
തിരുവനന്തപുരം:ആദര്‍ശപുരുഷന്‍ എന്ന് കോണ്‍ഗ്രസുകാര്‍ ആഘോഷിക്കുന്ന എകെ ആന്റണിയുടെ ജീവിതം അടിമുടി കാപട്യവും ജനവിരുദ്ധതയും നിറഞ്ഞതാണെന്ന അതിരൂക്ഷ വിമര്‍ശനങ്ങളുമായി ഒരു പുസ്തകം.
കോണ്‍ഗ്രസ് നേതാവും ദീര്‍ഘകാലം എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയുമായിരുന്ന അഡ്വ. കെ ഗോപിനാഥനാണ് തന്റെ ആത്മകഥയില്‍ എകെ ആന്റണിയെ തുറന്ന് കാണിക്കുന്നത്.
അഡ്വ കെ ഗോപിനാഥന്റെ ‘ഞാന്‍, എന്റെ ജീവിതം’ എന്ന ആത്മകഥയുടെ പ്രകാശനം കഴിഞ്ഞയാഴ്ച കോണ്‍ഗ്രസ് നേതാവ് വിഎം സുധീരനാണ് നിര്‍വഹിച്ചത്. കരുനാഗപ്പള്ളി എംഎല്‍എ സിആര്‍ മഹേഷുള്‍പ്പടെ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ ഈ ചടങ്ങില്‍ പങ്കെടുത്തു.
“സ്വന്തം കാര്യസാധ്യത്തിനു വേണ്ടി ആരെയും ഒറ്റുകൊടുക്കാന്‍ മടിയില്ലാത്ത ഒരു ചതിയനായ മനുഷ്യനാണ് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗവും മുന്‍ മുഖ്യമന്ത്രിയുമായ എകെ ആന്റണി. അധികാരത്തോട് വിരക്തിയും വിമുഖതയുമുള്ളയാള്‍ എന്ന പരിവേഷം കൊണ്ടു നടക്കുമ്ബോഴും അധികാര സ്ഥാനങ്ങളില്‍ അള്ളിപ്പിടിച്ചിരിക്കാന്‍ ഒരു മടിയും കാണിക്കാത്ത ആളാണ്. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളില്‍ സമാനതകളില്ലാത്ത പദവികളിലിരുന്നിട്ടും ആര്‍ക്കുവേണ്ടിയും സ്ഥാനങ്ങള്‍ ഒഴിഞ്ഞു കൊടുക്കാത്ത അധികാര കൊതിയനാണ് അയാള്‍. സാധാരണ കോണ്‍ഗ്രസുകാര്‍ക്കു വേണ്ടി ഒരു ഉപകാരവും ചെയ്യത്തുമില്ല,

Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രതിസന്ധി ഘട്ടങ്ങളില്‍ അവര്‍ക്കൊപ്പം നില്ക്കാറുമില്ല”, എന്നാണ് പുസ്തകത്തിലെ വിമര്‍ശനം. ലിവിഡസ് (Lividus) പബ്ളിക്കേഷ ൻസാണ് പുസ്തകത്തിന്റെ പ്രസാധകർ.
94മത്തെ വയസിലും കരുനാഗപ്പള്ളിയിലെ പൊതുമണ്ഡലങ്ങളിലും കോണ്‍ഗ്രസ് രാഷ്ട്രീയത്തിലും ഗോപിനാഥന് സജീവമാണ്. എകെ ആന്റണി എന്ന കോണ്‍ഗ്രസ് നേതാവിനെ ഇത്രമേല്‍ തുറന്നു കാട്ടിയ മറ്റൊരു ഗ്രന്ഥമോ, ലേഖനങ്ങളോ സമീപകാലത്തൊന്നും ഉണ്ടായിട്ടില്ല. ആന്റണി ചതിയനും, മനുഷ്യത്വമില്ലാത്തവനും, അധികാരക്കൊതിയനും, സ്വന്തം കാര്യത്തിനു വേണ്ടി ആരെയും ഒറ്റുകൊടുക്കാന്‍ മടിയില്ലാത്തവനുമാണ് എന്നാണ് ‘എകെ ആന്റണിയുടെ ചതി’ എന്ന അധ്യായത്തില്‍ വിവരിച്ചിരിക്കുന്നത്. ഒരു മറയുമില്ലാതെ ആന്റണി എന്ന നേതാവിനെ പൊളിച്ചടുക്കുകയാണ് ഗോപി വക്കീല്‍.
പുസ്തകത്തിലുടനീളം കെ കരുണാകരന്റെ സ്വഭാവ വൈശിഷ്ട്യങ്ങളും ആന്റണിയുടെ സ്വഭാവത്തിലെ ഇരട്ടത്താപ്പുകളും അദ്ദേഹം താരതമ്യം ചെയ്തിട്ടുണ്ട്. കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി പ്രസ്ഥാനമായ കെഎസ്യുവിന്റെ സ്ഥാപക നേതാവാണെന്ന എകെ ആന്റണിയുടെ അവകാശവാദത്തെ ഗോപി വക്കീല്‍ ശക്തമായി ഖണ്ഡിക്കുന്നുണ്ട്. കെഎസ്യുവിന്റെ രൂപീകരണവുമായി ആന്റണിക്ക് ഒരു പങ്കുമില്ല എന്നാണ് ഈ ആത്മകഥയില്‍ വ്യക്തമാക്കുന്നത്. അത് പോലെ കേരളത്തിലെ കോണ്‍ഗ്രസ് പാർട്ടിയുടെ ചരിത്രത്തില്‍ വിഖ്യാതമായ ഒരണ സമരത്തിലും ആന്റണിക്ക് ഒരു പങ്കുമില്ല എന്നുമാണ് വക്കീലിന്റെ നിലപാട്.
“കെ കരുണാകരന് എന്തെല്ലാമായിരുന്നോ, അതൊന്നുമായിരുന്നില്ല എ കെ ആന്റണി. രാഷ്ടീയത്തെ അക്ഷരാര്‍ത്ഥത്തില്‍ അവസരങ്ങളുടെ കലയാക്കി മാറ്റിയ വ്യക്തിയാണ് ആന്റണി. വിദ്യാര്‍ത്ഥികാലം മുതല്‍ അങ്ങനെയായിരുന്നു. കെഎസ്യു തുടങ്ങുമ്പോള്‍ ആന്റണി കോളജില്‍ പോലുമില്ല. എന്നാല്‍ അതിൻ്റെ സ്ഥാപക നേതാവായാണ് വിശേഷിക്കപ്പെടുന്നത്. 1957ല്‍ കെഎസ്യു തുടങ്ങുമ്പോള്‍ ജോര്‍ജ് തരകന് പ്രസിഡന്റും വയലാര്‍ രവി എന്ന എംകെ രവീന്ദ്രന് ജനറല്‍ സെക്രട്ടറിയും ആയിരുന്നു. ഈ യഥാര്‍ത്ഥ സ്ഥാപകരെയെല്ലാം തമസ്കരിച്ച് കെഎസ്യുവിന്റെ സ്ഥാപകനായി ആന്റണി വിരാജിക്കുന്നു”, ഗോപി വക്കീല്‍ എഴുതുന്നു.
“ഒരണ സമരത്തിലും ആന്റണിക്ക് പ്രത്യേകിച്ച് പങ്കൊന്നുമില്ലായിരുന്നു. എന്നിട്ടും അതിൻ്റെ നേതാവായും സ്ഥാപിക്കപ്പെട്ടു. കെഎസ്യുവിൻ്റെ തുടക്കത്തില്‍ താന്‍ സ്ഥാനത്തെങ്ങും ഉണ്ടായിരുന്നില്ല എന്നോ ഒരണാ സമരത്തില്‍ പങ്കില്ലെന്നോ പറയാൻ അദ്ദേഹം തയ്യാറായിട്ടില്ല. പാർട്ടിയുടെ നേതൃസ്ഥാനത്ത് പതിറ്റാണ്ടുകള്‍, ഭരണതലത്തില്‍ പല പദവികള്‍, ഇതെല്ലാം തനിക്ക് ‘വിധികല്പ്പിതം’ ആണെന്ന ഭാവമാണ് അദ്ദേഹത്തിന്. ഉമ്മന്‍ ചാണ്ടിയും ആര്യാടനുമെല്ലാം ഗ്രൂപ്പുകളിച്ച് കരുണാകരന് ഒതുക്കപ്പെടുമ്പോള്‍, തനിക്ക് ഗ്രൂപ്പില്ലെന്ന് ആന്റണി പ്രഖ്യാപിക്കും. എന്നാല്‍ പ്രഥമസ്ഥാനത്തേക്ക് ആനയിക്കപ്പെടുകയും ചെയ്യും”, അദ്ദേഹം വിവരിക്കുന്നു.