ശുദ്ധവും വിഷരഹിതവുമായ മത്സ്യം വീടുകളിലെത്തിക്കാൻ ‘അന്തിപ്പച്ച’; കാട്ടാക്കട മണ്ഡലത്തിൽ മത്സ്യഫെഡിന്റെ സഞ്ചരിക്കുന്ന മത്സ്യ വിപണന കേന്ദ്രം ആരംഭിച്ചു

Spread the love

തിരുവനന്തപുരം: കാട്ടാക്കട മണ്ഡലത്തിൽ മത്സ്യഫെഡിന്റെ സഞ്ചരിക്കുന്ന മത്സ്യ വിപണന കേന്ദ്രമായ ‘അന്തിപ്പച്ച’ ആരംഭിച്ചു. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 18 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്. പദ്ധതിയുടെ നിർവഹണ ചുമതല നേമം ബ്ലോക്ക് പഞ്ചായത്തിനാണ്.

video
play-sharp-fill

വിഴിഞ്ഞം, പൂവാർ, പൂന്തുറ, പെരുമാതുറ, മുതലപൊഴി തുടങ്ങിയ ഫിഷ് ലാൻഡിംഗ് സെന്ററുകളിൽ നിന്ന് മത്സ്യഫെഡ് നേരിട്ടും മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങൾ വഴിയും ശേഖരിക്കുന്ന മത്സ്യങ്ങളാണ് സഞ്ചരിക്കുന്ന വിപണന കേന്ദ്രത്തിലൂടെ ജനങ്ങളിലെത്തിക്കുന്നത്. കേന്ദ്രത്തിൽ മൂന്ന് ജീവനക്കാരാണ് പ്രവർത്തിക്കുക.

മത്സ്യത്തിനൊപ്പം മീൻ അച്ചാർ, മത്സ്യ കറിക്കൂട്ടുകൾ തുടങ്ങിയ മൂല്യവർധിത ഉൽപ്പന്നങ്ങളും ലഭ്യമാകും. ശുദ്ധവും വിഷരഹിതവുമായ മത്സ്യം ന്യായവിലയ്ക്ക് വീടുകളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സർക്കാർ പദ്ധതി നടപ്പാക്കുന്നതെന്ന് എംഎൽഎ ഐ.ബി. സതീഷ് അറിയിച്ചു. മണ്ഡലത്തിലെ ആറു പഞ്ചായത്തുകളിൽ ഈ സേവനം ലഭ്യമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group