തിരുവനന്തപുരം: എം ടി വാസുദേവൻ നായരുടെ നിര്യാണത്തെ തുടർന്ന് കെപിസിസി രണ്ട് ദിവസത്തേക്ക് ദുഃഖാചരണം പ്രഖ്യാപിച്ചു. മഹാത്മാഗാന്ധി ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റ് ആയതിന്റെ നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കെപിസിസിയും ഡിസിസികളും ഇന്ന് നടത്താനിരുന്ന സമ്മേളനങ്ങൾ മാറ്റിവെച്ചു.
പ്രസ്തുത പരിപാടി ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപക ദിനമായ ഡിസംബർ 28ന് നടത്തും. എം.ടി വാസുദേവൻ നായരുടെ വിയോഗത്തിൽ അനുശോചിച്ച് ആദര സൂചകമായി വ്യാഴം, വെള്ളി ദിവസങ്ങളിൽ സംസ്ഥാന സർക്കാർ ഔദ്യോഗികമായി ദുഃഖം ആചരിക്കും.
ഡിസംബർ 26നു ചേരാനിരുന്ന മന്ത്രിസഭായോഗം ഉൾപ്പെടെ എല്ലാ സർക്കാർ പരിപാടികളും മാറ്റിവെക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ രാത്രിയായിരുന്നു എം.ടിയുടെ അന്ത്യം. ശ്വാസകോശ സംബന്ധിയായ അസുഖത്തെ തുടർന്ന് കഴിഞ്ഞ 15നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് നീർക്കെട്ട് വർധിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആശുപത്രിയിൽ പ്രവേശിപ്പിച്ച് നാലാം ദിവസം ഹൃദയാഘാതമുണ്ടായി ആരോഗ്യനില കൂടുതൽ വഷളായി. ആരോഗ്യനിലയിൽ മാറ്റമില്ലാതെ തുടരുന്നതിനിടെ ബുധനാഴ്ച നില കൂടുതൽ വഷളായി. വിദഗ്ധ ഡോക്ടർമാരുടെ സംഘം അദ്ദേഹത്തെ പരിശോധിച്ചു വരികയായിരുന്നു. രാത്രി ഒമ്പതോടെ വൃക്കകളുടെയും ഹൃദയത്തിന്‍റെയും പ്രവർത്തനം മന്ദഗതിയിലായി.
പിന്നീട് രാത്രി പത്തോടെ മരണം ഡോക്ടർമാർ ഔദ്യോഗികമായി അറിയിക്കുകയായിരുന്നു. സംസ്കാരം ഇന്ന് വൈകീട്ട് അഞ്ചിന് മാവൂർ റോഡ് ശ്മശാനത്തിൽ നടക്കും. എം.ടിയുടെ ആഗ്രഹ പ്രകാരം പൊതുദർശനം ഒഴിവാക്കിയിട്ടുണ്ട്. ഭൗതിക ശരീരം കോഴിക്കോട് കൊട്ടാരം റോഡിലെ വസതിയായ സിതാരയിലാണുള്ളത്. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക മേഖലയിലെ പ്രമുഖർ ആദരാഞ്ജലി അർപ്പിച്ചു.