പ്രതിസന്ധിഘട്ടങ്ങളിൽ എനിക്ക് താങ്ങായത് നിങ്ങൾ ; പിന്തുണച്ചവർക്ക് നന്ദി പറഞ്ഞ് അനുപമ ഐഎഎസ് തൃശൂർ വിട്ടു
സ്വന്തം ലേഖിക
തൃശൂർ: തൃശൂരിനോട് വിട പറഞ്ഞ് കളക്ടർ ടിവി അനുപമ. സഹപ്രവർത്തകരുടെ ഉറച്ച പിന്തുണയാണ് പ്രളയമുൾപ്പെടെയുളള പ്രതിസന്ധി ഘട്ടങ്ങളിൽ ജില്ലയെ നയിക്കാൻ തനിക്ക് ഊർജ്ജമായതെന്ന് ടി വി അനുപമ. സ്ഥാനമൊഴിയുന്ന വേളയിൽ കളക്ടറേറ്റ് ജീവനക്കാർ നൽകിയ യാത്രയപ്പിന് മറുപടി പറയുകയായിരുന്നു അവർ. ഉറച്ച നിലപാടുകളിലൂടെ ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ കേരളത്തിന്റെ പ്രശംസ പിടിച്ചുപറ്റിയ ഐഎഎസ് ഉദ്യോഗസ്ഥയാണ് അനുപമ. സ്ഥാനമൊഴിഞ്ഞ ശേഷം തുടർപരിശീലനത്തിനായി അനുപമ മുസോറിയിലെ ദേശീയ അക്കാദമിയിലേക്ക് പോകും.കഴിഞ്ഞ വർഷം ജൂണിലാണ് തൃശൂർ ജില്ലാ കലക്ടറായി അനുപമ ചുമതലയേറ്റെടുക്കുന്നത്. അതിന് മുൻപ് ആലപ്പുഴ ജില്ലാ കലക്ടറായിരുന്നു. വിട്ടുവീഴ്ചയില്ലാത്ത നടപടികൾ എടുത്ത് ജനകീയയായ ഉദ്യോഗസ്ഥയാണ് അനുപമ. ആലപ്പുഴ ജില്ലാ കലക്ടറായിരുന്നപ്പോൾ മുൻ മന്ത്രി തോമസ് ചാണ്ടിക്കെതിരായി നടത്തിയ പോരാട്ടത്തിലൂടെ അനുപമ കേരള ശ്രദ്ധയാകർഷിച്ചു. തൊട്ടുപിന്നാലെയായിരുന്നുതൃശൂരിലേക്കുള്ള സ്ഥലംമാറ്റം. പ്രളയം വന്നപ്പോൾ ജനത്തിനൊപ്പം ഇറങ്ങി പ്രവർത്തിക്കാനും കാര്യങ്ങൾ കൃത്യമായി കയ്യടക്കത്തോടെ ചെയ്യാനും അനുപമ കാട്ടിയ മിടുക്ക് പ്രശംസിക്കപ്പെട്ടു. അവസാനം തൃശൂർ പൂരവും തെച്ചിക്കോട്ടുകാവ് രാമചന്ദ്രനുമടക്കമുള്ള വിവാദങ്ങളിലും അനുപമയുടെ നിലപാടുകൾ ചർച്ചയായിരുന്നു. തെരഞ്ഞെടുപ്പ് സമയത്തും കലക്ടർ സജീവശ്രദ്ധ നേടി. നവോത്ഥാനസമിതി സംഘടിപ്പിച്ച വനിതാ മതിലിൽ അനുപമ പങ്കെടുത്തത് വൻ വാർത്തയായിരുന്നു. തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയ തൃശൂരിലെ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപിക്ക് നോട്ടീസ് അയച്ചതോടെ അനുപമയ്‌ക്കെതിരെ സംഘപരിവാർ പ്രവർത്തകരുടെ വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടിവന്നു. ‘അനുപമ ക്ലിൻസൺ ജോസഫ്’ എന്ന് എടുത്ത് പറഞ്ഞ സുരേഷ്‌ഗോപിയുടെ ഹൈന്ദവ വിരുദ്ധതകൊണ്ടാണ് കലക്ടർ നോട്ടീസയച്ചതെന്നും നവമാധ്യമങ്ങളിൾ ആക്ഷേപിമുയർന്നു. അനുപമയുടെ ഫെയ്‌സ്ബുക്ക് പേജിൽ അധിക്ഷേപവാക്കുകളും അസഭ്യവാക്കുകളും നിറഞ്ഞു.തന്റെ കാലത്തെ വിവാദങ്ങളൊന്നും പരാമർശിക്കാതെയായിരുന്നു ചുരുങ്ങിയ വാക്കുകളിലെ നന്ദിപ്രകടനം. കളക്ടറേറ്റ് ജീവനക്കാരുടെ സംഘടനയായ കോസ്റ്റിന്റെ ആഭിമുഖ്യത്തിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിലായിരുന്നു യാത്രയയപ്പ് ചടങ്ങ് നടത്തിയത്. എഡിഎം റെജി പി ജോസഫ് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി കളക്ടർമാരായ എസ് വിജയൻ, പി അനിൽകുമാർ, ജെസിക്കുട്ടി മാത്യു, ആർഡിഒ പി എ വിഭൂഷണൻ തുടങ്ങിയവർ സംസാരിച്ചു. അനുപമ സ്ഥാനമൊഴിഞ്ഞതോടെ തൃശൂരിലെ പുതിയ കളക്ടറായി എസ് ഷാനവാസ് ചുമതലയേൽക്കും.