
കോട്ടയം : തിരുവനന്തപുരം ഡിവിഷൻ ജനുവരി മാസം പുറത്തിറക്കിയ റെയിൽ നിയന്ത്രണങ്ങളുടെ ഭാഗമായി ആലപ്പുഴ വഴി സർവീസ് നടത്തിക്കൊണ്ടിരുന്ന 16355 അന്ത്യോദയ എക്സ്പ്രസ്സ് ജനുവരി 8, 10, 15, 17, 24 തിയതികളിൽ കോട്ടയം വഴി സർവീസ് നടത്തും.
വരാന്ത്യങ്ങളിൽ മലബാർ മേഖലയിലേയ്ക്ക് വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. റിസർവേഷൻ ലഭിക്കാതെ മലബാർ, മംഗലാപുരം എക്സ്പ്രസ്സുകളുടെ ജനറൽ കോച്ചിലെ ടോയ്ലറ്റ് ഇടനാഴിയിൽ പോലും തിങ്ങി നിറഞ്ഞാണ് യാത്രക്കാർ ഈ ദിവസങ്ങളിൽ ലക്ഷ്യത്തിലെത്തുന്നത്. ഈ ദിവസങ്ങളിലെ തിരക്കിന് അന്ത്യോദയ വലിയ രീതിയിൽ പരിഹാരമാകുമെന്ന വിശ്വാസത്തിലാണ് യാത്രക്കാർ.
വ്യാഴം, ശനി ദിവസങ്ങളിൽ തിരുവനന്തപുരം നോർത്തിൽ നിന്ന് രാത്രി 09.25 ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 09.15 ന് മംഗലാപുരം ജംഗ്ഷനിലെത്തുന്ന വിധമാണ് അന്ത്യോദയയുടെ സമയം ക്രമീകരിച്ചിരിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പൂർണ്ണമായും ജനറൽ കോച്ചുകൾ ഉപയോഗിച്ച് സർവീസ് നടത്തുന്ന അന്ത്യോദയ രാത്രികാല യാത്രികർക്ക് വലിയ ആശ്വാസമാണ്. വഴിതിരിച്ചുവിടുമ്പോൾ കായംകുളത്തിന് ശേഷം കോട്ടയവും എറണാകുളം ടൗണിലും മാത്രമാണ് ഇപ്പോൾ സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. എന്നാൽ ആലപ്പുഴയോട് ഓരം ചേർന്ന് കിടക്കുന്ന ചങ്ങനാശ്ശേരി, ചെങ്ങന്നൂർ, മാവേലിക്കര സ്റ്റേഷനിൽ സ്റ്റോപ്പ് അനിവാര്യമാണെന്ന് കൊടിക്കുന്നിൽ സുരേഷ് എം പി ഡിവിഷൻ അധികൃതരെ അറിയിച്ചു.
അന്ത്യോദയ ആഴ്ചയിൽ മൂന്നുദിവസമാക്കണമെന്നും പ്രതിദിനമാക്കണമെന്നും ആവശ്യങ്ങളുണ്ട്. ആലപ്പുഴ സെക്ഷനിൽ കോറിഡോർ ബ്ലോക്ക് മൈന്റനനസിന് നിശ്ചയിച്ചിരിക്കുന്ന സമയത്തിലൂടെ അന്ത്യോദയ കടന്നു പോകുന്നതിനാൽ സർവീസ് അധീകരിപ്പിക്കുന്നത് തടസ്സമായി ഡിവിഷൻ ചൂണ്ടിക്കാട്ടുന്നു. എന്നാൽ യാത്രക്കാരുടെ നിരന്തര ആവശ്യം പരിഗണിച്ച് എല്ലാ തിങ്കളാഴ്ചകളിൽ മംഗലാപുരത്തേയ്ക്കും ചൊവ്വാഴ്ചകളിൽ തിരിച്ചും 06163/64 അന്ത്യോദയ കോട്ടയം വഴി ഇപ്പോൾ സ്പെഷ്യൽ സർവീസ് നടത്തുന്നുണ്ട്.
സർവീസ് സ്ഥിരപ്പെടുത്തണമെന്നും കൂടുതൽ അന്ത്യോദയ സർവീസ് പരിഗണിക്കണമെന്നും ഡിവിഷൻ യോഗത്തിൽ യാത്രക്കാരുടെ പ്രതിനിധികൾ ആവശ്യപ്പെട്ടിട്ടുണ്ട്.
ഈ മാസവും വിവിധ സ്ഥലങ്ങളിൽ നിശ്ചയിച്ചിരിക്കുന്ന അറ്റകുറ്റപണികൾ കാരണം നിരവധി ട്രെയിനുകൾ വഴി തിരിച്ചുവിടുകയും ഭാഗീകമായി റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. 16325 നിലമ്പൂർ കോട്ടയം എക്സ്പ്രസ്സ് ജനുവരി 5,10, 20, 29 തീയതികളിൽ തൃപ്പൂണിത്തുറയിൽ യാത്ര അവസാനിപ്പിക്കുന്നതാണ്.



