുടങ്ങുന്നതിന് മൂന്ന് നാല് മാസം മുമ്പ് ഒരു ഉദ്യോഗസ്ഥനെ ഞങ്ങൾ കണ്ടിരുന്നു. വനിതാ അത്‌ലറ്റുകൾക്ക് നേരെ നടക്കുന്ന ലൈംഗികാതിക്രമങ്ങളെപ്പറ്റിയും അദ്ദേഹത്തോട് പറഞ്ഞിരുന്നു. നടപടിയൊന്നും എടുക്കാത്തതു കൊണ്ടാണ് ജന്തർ മന്തറിൽ സമരം തുടങ്ങാൻ തീരുമാനിച്ചത്,’ വിനേഷ് ഫോഗട്ട് പറഞ്ഞു.