ഈരാറ്റുപേട്ടയിൽ വാഹന പരിശോധനയ്ക്കിടെ കൈ കാണിച്ചിട്ട് നിർത്തിയില്ല, പിന്തുടർന്ന് എത്തിയ പോലീസ്  വാഹനം ഇടിച്ചുതകർത്ത് രക്ഷപ്പെടാൻ ശ്രമം ; മൂന്നുപേരെ അറസ്റ്റ് ചെയ്ത് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് ; പിടിയിലായത് സ്ഥിരം  കുറ്റവാളികൾ

Spread the love

ഈരാറ്റുപേട്ട : പോലീസിന്റെ വാഹന പരിശോധനക്കിടെ വാഹനം നിര്‍ത്താതെ പോലീസിന്റെ വാഹനങ്ങള്‍ ഇടിച്ച് തകർത്ത് രക്ഷപെടാന്‍ ശ്രമിച്ച കേസിൽ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു.

പാലാ പൂവരണി കാഞ്ഞിരത്തിങ്കൽ വീട്ടിൽ ജിജോ ജോർജ് (39), ഈരാറ്റുപേട്ട നടക്കൽ പൊന്തനാല്‍പറമ്പ് ഭാഗത്ത് തൈമഠത്തിൽ വീട്ടിൽ സാത്താൻ ഷാനു എന്ന് വിളിക്കുന്ന ഷാനവാസ് യാക്കൂബ് (33), പുലിയന്നൂർ തെക്കുംമുറി ഭാഗത്ത് തെക്കേതിൽ വീട്ടിൽ അഭിലാഷ് രാജു (24) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് പിടികൂടിയത്.

കഴിഞ്ഞദിവസം ജില്ലയിൽ മയക്കുമരുന്ന് വിൽപ്പന തടയുന്നതിന്റെ ഭാഗമായി ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ ലഹരിവിരുദ്ധ സ്ക്വാഡ് വാഹന പരിശോധന നടത്തുന്നതിനിടെ ഈരാറ്റുപേട്ടക്ക് സമീപം വച്ച് കഞ്ചാവ് കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇവർ സഞ്ചരിച്ചുവന്ന കാര്‍ നിർത്തുവാൻ പോലീസ് ഉദ്യോഗസ്ഥർ കൈ കാണിക്കുകയും എന്നാൽ ഇവർ വാഹനം നിർത്താതെ പോലീസ് ഉദ്യോഗസ്ഥർ സഞ്ചരിച്ചിരുന്ന രണ്ട് വാഹനങ്ങൾ ഇടിച്ചു തെറിപ്പിച്ച് സ്ഥലത്ത് നിന്ന് കടന്നുകളയുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവർ വാഹനം ഇടിപ്പിച്ചതിൽ പോലീസ് വാഹനങ്ങള്‍ക്ക് സാരമായ കേടുപാട് സംഭവിക്കുകയും, പോലീസ് ഉദ്യോഗസ്ഥന് പരിക്കേൽക്കുകയും ചെയ്തു. തുടർന്ന് പോലീസ് സംഘം ഇവരെ പിന്തുടർന്നെത്തി അതിസാഹസികമായി പിടികൂടുകയായിരുന്നു.

ജിജോ ജോർജിന് തൊടുപുഴ,തൃശ്ശൂർ ഈസ്റ്റ്, പോത്താനിക്കാട്, കാളിയാർ, കാഞ്ഞാർ, വാഴക്കുളം, കുന്നത്തുനാട്, കൊരട്ടി, കോതമംഗലം, മൂവാറ്റുപുഴ, മുട്ടം, മേലുകാവ്, വൈക്കം എന്നീ സ്റ്റേഷനുകളിലും,ഷാനവാസ് യാക്കൂബിന് ഈരാറ്റുപേട്ട സ്റ്റേഷനിലും, അഭിലാഷ് രാജുവിന് കിടങ്ങൂർ, പീരുമേട് എക്സൈസ്, പാലാ എന്നീ സ്റ്റേഷനുകളിലും കഞ്ചാവ് കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ മൂവരെയും റിമാൻഡ് ചെയ്തു.