
തിരുവനന്തപുരം : ഏറെ വാദത്തിനും പ്രതിവാദങ്ങള്‍ക്കും ഒടുവിലാണ് കോടതിയില്‍ നിന്ന് തൊണ്ടി മുതല്‍ മാറ്റിയ കേസില്‍ നിർണായക വിധി നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ നിന്ന് വന്നരിക്കുന്നത്.
മുൻമന്ത്രിയും എംഎല്‍എയുമായ ആൻ്റണി രാജു, കോടതി ക്ലാർക്ക് കെഎസ് ജോസ് എന്നിവർ കുറ്റക്കാരാണെന്നാണ് കോടതിയുടെ കണ്ടെത്തല്‍. കാല്‍നൂറ്റാണ്ടിലേറെ പഴക്കമുള്ള കേസില്‍ ഗൂഢാലോചനയും തെളിവുനശിപ്പിക്കലും നടന്നതായും കോടതി കണ്ടെത്തിയിട്ടുണ്ട്. അട്ടിമറിക്കാൻ ഏറെ ശ്രമങ്ങള്‍ നടന്ന കേസില്‍ പ്രതികള്‍ക്കെതിരെ ഗുരുതരമായ കണ്ടെത്തലുകളാണ് കോടതി നടത്തിയത്.
കേസിൻറ നാള്‍വഴി
1990 ഏപ്രില്‍ 4ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ വച്ച് ലഹരിമരുന്നുമായി പിടിയിലായ വിദേശിയെ രക്ഷിക്കാൻ തൊണ്ടിമുതലില്‍ കൃത്രിമം കാട്ടിയെന്നതാണ് കേസ്. അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയില്‍ 61 ഗ്രാം ഹാഷിഷ് ഓയിലുമായി ഓസ്ട്രേലിയൻ പൗരനായ ആൻഡ്രൂ സാല്‍വദൂർ സർവലി ആണ് അന്ന് പിടിയിലായത്. ഈ കേസില്‍ തിരുവനന്തപുരം സെഷൻസ് കോടതി പ്രതിയെ പത്ത് വർഷം കഠിനതടവിന് ശിക്ഷിച്ചിരുന്നു. അന്ന് പ്രതിഭാഗം അഭിഭാഷകയായിരുന്ന സെലിൻ വില്‍ഫ്രഡിൻ്റെ ജൂനിയർ അഭിഭാഷകനായിരുന്നു ആൻ്റണി രാജു.
പ്രതി ജയിലിലായി നാല് മാസം കഴിഞ്ഞപ്പോള്‍ പോള്‍ എന്ന പേരില്‍ ഒരു ബന്ധു കോടതിയിലെത്തി കേസിന് ആവശ്യമില്ലാത്ത സ്വകാര്യവസ്തുക്കള്‍ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് ഹർജി നല്കി. തുടർന്ന് കോടതി ജീവനക്കാരനായ ജോസിൻ്റെ സഹായത്തോടെ തൊണ്ടിമുതലായ അടിവസ്ത്രം പുറത്തെത്തിച്ചു. ഇത് വെട്ടിത്തയ്ച്ച് ചെറുതാക്കി പ്രതിക്ക് പാകമാകാത്ത രീതിയിലാക്കി മാറ്റി തിരികെ വച്ചു. തുടർന്ന് ഹൈക്കോടതിയില്‍ അപ്പീല്‍ നല്കിയ പ്രതി, തൊണ്ടിമുതലായ അടിവസ്ത്രം തൻ്റേതല്ലെന്ന വാദം ഉയർത്തി. ഇത് പ്രതിക്ക് പാകമാകില്ലെന്ന് ബോധ്യപ്പെട്ടതോടെ കോടതി ഇയാളെ വെറുതെവിട്ടു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കുറ്റവിമുക്തനായ സർവലി ഓസ്ട്രേലിയയിലേക്ക് മടങ്ങുകയും ചെയ്തു. എന്നാല്‍ പിന്നീട് മറ്റൊരു കേസില്‍ സർവലി പിടിയിലായതോടെയാണ് സത്യം പുറത്തുവന്നത്. കോടതി ജീവനക്കാരന് പണം നല്കി അടിവസ്ത്രം വെട്ടി ചെറുതാക്കിയാണ് രക്ഷപ്പെട്ടതെന്ന് ഇയാള്‍ സഹതടവുകാരനോട് വെളിപ്പെടുത്തി. ഈ വിവരം ഇൻ്റർപോള്‍ വഴി സിബിഐയെയും തുടർന്ന് കേരള പൊലീസിനെയും അറിയിക്കുകയായിരുന്നു. 1994ലാണ് വഞ്ചിയൂർ പൊലീസ് സംഭവത്തില്‍ കേസ് രജിസ്റ്റർ ചെയ്തത്.
2005ല്‍ ഉത്തരമേഖലാ ഐജിയായിരുന്ന ടിപി സെൻകുമാറാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. 2006 ഫെബ്രുവരി 13ന് ജോസ് ഒന്നാംപ്രതിയും ആൻ്റണി രാജു രണ്ടാം പ്രതിയുമായി കുറ്റപത്രം നല്കി. കുറ്റപത്രം നല്കിയ ശേഷം 16 വർഷത്തോളം കേസ് വിചാരണയില്ലാതെ കെട്ടിക്കിടന്നു. പ്രതികള്‍ ഹാജരാകാതെ ഒളിച്ചുകളിച്ചതാണ് ഇതിന് കാരണമെന്ന് 2022ല്‍ വാർത്തകള്‍ പുറത്തുവന്നതോടെയാണ് കേസിന് വീണ്ടും ജീവൻ വച്ചത്.
ആ രേഖ നിർണായക തെളിവായി
കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആൻ്റണി രാജു സുപ്രീംകോടതി വരെ സമീപിച്ചിരുന്നു. എന്നാല്‍ ഒരു വർഷത്തിനകം വിചാരണ പൂർത്തിയാക്കാൻ സുപ്രീംകോടതി നിർദേശിച്ചു. 2014ല്‍ പ്രത്യേക ഉത്തരവിലൂടെ ജനപ്രതിനിധികള്‍ക്കായുള്ള നെടുമങ്ങാട്ടെ പ്രത്യേക കോടതിയിലേക്ക് കേസ് മാറ്റിയിരുന്നു. തൊണ്ടി രജിസ്റ്ററില്‍ ആൻ്റണി രാജു എഴുതി ഒപ്പിട്ട രേഖയാണ് കേസിലെ നിർണായക തെളിവായി മാറിയത്.
ഫോറൻസിക് പരിശോധനയില്‍ ഈ ഒപ്പ് ആൻ്റണി രാജുവിൻ്റേതാണെന്ന് തെളിഞ്ഞിരുന്നു. കൂടാതെ അടിവസ്ത്രത്തില്‍ തുന്നിച്ചേർത്ത നൂലുകളുടെ നിറവ്യത്യാസവും ശാസ്ത്രീയ പരിശോധനയില്‍ കണ്ടെത്തി. കേസില്‍ 29 സാക്ഷികളാണ് ഉണ്ടായിരുന്നത്. ഇതില്‍ 19 പേരെയാണ് വിസ്തരിച്ചത്. മരണവും രോഗവും മൂലം എട്ടുപേരെയും രണ്ട് പേരെ പ്രോസിക്യൂഷനും സാക്ഷിപട്ടികയില്‍ നിന്ന് ഒഴിവാക്കിയിരുന്നു.



