video
play-sharp-fill

Monday, September 1, 2025

കണ്ണപുരം സ്ഫോടന കേസ്; പ്രതി അനൂപ് മാലിക്കിനെ ഇന്ന് കോടതിയിൽ ഹാജരാക്കും; പിടിയിലായത് ഒളിവിൽ പോകാൻ ശ്രമിക്കവെ

Spread the love

കണ്ണൂർ: കണ്ണൂർ കണ്ണപുരം സ്ഫോടന കേസ് പ്രതി അനു മാലിക്കിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഒളിവിൽ പോകാൻ ശ്രമിക്കവേ കാഞ്ഞങ്ങാട് വെച്ചാണ് കണ്ണപുരം പൊലീസ് ഇയാളെ പിടികൂടിയത്. കീഴറയിലെ സ്ഫോടനം നടന്ന ഇടത്തും പ്രതിയെ തെളിവെടുപ്പിന് എത്തിച്ചേക്കും. പ്രത്യേക അന്വേഷണ സംഘം അനു മാലിക്കിനെ ചോദ്യം ചെയ്യും. ശനിയാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് നാടിനെ നടുക്കിയ വൻ സ്ഫോടനമുണ്ടായത്. പൊലീസും അഗ്നിരക്ഷാസേനയും നടത്തിയ തിരച്ചിലിൽ ഒരാളുടെ മൃതദേഹമാണ് കണ്ടെടുത്തത്. സംഭവസമയത്ത് അനൂപ് മാലിക് വീട്ടിലുണ്ടായിരുന്നില്ലെന്നാണ് നിഗമനം. ഈ വീട് വാടകയ്ക്കെടുത്തത് അനൂപ് മാലികാണ്.

 

2016 മാർച്ചിൽ കണ്ണൂരിലെ പൊടി ക്കുണ്ടിൽ വൻ നാശമുണ്ടാക്കിയ സ്ഫോടനത്തിന് പിന്നിലും അനൂപ് മാലിക് ആയിരുന്നു. അനൂപിന് കോൺഗ്രസ് ബന്ധം ഉണ്ടെന്ന് അന്നുയർത്തിയ ആരോപണം ഇപ്പോൾ വീണ്ടും ഉയർത്തുകയാണ് സിപിഎമ്മും ബിജെപിയും. അതേസമയം, ഈ ആരോപണം കോൺഗ്രസ് തള്ളുന്നു. 2016 മാർച്ചിൽ നല്ല ജനവാസമുള്ള പൊടിക്കുണ്ട് രാജേന്ദ്ര നഗറിൽ നടന്ന സ്ഫോടനത്തിൽ 7 വീടുകൾക്ക് കാര്യമായ നാശവും 9 വീടുകൾക്ക് ഭാഗികമായ നാശനഷ്ടവും ഉണ്ടായിരുന്നു.പത്ത് പേരിൽ നാലുപേർക്ക് ഗുരുതരമായ പരിക്കിമേറ്റിരുന്നു.
അന്ന് അനൂപ് മാലിക്കിനെ കൂടാതെ പെൺ സുഹൃത്ത് രാഹില അടക്കം മൂന്ന് പേരെയാണ് പൊലീസ് പ്രതികളാക്കി കുറ്റപത്രം സമർപ്പിച്ചത്. നാല് കോടി രൂപയുടെ നഷ്ടമുണ്ടായി വലിയ ജനവികാരം ഉണർന്നിട്ടും പൊലീസ് അന്വേഷണം ആഴത്തിൽ നടന്നില്ല. കെ സുധാകരനാണ് അനൂപിന് പിന്നിൽ എന്ന ആരോപണം അന്ന് സിപിഎം ഉയർത്തി. ഉടൻ ഭരണം മാറി സിപിഎം അധികാരത്തിലേറെ എങ്കിലും അന്വേഷണം പരിമിതമായിരുന്നു. ഇപ്പോൾ വീണ്ടും കോൺഗ്രസിനെ ലാക്കാക്കി ആരോപണം ഉയർത്തുകയാണ് സിപിഎം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. ബിജെപിയും ഈ ആരോപണത്തെ തുണക്കുന്നു.
എന്നാൽ, എല്ലാം അന്വേഷിച്ചു പുറത്തുകൊണ്ടുവരു എന്നാണ് കോൺഗ്രസിന്റെ വെല്ലുവിളി. അനൂപ് ഉത്സവ ആവശ്യത്തിനുള്ള പടക്കങ്ങൾ ഉണ്ടാക്കുന്നു എന്നുള്ളതാണ് പൊലീസിന്റെ വിശദീകരണമെങ്കിലും നിരന്തരം രാഷ്ട്രീയ സംഘർഷവും ബോംബ് പ്രയോഗവും നടക്കുന്ന കണ്ണൂരിൽ രാഷ്ട്രീയപാർട്ടികളുമായി ഇയാൾക്ക് ബന്ധമുണ്ട് എന്നാണ് സൂചന. പടക്കം മാത്രമല്ല മാരക ശേഷിയുള്ള സ്ഫോടക വസ്തുക്കൾ ഉണ്ടാക്കാനും ഇയാൾ സഹായം ചെയ്യുന്നുണ്ടോ എന്നുള്ള സംശയം ഉയരുന്നുണ്ട്.

നാടിനെ നടുക്കിയ ഒരു സ്ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ചയാൾ വീണ്ടും ജനവാസ മേഖലയിൽ ഉൽപ്പാദന കേന്ദ്രം തുടങ്ങി എന്നുള്ളത് ആരൊക്കെയോ കണ്ണടച്ചു എന്നുള്ളതിന്റെ സൂചനയാണ്. 2016 നടന്ന സ്ഫോടനത്തിന്റെ പേരിൽ ഒരു കോടിയോളം രൂപയാണ് നഷ്ടപരിഹാരമായി സർക്കാർ ഖജനാവിൽ നിന്ന് നൽകിയത്. ഇതേ പ്രതി വീണ്ടും സമാനമായ രീതിയിൽ സ്ഫോടക വസ്തു നിർമ്മാണം നടത്തിയത് ആരുടെ പിന്തുണയോടെയാണ് എന്ന ചോദ്യമാണ് ഉയരുന്നത്