
എന്റെ കൈകൾ കെട്ടിയിട്ടു, പത്ത് ദിവസത്തോളം ആശുപത്രി അധികൃതർ തിരിഞ്ഞുപോലും നോക്കിയില്ല ; വെളിപ്പെടുത്തലുമായി മെഡിക്കൽ കോളജിൽ ചികിത്സയ്ക്കിടെ പുഴുവരിച്ച അനിൽകുമാർ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: തലസ്ഥാനത്തെ മെഡിക്കൽ കോളേജിൽ കോവിഡ് ചികിത്സയ്ക്കിടെ പുഴുവരിച്ച സംഭവത്തിൽ അധികൃതർക്കെതിരെ ഗുരുതര ആരോപണവുമായി രോഗിയായിരുന്ന അനിൽകുമാർ. കോവിഡ് ബാധിച്ച തനിക്ക് ആശുപത്രിയിൽ മതിയായ ചികിത്സ കിട്ടിയിരുന്നില്ല കൂടാതെ തന്റെ കൈകൾ കട്ടിലിൽ കെട്ടിയിട്ടുവെന്നും അനിൽകുമാർ.
കോവിഡ് ചികിത്സയ്ക്കിടെ പത്ത് ദിവസത്തോളം തന്നെ ആശുപത്രി അധികൃതരാരും തിരിഞ്ഞുപോലും നോക്കിയിട്ടില്ല. ആശുപത്രിയിൽ താൻ ഡോക്ടറെ കണ്ടിട്ടേയില്ലെന്നും അനിൽകുമാർ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീഴ്ചയിലുണ്ടായ പരിക്കിനെ തുടർന്ന് അനിൽ കുമാറിനെ ഓഗസ്റ്റ് 21ന് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇതിനിടെ അനിൽകുമാറിന് ഇതിനിടെ കൊവിഡ് പിടിപെട്ടിരുന്നു.
പിന്നീട് 22 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം കൊവിഡ് ഭേദമായ അനിൽകുമാറിനെ ഡിസ്ചാർജ് ചെയ്ത് വീട്ടിലെത്തിച്ചപ്പോൾ ശരീരത്തിൽ പുഴുവരിച്ച നിലയിലായിരുന്നു. ഡയപറുകൾ പോലും വേണ്ടവിധത്തിൽ മാറ്റാത്ത അവസ്ഥയിലായിരുന്നുവെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു.
ഈ സംഭവം വലിയ വിവാദമായതോടെ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ പ്രാഥമികാന്വേഷണ റിപ്പോർട്ട് പ്രകാരം രണ്ട് ഹെഡ്‌നഴ്‌സുമാരെയും നോഡൽ ഓഫീസറെയും സർക്കാർ സസ്‌പെൻഡ് ചെയ്യുകയായിരുന്നു.
നോഡൽ ഓഫീസറായ ഡോ.അരുണ, നഴ്‌സുമാരായ ലീന കുഞ്ചൻ, രജനി എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തിരുന്നത്. ഇതിനെതിരെ ആരോഗ്യപ്രവർത്തകർ സംസ്ഥാനവ്യാപകമായി കടുത്ത പ്രതിഷേധം നടത്തിയതോടെ സസ്‌പെൻഷൻ വകുപ്പ്തല നടപടിയിലൊതുങ്ങുകയായിരുന്നു.