
തിരുവനന്തപുരം: വെള്ളറട പഞ്ചായത്തിലെ ചെമ്മണ്ണുവിളയില്‍ പ്രവര്‍ത്തിക്കുന്ന അംഗന്‍വാടിയില്‍ നിന്നും വാങ്ങിയ അമൃതം പൊടിയിൽ പല്ലിയുടെ ജഡം കണ്ടതായി പരാതി. അമൃതം പൊടി കഴിച്ച് പ്രദേശവാസിയായ രണ്ടുവയസുകാരിക്ക് ചര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെട്ടിരുന്നു. പിന്നീടും ഉപയോഗം തുടർന്നു. ഒടുവിൽ പാക്കറ്റ് തീരാറായപ്പോഴാണ് പല്ലിയുടെ ജഡം കണ്ടെത്തിയത്.
ഇതോടെ ചെമ്മണ്ണുവിള സ്വദേശികളായ കുട്ടിയുടെ മാതാപിതാക്കൾ അംഗനവാടി ടീച്ചറെ വിവരം അറിയിച്ചു. പിന്നാലെ അമൃതം പൊടി സപ്ലൈ ചെയ്യുന്ന കമ്പനിയെ വിവരം അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കുഞ്ഞിന് ഛര്‍ദിയും വയറിളക്കവും ഉണ്ടെന്ന് ആശാവര്‍ക്കര്‍മാരെ വിവരമറിയിച്ചതിനെ തുടര്‍ന്ന് ആശാവര്‍ക്കര്‍മാര്‍ ഒആര്‍എസ് കൊടുത്ത് കുഞ്ഞിന് ഛര്‍ദ്ദിക്കും വയറിളക്കത്തിനും ശമനമുണ്ടായി.
ദിവസങ്ങള്‍ കഴിഞ്ഞാണ് ജഡം കാണുന്നതെന്നതിനാൽ ആശങ്കയിലാണ് കുടുംബം. ഈ മാസം പത്തിനാണ് പൊടി വാങ്ങിയത്. ദിവസങ്ങള്‍ കഴിഞ്ഞാണ് പാക്കറ്റ് പൊട്ടിച്ചതും കുഞ്ഞിന് നല്‍കിക്കൊണ്ടിരുന്നതും. അമൃതംപൊടിയിൽ പല്ലിയെ കണ്ടതോടെ അന്വേഷണം വേണമെന്ന ആവശ്യം ഉന്നയിക്കുകയാണ് രക്ഷിതാക്കള്‍.

Whatsapp Group 1 | Whatsapp Group 2 |Telegram Group