ആന്റണി രാജുവിന് തൽക്കാലം ആശ്വാസം;അയോഗ്യത നിലനില്‍ക്കും; ജാമ്യം അനുവദിച്ച് കോടതി

Spread the love

 

തിരുവനന്തപുരം: തൊണ്ടിമുതൽ തിരിമറിക്കേസിൽ തടവ് ശിക്ഷ ലഭിച്ച ആന്റണി രാജു എംഎൽഎയ്ക്ക് ജാമ്യം. ശിക്ഷ ഏഴ് വർഷത്തിൽ താഴെ ആയതുകൊണ്ടാണ് അപ്പീലിൽ വിധി വരുന്നത് വരെ പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചത്. ഈ സമയത്തിനുള്ളിൽ വിധിയിൽ സ്റ്റേ വാങ്ങി കോടതിയെ അറിയിക്കാം. അല്ലെങ്കിൽ ജയിലിലേക്ക് പോകേണ്ടി വരും.

video
play-sharp-fill

എന്നാൽ സ്റ്റേ വാങ്ങിയാലും അയോഗ്യത നിലനിൽക്കും. നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയാണ് ആന്റണി രാജുവിന് മൂന്ന് വർഷം തടവ് വിധിച്ചത്. രണ്ട് വർഷത്തിൽ കൂടുതൽ ഏതെങ്കിലും കോടതി ശിക്ഷിച്ചാൽ അയോഗ്യനെന്നാണ് സുപ്രീകോടതിയുടെ വിധി.

ഇത് പ്രകാരം ആന്റണി രാജുവിന് എംഎൽഎ സ്ഥാനം നഷ്ടമാകും. കൂടാതെ വരുന്ന തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാനും കഴിയില്ല.34 വർഷം മുമ്പ് നടന്ന സംഭവവുമായി ബന്ധപ്പെട്ട കേസിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

409,120 ബി, 420, 201,193, 34, 217, 465 എന്നീ നിർണായകമായ വകുപ്പുകളാണ് ആന്റണി രാജുവിനെതിരെ തെളിഞ്ഞിരിക്കുന്നത്.

1990 ഏപ്രില്‍ നാലിന് 60 ഗ്രാം ഹാഷിഷുമായി തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയിലായ ഓസ്‌ട്രേലിയന്‍ പൗരന്‍ ആന്‍ഡ്രൂ സാല്‍വദോര്‍ സര്‍വലിയെ രക്ഷപ്പെടുത്തുന്നതിന് വേണ്ടി തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ കൃത്രിമം കാണിച്ചുവെന്നാണ് കേസ്.

തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയിലെ അഭിഭാഷകനായ ആന്റണി രാജു തന്റെ സീനിയറായ അഡ്വ. സെലിന്‍ വില്‍ഫ്രഡുമായി ചേര്‍ന്നാണ് ആന്‍ഡ്രൂവിന്റെ വക്കാലത്ത് ഏറ്റെടുത്തത്.വഞ്ചിയൂര്‍ കോടതി പ്രതിയെ പത്ത് വര്‍ഷത്തേക്ക് ശിക്ഷിച്ചു.

എന്നാല്‍,​ ഹൈക്കോടതിയില്‍ നിന്ന് ആന്‍ഡ്രൂ അനുകൂല വിധി നേടി. തൊണ്ടിമുതലായ അടിവസ്ത്രം പ്രതിയുടെതല്ലെന്ന പ്രതിഭാഗം വാദം അംഗീകരിച്ചാണ് ആന്‍ഡ്രൂവിനെ കോടതി വിട്ടയച്ചത്.

പിന്നീട് ഓസ്‌ട്രേലിയയില്‍ മറ്റൊരു കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയവെയാണ് സഹതടവുകാരനോട് തൊണ്ടിമുതലില്‍ കൃത്രിമം കാട്ടി രക്ഷപ്പെട്ട വിവരം ആന്‍ഡ്രൂ വെളിപ്പെടുത്തിയത്. സഹ തടവുകാരന്‍ ഓസ്‌ട്രേലിയയിലെ പൊലീസിനോട് ഇക്കാര്യം പറഞ്ഞു.