
മകള്‍ക്ക് ഡെങ്കിപ്പനി ബാധിച്ചതറിഞ്ഞ് നാട്ടിലേക്ക് തിരിച്ച യുവാവിനെ ബസുകാര്‍ മര്‍ദിച്ച് തമിഴ്നാട്ടില്‍ ഉപേക്ഷിച്ചു; കോട്ടയം മെഡിക്കല്‍ കോളജിൽ കാല്‍ മുട്ടിന് താഴെ മുറിച്ചു നീക്കി, അടുത്ത കാലും മുറിക്കേണ്ട അവസ്ഥയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററിൽ ; ആന്റണിക്ക് എന്ത് സംഭവിച്ചു എന്നറിയാതെ ബന്ധുക്കൾ
സ്വന്തം ലേഖകൻ
കോട്ടയം: മകള്‍ ഡെങ്കിപ്പനി ബാധിച്ച് ഗുരുതരാവസ്ഥയിലായ വിവരമറിഞ്ഞ് നാട്ടിലേക്ക് പുറപ്പെട്ട യുവാവിനെ തമിഴ്നാട്ടില്‍ വച്ച് ബസുകാര്‍ മര്‍ദിച്ച് പുറത്തേക്ക് വലിച്ചെറിഞ്ഞു. വീട്ടുകാര്‍ അന്വേഷിച്ച് കണ്ടു പിടിച്ച് കോട്ടയം മെഡിക്കല്‍ കോളജിലാക്കിയ ഇദ്ദേഹത്തിന്റെ ഒരു കാല്‍ മുട്ടിന് താഴെ മുറിച്ചു നീക്കി. അടുത്ത കാലും മുറിക്കേണ്ട അവസ്ഥയില്‍.
ഇടുക്കി കരിമണ്ണൂര്‍ മുളപ്പുറം നെല്ലിക്കാതടത്തില്‍ ആന്റണി (42)യാണ് അതീവ ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളജിലുള്ളത്. ഹൈദരാബാദില്‍ വെല്‍ഡിങ് തൊഴിലാളിയാണ് ആന്റണി. തൊടുപുഴക്ക് സമീപം കരിമണ്ണൂരിലാണ് ഇദ്ദേഹത്തിന്റെ കുടുംബം താമസിക്കുന്നത്. മകള്‍ക്ക് ഡങ്കിപ്പനി ബാധിച്ച് കോട്ടയം മെഡിക്കല്‍ കോളേജില്‍ അതീവ ഗുരുതരാവസ്ഥയിലാണ് എന്നറിഞ്ഞ ഉടന്‍ ഹൈദരാബാദില്‍ നിന്നും വെള്ളിയാഴ്ച പുറപ്പെട്ടതായിരുന്നു ആന്റണി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുറപ്പെടുന്ന വിവരം ആന്റണി ഭാര്യയെ വിളിച്ചു പറഞ്ഞിരുന്നു. താന്‍ ബസില്‍ കിടന്ന് ഉറക്കമായിരിക്കുമെന്നും വിളിച്ചാല്‍ കിട്ടില്ലെന്നും ഭാര്യയോട് പറഞ്ഞു. പിന്നീട് വിളിച്ചപ്പോഴൊന്നും ഫോണ്‍ കിട്ടുന്നുണ്ടായിരുന്നില്ല. നാട്ടിലെത്തേണ്ട സമയം കഴിഞ്ഞപ്പോള്‍ ബന്ധുക്കള്‍ തുടരെ ഫോണില്‍ വിളിച്ചു കൊണ്ടിരുന്നു. ഒടുവില്‍ തമിഴ് സംസാരിക്കുന്ന ഒരാള്‍ ഫോണ്‍ എടുത്തു. ബസില്‍ കിടന്ന് കിട്ടിയതാണ് ഫോണ്‍ എന്നാണ് അയാള്‍ ബന്ധുക്കളോട് പറഞ്ഞത്. ഈ വിവരം ബന്ധുക്കള്‍ കരിമണ്ണൂര്‍ പോലീസില്‍ അറിയിച്ചു.
പോലീസ് ബന്ധപ്പെട്ടപ്പോള്‍ ഫോണ്‍ എടുത്ത തമിഴന്‍ പറഞ്ഞത് ആന്റണിയും ബസ് ജീവനക്കാരുമായി വഴക്കുണ്ടാവുകയും ജീവനക്കാര്‍ അദ്ദേഹത്തെ ക്രൂരമായി മര്‍ദിക്കുകയും ചെയ്തുവെന്നാണ്. ഒടുവില്‍ ഓടുന്ന വണ്ടിയില്‍ നിന്ന് ആന്റണിയെ പുറത്തേക്ക് വലിച്ചെറിഞ്ഞുവെന്നും അപ്പോള്‍ ഫോണ്‍ തന്റെ സമീപത്ത് തെറിച്ചു വിണുവെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. സേലത്തിന് സമീപം ചൂളിമേട് എന്ന സ്ഥലത്തായിരുന്നു സംഭവമെന്നും അറിഞ്ഞു.
പോലീസിന്റെ സഹായത്തോടെ ബന്ധുക്കള്‍ സേലം മെഡിക്കല്‍ കോളജില്‍ നടത്തിയ അന്വേഷണത്തില്‍ ഗുരുതരാവസ്ഥയില്‍ ആന്റണിയെ അവിടെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. തുടര്‍ന്ന് ഞായറാഴ്ച രാത്രി അവിടെ നിന്ന് ആംബുലന്‍സില്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിക്കുകയായിരുന്നു. ഇരുകാലുകളും ഒടിഞ്ഞ നിലയിലായിരുന്നു. ഗുരുതരമായ പ്രമേഹം ബാധിച്ചിട്ടുള്ള ആന്റണിയുടെ കാല്‍ മെഡിക്കല്‍ കോളജില്‍ എത്തിച്ചതിന് പിന്നാലെ മുറിച്ചു നീക്കി.
അടുത്ത കാല്‍ ഇന്ന് മുറിച്ചുമാറ്റും എന്നും ബന്ധുക്കള്‍ പറയുന്നു.തീവ്ര പരിചരണ വിഭാഗത്തില്‍ വെന്റിലേറ്റര്‍ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരിക്കുന്നത്. ഇദ്ദേഹത്തിന് എന്ത് സംഭവിച്ചതാണന്ന കാര്യം ഇതുവരെയും മനസ്സിലായിട്ടില്ല. ഇടയ്ക്ക് ഭാര്യയോട് എന്തോ പറയാന്‍ ശ്രമിച്ചിരുന്നു. സംഭവം എവിടെവച്ച് സംഭവിച്ചു എന്നറിയാത്തതിനാല്‍ കരിമണ്ണൂര്‍ പോലീസ് കേസെടുക്കാന്‍ തയ്യാറായിട്ടില്ല.