‘ആണ്‍കുട്ടികളുടേയും പെണ്‍കുട്ടികളുടേയും ചേഷ്ടകള്‍ അസഹനീയം, പൊലീസ് ഇടപെടും’; പോസ്റ്റര്‍ നിഷേധിച്ച് കളമശ്ശേരി സിഐ.പൊലീസിന്റെ ഭാഗത്ത് നിന്നും ഇത്തരത്തിലുള്ള നടപടി ഉണ്ടായിട്ടില്ല എന്ന് കളമശ്ശേരി സിഐ പി ആര്‍ സന്തോഷ്.
കളമശ്ശേരി പൊലീസിന്റെ പേരില്‍ എറണാകുളം എച്ച് എം ടി കവലയില്‍ പ്രത്യക്ഷപ്പെട്ട നോട്ടീസ് നിഷേധിച്ച് സിഐ. കളമശ്ശേരി എച്ച് എം ടി കവലയിലെ വ്യാപാര സമുച്ചയത്തിലാണ് ആണ്‍കുട്ടികളും പെണ്‍കുട്ടികളും ശല്യമുണ്ടാക്കുന്നു എന്ന തരത്തില്‍ പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. പൊലീസിന്റെ ഭാഗത്ത് നിന്നും ഇത്തരത്തിലുള്ള നടപടി ഉണ്ടായിട്ടില്ല എന്ന് കാണിച്ച് കളമശ്ശേരി സിഐ പി ആര്‍ സന്തോഷ് രംഗത്തെത്തി.
എച്ച് എം ടി കവലയില്‍ എറണാകുളം ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പിന്റെ സമീപത്തെ കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ നിന്നു മുകളിലേക്കുള്ള ഗോവണിപ്പടിയുടെ ഇരുവശത്തുമുള്ള ഭിത്തികളിലാണ് ഒരേ രീതിയിലുള്ള രണ്ട് നോട്ടീസുകള്‍ പതിച്ചിട്ടുള്ളത്. ‘കടകളിലും പരിസരത്തും ആണ്‍കുട്ടികളും പെണ്‍കുട്ടികളും അനാവശ്യമായി വന്നിരുന്ന് മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലുള്ള ചേഷ്ടകളും പ്രവര്‍ത്തികളും മറ്റും കാണിക്കുന്നതായി കളമശ്ശേരി പൊലീസ് സ്റ്റേഷനില്‍ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇത്തരം പ്രവര്‍ത്തികള്‍ പൊതുസ്ഥലത്തും തുടര്‍ന്നും ആവര്‍ത്തിക്കുകയാണെങ്കില്‍ കേരള പൊലീസ് ആക്ട് നിയമപ്രകാരം സ്വമേധയാ കേസെടുക്കുന്നതാണെന്നുള്ള മുന്നറിയിപ്പ് നല്‍കുന്നു’. ഇതാണ് നോട്ടീസില്‍ പറഞ്ഞിരുന്നത്.
ഇതിനടിയിലായി കളമശ്ശേരി പൊലീസ് സ്റ്റേഷന്‍ എന്നെഴുതിയിട്ടുണ്ട്. പൊലീസ് സ്‌റ്റേഷന്റെ സീലും പതിച്ചിട്ടുണ്ട്. എന്നാല്‍ തീയതി നല്‍കിയിട്ടില്ല. സംഭവം നിഷേധിച്ച് രംഗത്തെത്തിയ പൊലീസ് കഴിഞ്ഞ രണ്ടര വര്‍ഷത്തിനുള്ളില്‍ വിദ്യാര്‍ത്ഥികളെ കുറിച്ച് ഇത്തരത്തില്‍ പരാതി ലഭിച്ചട്ടില്ല എന്ന് അറിയിച്ചു. ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്ള മേഖലയാണെങ്കിലും ഇതുപോലൊരു നോട്ടീസ് പതിക്കാനുള്ള സാഹചര്യം കളമശ്ശേരിയിലെ ഒരു സ്ഥലത്തും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
2019 ല്‍ സമാനരീതിയിലുള്ള പോസ്റ്റര്‍ പ്രചരിച്ചിരുന്നു. അതിന്റെ കോപ്പി തന്നെയാണോ ഇതെന്നും സംശയമുണ്ടെന്നും സിഐ കൂട്ടിച്ചേര്‍ത്തു. ഇതുമായി ബന്ധപ്പെട്ട് റസിഡന്റ്‌സ് അസോസിയേഷന്‍ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടെന്നും അത് പ്രചരിപ്പിക്കരുതെന്നും കളമശ്ശേരി പൊലീസ് നിര്‍ദേശം നല്‍കി.