അങ്കമാലിയില്‍ വാഹനാപകടത്തില്‍ വിദ്യാര്‍ത്ഥിനി മരിച്ച സംഭവം; ‘ആറു ദിവസമായിട്ടും പ്രതിയെ പിടികൂടാനായിട്ടില്ല’; പൊലീസിനെതിരെ ജാസ്‍ലിയയുടെ കുടുംബം

Spread the love

കൊച്ചി: അങ്കമാലിയില്‍ വാഹനാപകടത്തില്‍ വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ പൊലീസിനെതിരെ കുടുംബം.

video
play-sharp-fill

ആറു ദിവസമായി അപകടം നടന്നിട്ടും പൊലീസ് പ്രതിയെ പിടികൂടിയിട്ടില്ലെന്ന് അപകടത്തില്‍ മരിച്ച ജാസ്‍ലിയയുടെ കുടുംബം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

സാങ്കേതിക വിദ്യ ഇത്രയധികം വളര്‍ന്നിട്ടും പ്രതിയെ പിടികൂടാൻ എന്താണ് ഇത്ര താമസമെന്നും ജാസ്‍ലിയയുടെ അച്ഛൻ ജോണ്‍സണ്‍ ചോദിച്ചു. പ്രതി ഡോക്ടറാണ്. സമ്ബന്ന കുടുംബമാണ് പ്രതിയുടേതെന്നാണ് അറിയാൻ കഴിഞ്ഞത്. സാധാരണക്കാരന്‍റെ സ്വപ്നങ്ങള്‍ക്ക് ഇവിടെ വിലയില്ലേയെന്നും ജാസ്‍ലിയയുടെ സഹോദരൻ ജാസിൻ ചോദിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

പൊലീസ് വിചാരിച്ചാല്‍ നേരത്തെ പ്രതിയെ പിടികൂടാമായിരുന്നുവെന്നും സഹോദരൻ പറഞ്ഞു. ഒരു ഡോക്ടര്‍ ഇത്തരത്തില്‍ അപകടമുണ്ടാക്കിയശേഷം രക്ഷപ്പെടാൻ ശ്രമിക്കാമോ? വാഹനം നിര്‍ത്തി ആശുപത്രിയില്‍ എത്തിച്ചെങ്കില്‍ മകള്‍ രക്ഷപ്പെടുമായിരുന്നുവെന്നും മകള്‍ക്ക് നീതി വേണമെന്നും ജാസ്‍ലിയയുടെ അമ്മ ലിമ പറഞ്ഞു.

പൊലീസ് ഇതുവരെ തങ്ങളെ ബന്ധപ്പെട്ടിട്ടില്ലെന്നും പൊലീസിന്‍റെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും അച്ഛൻ ജോണ്‍സണ്‍ പറഞ്ഞു. പണം മാത്രമാണ് വലുതെന്നും മനുഷ്യന്‍റെ ജീവന് വിലയില്ലെയെന്നും ജോണ്‍സണ്‍ ചോദിച്ചു.

പ്രതി മദ്യപിച്ചിരുന്നോ എന്നതില്‍ പോലും ഇനി വ്യക്തത കിട്ടില്ല. തിരിച്ചറിഞ്ഞിട്ടും പിടികൂടാൻ വൈകുന്നത് എന്താണ്? ഇടിച്ച വാഹനത്തിന്‍റെ ഫോട്ടോ എടുക്കാൻ പോലും പൊലീസ് സമ്മതിക്കാത്തത് എന്തുകൊണ്ടാണെന്നും കുടുംബം ചോദിച്ചു.

അതേസമയം, ജാസ്‍ലിയയുടെമരണത്തിനിടയാക്കിയ അങ്കമാലിയിലെ അപകടത്തിലെ പ്രതി മുൻകൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചു. കേസില്‍ പ്രതിയായ ഡോക്ടർ സിറിയക്ക് പി ജോർജ് ആണ് കോട്ടയം സെഷൻസ് കോടതിയില്‍ മുൻകൂർ ജാമ്യ അപേക്ഷ നല്‍കിയത്.