
രാജ്യസഭയിലെ പാർട്ടിയുടെ ഡെപ്യൂട്ടി ലീഡർ സ്ഥാനത്തു നിന്നും നീക്കിയതിനെതിരെ പ്രതികരിച്ച എംപി രാഘവ് ഛദ്ദയ്ക്ക് മറുപടിയുമായി ആം ആദ്മി പാർട്ടി നേതാവ് അനുരാഗ് ദണ്ഡ. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഛദ്ദ ഭയചകിതനാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ സംസാരിക്കാൻ അദ്ദേഹം മടിക്കുകയാണെന്നും ദണ്ഡ എക്സിലെ കുറിപ്പിൽ ആരോപിച്ചു. പാർലമെന്റിൽ സംസാരിക്കാൻ പാർട്ടിക്ക് ലഭിക്കുന്നത് വളരെ കുറഞ്ഞ സമയം മാത്രമാണെന്നും, ആ സമയത്ത് ഒന്നുകിൽ രാജ്യത്തെ രക്ഷിക്കാൻ പോരാടാം അതല്ലെങ്കിൽ വിമാനത്താവളത്തിൽ സമൂസയുടെ വില കുറയ്ക്കാൻ ആവശ്യപ്പെടാമെന്നും അനുരാഗ് ദണ്ഡ പരിഹസിച്ചു.
തങ്ങൾ കെജ്രിവാളിന്റെ പടയാളികളാണ്. നിർഭയത്വമാണ് മുഖമുദ്ര. ആരെങ്കിലും മോദിയെ ഭയപ്പെടുന്നുണ്ടെങ്കിൽ അവർക്ക് എങ്ങനെ രാജ്യത്തിന് വേണ്ടി പോരാടാനാകുമെന്നും ദണ്ഡ ചോദിച്ചു. ഗുജറാത്തിൽ എഎപി പ്രവർത്തകർ അറസ്റ്റ് ചെയ്യപ്പെട്ടപ്പോൾ ഛദ്ദ പ്രതികരിച്ചില്ലെന്നും അനുരാഗ് ദണ്ഡ ആരോപിച്ചു. ചീഫ് ഇലക്ഷൻ കമ്മീഷണർക്കെതിരെയുള്ള പാർട്ടിയുടെ പ്രമേയത്തിൽ ഒപ്പിടാൻ അദ്ദേഹം വിസമ്മതിച്ചെന്നും ദണ്ഡ കുറ്റപ്പെടുത്തി.


