
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഒൻപത് വർഷങ്ങൾക്ക് മുൻപ് 2010 സെപ്റ്റംബർ ഒന്നിന് പുറത്തിറങ്ങിയ പത്രങ്ങളുടെ പ്രധാന തലക്കെട്ടുകളിൽ ഒന്നായിരുന്നു ‘പാളത്തിൽ വിള്ളൽ: ചുവന്ന സഞ്ചി വീശി വിദ്യാർത്ഥികൾ അപകടം ഒഴിവാക്കി’. അതിന് മുന്നിൽ നിന്നിരുന്നത് ചന്ദനത്തോപ്പ് ഐടിഐയിലെ വിദ്യാർത്ഥിയും കൊട്ടാരക്കര എഴുകോൺ ഇരുമ്പനങ്ങാട് വിഷ്ണു മന്ദിരത്തിൽ ശശിധരൻ പിള്ളയുടെ മകനുമായ അനുജിത്ത് ആയിരുന്നു.
റെയിൽവേ പാളത്തിൽ വിള്ളൽ കണ്ടതിനെത്തുടർന്ന് അര കിലോമീറ്ററോളം പാളത്തിലൂടെ ഓടിയാണ് ചുവന്ന പുസ്തക സഞ്ചി വീശിയാണ് അനുജിത്തും സുഹൃത്തും അപായ സൂചന നൽകിയത്. നിരവധി യാത്രക്കാരുമായി എത്തിയ ട്രെയിനിന് കൃത്യസമയത്ത് നിർത്താനായതിനാൽ വൻ ദുരന്തം ഒഴിവാക്കാനും സാധിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒൻപത് വർഷങ്ങൾക്ക് മുൻപ് അന്ന് നിരവധി പേരുടെ ജീവൻ രക്ഷിച്ച അനുജിത്ത് (27) ഓർമ്മയാകുമ്പോൾ എട്ടു പേരിലൂടെയായിരിക്കും ഇനി ജീവിക്കുക.
അപകടത്തെ തുടർന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മസ്തിഷക മരണത്തെ തുടർന്ന് അനുജിത്തിന്റെ ബന്ധുക്കൾ അവയവദാനത്തിന് സന്നദ്ധരാകുകയായിരുന്നു.
ഹൃദയം, വൃക്കകൾ, 2 കണ്ണുകൾ, ചെറുകുടൽ, കൈകൾ എന്നിവയാണ് മറ്റുള്ളവർക്കായി നൽകിയത്. തീവ്ര ദു:ഖത്തിലും അവയവങ്ങൾ ദാനം ചെയ്യാൻ സന്നദ്ധരായ കുടുംബത്തെ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ ആദരവ് അറിയിച്ചിരുന്നു.
ജൂലൈ പതിനാലിന് കൊട്ടാരക്കരയ്ക്ക് സമീപം വച്ചാണ് അനുജിത്ത് ഓടിച്ച ബൈക്കിന് അപകടം സംഭവിച്ചത്. അപകടത്തെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിലായിരുന്ന അനുജിത്തിനെ ഉടൻ തന്നെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവന്തപുരം മെഡിക്കൽ കോളജിലും കിംസ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.
17ന് മസ്തിഷ്‌ക മരണമടയുകയായിരുന്നു. രണ്ട് അപ്നിയ ടെസ്റ്റ് നടത്തി മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുകയായിരുന്നു. അവയവദാനത്തിന്റെ സാധ്യതകളറിയാവുന്ന ഭാര്യ പ്രിൻസിയും സഹോദരി അജല്യയും അവയവദാനത്തിന് മുന്നോട്ട് വരികയായിരുന്നു.
കേരള സർക്കാരിന്റെ മരണാന്തര അവയവദാന പദ്ധതിയായ മൃതസഞ്ജീവനി വഴിയാണ് അവയവദാന പ്രക്രിയ നടത്തിയത്. മുഖ്യമന്ത്രിയുടേയും ആരോഗ്യ വകുപ്പ് മന്ത്രിയുടേയും മറ്റ് പല വകുപ്പുകളുടേയും സഹകരണത്തോടെയാണ് അവയവദാന വിന്യാസം നടന്നത്.
സ്വകാര്യ സ്ഥാപനത്തിലെ ഡ്രൈവറായിരുന്ന അനുജിത്ത് ലോക് ഡൗൺ ആയതോടെ കൊട്ടാരക്കരയിലെ സൂപ്പർ മാർക്കറ്റിലെ സെയിൽസ്മാനായി ജോലി ചെയ്ത് വരികെയായിരുന്നു. ഭാര്യ പ്രിൻസി സ്വകാര്യ ജുവലറിയിലെ ജീവനക്കാരിയാണ്. മൂന്നു വയസുള്ള ഒരു മകനുണ്ട്. അമ്മ വിജയകുമാരി. പിതാവ് ശശിധരൻ പിള്ള.
ഏറെ ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബത്തിലെ അത്താണിയേയാണ് നഷ്ടപ്പെട്ടത്. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോകും