
സിഎസ്ആര്‍ ഫണ്ട് തട്ടിപ്പ് കേസിലെ മുഖ്യ പ്രതി അനന്തു കൃഷ്ണൻ കേരളത്തിൽ തട്ടിപ്പിന്റെ വലവിരിച്ചത് വിശ്വാസ്യത ചൂഷണം ചെയ്ത്; തട്ടിപ്പ് വലയിൽ വീണത് പഞ്ചായത്തംഗങ്ങൾ മുതൽ സംസ്ഥാന നേതാക്കൾവരെ; അനന്തുവിന്റെ കീഴിൽ സംസ്ഥാനത്തൊട്ടാകെ ഇരുപതോളം എൻജിഒകൾ; കമ്മിറ്റിയിൽ പ്രമുഖരായ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും നാട്ടിലെ പ്രമുഖരും
തിരുവനന്തപുരം: സി.എസ്.ആര്‍ ഫണ്ട് തട്ടിപ്പ് കേസിലെ മുഖ്യ പ്രതി അനന്തു കൃഷ്ണൻ വിശ്വാസ്യത ചൂഷണം ചെയ്താണു കേരളത്തിലാകെ തട്ടിപ്പിന്റെ വലവിരിച്ചത്. പഞ്ചായത്തംഗങ്ങൾ മുതൽ സംസ്ഥാന നേതാക്കൾവരെ തട്ടിപ്പിന്റെ ഇരയായി.
കാശു നഷ്ടമായവരിൽ പലരും അപമാനം ഭയന്നു തട്ടിപ്പുകഥ പുറത്തു പറഞ്ഞിട്ടില്ല. പഞ്ചായത്തിന്റെ പേര് ദുരുപയോഗം ചെയ്താണു തിരുവനന്തപുരത്ത് പലയിടത്തും തട്ടിപ്പ് നടത്തിയത്. പഞ്ചായത്തംഗങ്ങളും തട്ടിപ്പിനിരയായി. പഞ്ചായത്ത് ഹാളിൽ യോഗം വിളിച്ച് തയ്യൽ മെഷീനും ലാപ്ടോപും സ്കൂട്ടറും ചിലർക്കു കോഴിക്കൂടും നൽകി.
ഇതോടെ പലർക്കും വിശ്വാസമായി. തുടർന്നു പഞ്ചായത്തംഗങ്ങളെ കൂട്ടുപിടിച്ചു ജനങ്ങളിൽനിന്നു നേരിട്ടു പണം വാങ്ങി. കാർഷിക മേഖലയായ കല്ലിയൂർ പഞ്ചായത്തിൽ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചത് മുൻ കേന്ദ്രമന്ത്രിയായിരുന്നു. കൊല്ലത്ത് അപേക്ഷ നൽകിയ പലർക്കും തുടക്കത്തിൽ ലാപ്ടോപ് പാതി വിലയ്ക്കു നൽകി ശ്രദ്ധ നേടി. കൂടുതൽ ഉപകരണങ്ങൾ പാതിവിലയ്ക്ക് നൽകാമെന്നു പറഞ്ഞതോടെ പലരും പണം നൽകി. തുടർന്നു തട്ടിപ്പുകാർ സ്ഥലം വിട്ടു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആലപ്പുഴയിൽ നാഷനൽ എൻജിഒ കോൺഫെഡറേഷൻ, സർദാർ പട്ടേൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് ഡവലപ്മെന്റൽ സ്റ്റഡീസ് തുടങ്ങിയവയുടെ പേരുകളിലാണു തട്ടിപ്പു നടത്തിയത്. ബ്ലോക്ക് തലത്തിൽ സീഡ് സൊസൈറ്റികൾ രൂപീകരിച്ചു. മുൻപുണ്ടായിരുന്ന ചില പ്രാദേശിക സംഘടനകളെ കൂട്ടുപിടിച്ചും ആളുകളെ സമീപിച്ചു. ‘വിമൻ ഓൺ വീൽസ്’ എന്നായിരുന്നു വനിതകൾക്കു സ്കൂട്ടർ വാഗ്ദാനം ചെയ്ത പദ്ധതിയുടെ പേര്.
കോട്ടയത്ത് പ്രമുഖ കമ്പനികളുടെ സിഎസ്ആർ ഫണ്ട് ലഭിക്കുമെന്നു വിശ്വസിപ്പിച്ചാണു തട്ടിപ്പിന് അരങ്ങൊരുക്കിയത്. ജനപ്രതിനിധികൾ കോ-ഓർഡിനേറ്റർമാരായി വന്നതോടെ വിശ്വാസ്യത വർധിച്ചു. സമൂഹ മാധ്യമങ്ങളിലൂടെ പ്രചാരണം നടത്തി. സൊസൈറ്റിയിൽ അംഗങ്ങളാകുന്നതിന് 2,000 മുതൽ 6,000 രൂപ വരെ അംഗത്വ ഫീസ് ഈടാക്കി.
നേരത്തേ സ്കൂട്ടർ ലഭിച്ചവരുടെ വിവരവും ഇതോടൊപ്പം നൽകിയിരുന്നതിനാൽ സാധാരണക്കാർ വിശ്വസിച്ചു. ഇടുക്കിയിൽ സന്നദ്ധ സംഘടനയുടെ പേരിൽ തൊടുപുഴ കുടയത്തൂരിൽ വാടകക്കെട്ടിടത്തിൽ ഓഫിസ് തുറന്ന അനന്തു കൃഷ്ണൻ, മുൻ ജനപ്രതിനിധികൾ അടക്കമുള്ളവരെ ഭാരവാഹികളാക്കി.
കർഷകർക്കു പകുതി വിലയ്ക്കു വളം നൽകുന്ന പദ്ധതിയാണ് ആദ്യം തുടങ്ങിയത്. വളം ലഭിച്ചതോടെ കൂടുതൽ ആളുകൾ സീഡിൽ ചേർന്നു. 320 രൂപയായിരുന്നു അംഗത്വഫീസ്. കോ-ഓർഡിനേറ്റർമാരായി ചേർന്നവർക്കു കമ്മിഷൻ ലഭിച്ചതോടെ അവർ കൂടുതൽ ആളുകളെ സീഡിൽ എത്തിച്ചു. ഉൽപന്നങ്ങൾ നൽകിയ കമ്പനികൾക്ക് കോടികളാണു നൽകാനുള്ളത്.
എറണാകുളത്ത് സിഎസ്ആർ ഫണ്ടിന്റെ മറവിൽ 2022 മുതലാണു തട്ടിപ്പു തുടങ്ങിയത്. സ്കൂട്ടറിനും ലാപ്ടോപിനും പുറമേ തയ്യൽ മെഷീൻ, ഗൃഹോപകരണങ്ങൾ, രാസവളം എന്നിവയും നൽകി. തട്ടിപ്പിനായി സോഷ്യൽ ബീ വെൻച്വേഴ്സ് തൊടുപുഴ, സോഷ്യൽ ബീ വെൻച്വേഴ്സ് ഇയാട്ടുമുക്ക് എറണാകുളം, പ്രഫഷണൽ സർവീസ് ഇന്നോവഷൻ കളമശേരി, ഗ്രാസ് റൂട്ട് ഇന്നവേഷൻ കളമശേരി എന്നീ കമ്പനികളുടെ പേരിൽ അക്കൗണ്ടുണ്ടാക്കി എല്ലാം അനന്തു കൃഷ്ണൻ സ്വന്തം പേരിൽ കൈകാര്യം ചെയ്തു.
തൃശൂർ ജില്ലയിൽ ആദ്യഘട്ടത്തിൽ പകുതിവിലയ്ക്ക് ലാപ്ടോപ്പും ഓണക്കിറ്റും വിതരണം ചെയ്തു വിശ്വാസം നേടിയെടുത്തു. പിന്നീട് ഗുണഭോക്താക്കളിൽ പലരും തുക അടച്ചിട്ടും ഒന്നും ലഭിക്കാതായി. സ്കൂട്ടറും തയ്യൽ മെഷീനും പുറമേ വാട്ടർ ടാങ്കും വാഗ്ദാനം.
പാലക്കാട് നാഷണൽ എൻജിഒ കോൺഫഡറേഷന്റെ പേരിലാണ് തട്ടിപ്പ്. ഉൾപ്രദേശങ്ങളിലാണ് ഒാഫർ ഇടപാട് കൂടുതൽ നടന്നത്. തയ്യൽമെഷീൻ, കോഴിക്കൂടുകൾ, ഗൃഹോപകരണവസ്തുക്കൾ, കൃഷിഉപകരണങ്ങൾ, ജൈവവളം എന്നിവയും വാഗ്ദാനം ചെയ്തു. മലപ്പുറത്ത് പെരിന്തൽമണ്ണ എംഎൽഎ നജീബ് കാന്തപുരത്തിന്റെ നേതൃത്വത്തിലുള്ള മുദ്ര ചാരിറ്റബിൾ ട്രസ്റ്റ് വഴി അപേക്ഷിച്ച നൂറിലേറെ പേർ പറ്റിക്കപ്പെട്ട വിവരം പുറത്തായതോടെ എംഎൽഎയുടെ രാജി ആവശ്യപ്പെട്ടു സിപിഎം രംഗത്തെത്തി.
കോഴിക്കോട് ഒറ്റമാസം കൊണ്ടു പാതിവില ഓഫറിലൂടെ തട്ടിപ്പ് സംഘത്തിനു ലഭിച്ചത് 2.16 കോടി രൂപ. പണം നഷ്ടമായവർക്കു പുറമേ നാഷനൽ കോൺഫെഡറേഷനിൽ അംഗമായ സന്നദ്ധ സംഘടനകളും പരാതി നൽകിയിട്ടുണ്ട്. വയനാട്ടിൽ അക്ഷയകേന്ദ്രങ്ങൾ മറയാക്കിയാണു തട്ടിപ്പു നടന്നത്. സൊസൈറ്റിയിൽ ആയുഷ്കാല അംഗത്വമെടുക്കാനും വാങ്ങാനുദ്ദേശിക്കുന്ന സാധനങ്ങൾ വെബ്സൈറ്റ് നോക്കി തിരഞ്ഞെടുക്കാനും അക്ഷയകേന്ദ്രങ്ങളെ സമീപിക്കാനായിരുന്നു വാട്സാപ് ഗ്രൂപ്പുകൾ വഴിയുള്ള നിർദേശം.
ഓരോ പഞ്ചായത്തിലും ഒരു പ്രൊമോട്ടറെയും വാർഡ്തലങ്ങളിൽ കോ-ഓർഡിനേറ്റർമാരെയും നിയോഗിച്ചായിരുന്നു പ്രവർത്തനം. കണ്ണൂരിൽ 3 മാസത്തിനകം സ്കൂട്ടറും ഗൃഹോപകരണങ്ങളും ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. പണം നൽകിയ കുറച്ചുപേർക്കുമാത്രമാണ് ഇതെല്ലാം ലഭിച്ചത്. വീട്ടമ്മമാരും ചെറിയ വേതനമുള്ള ജോലിക്കാരും വിദ്യാർത്ഥിനികളുമാണ് തട്ടിപ്പിൽ കുടുങ്ങിയവരിൽ ഏറെയും.
നാഷനൽ എൻജിഒ കോൺഫെഡറേഷൻ (എൻജിഒകളുടെ കോഓർഡിനേഷനു വേണ്ടി രൂപീകരിച്ച സംവിധാനം) അനന്തുകൃഷ്ണൻ (നാഷനൽകോഓർഡിനേറ്റർ). അനന്തുവിന്റെ കീഴിൽ സംസ്ഥാനത്തൊട്ടാകെ ഇരുപതോളം എൻജിഒകൾ. കൂടാതെ മറ്റു സന്നദ്ധ സംഘടനകൾ.
ഇവയ്ക്കു കീഴിൽ ഓരോ ബ്ലോക്ക് പഞ്ചായത്തിനു കീഴിലും സോഷ്യോ ഇക്കണോമിക് ആൻഡ് എൻവയൺമെന്റൽ ഡവലപ്മെന്റ് സൊസൈറ്റി (സീഡ്സ്). എറണാകുളത്ത് സർദാർ പട്ടേൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് റിസർച് ആൻഡ് ഡവലപ്മെന്റൽ സ്റ്റഡീസ് എന്ന എൻജിഒയുടെ കീഴിൽ മാത്രം 64 സീഡ് സൊസൈറ്റികൾ. സമാനമായ രീതിയിൽ മറ്റ് എൻജിഒകളുടെ കീഴിലും ചെറിയ സീഡ് സൊസൈറ്റികൾ
പ്രമുഖരായ ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, മുൻ ജനപ്രതിനിധികൾ, നാട്ടിലെ പ്രമുഖർ തുടങ്ങിയവർ കമ്മിറ്റിയിൽ. പിന്നീടുള്ള പ്രവർത്തനം ഇവരിലൂടെയായിരുന്നു. ഇവരാണ് കൂടുതൽ അംഗങ്ങളെ ചേർക്കുന്നതും പണം സ്വീകരിച്ച് അനന്തുവിന്റെ വിവിധ കൺസൽറ്റൻസികളിലേക്കും മറ്റു സ്ഥാപനങ്ങളിലേക്കും നൽകുന്നത്.
ഇതിനായി സ്റ്റാർ ഹോട്ടലുകളിലും മറ്റും ‘സോഷ്യൽ ഇന്നവേഷൻ സമ്മിറ്റ്’ എന്ന പേരിൽ പരിപാടികൾ സംഘടിപ്പിക്കും. ആരക്കുഴ പെരുമ്പല്ലൂർ വെള്ളിക്കട റെജി വർഗീസ് എന്ന വീട്ടമ്മ നൽകിയ പരാതിയിലാണ് പൊലീസ് അനന്തു കൃഷ്ണന് എതിരെ അന്വേഷണം ആരംഭിച്ചതെന്ന് മുവാറ്റുപുഴ കോടതിയിൽ നൽകിയ കസ്റ്റഡി അപേക്ഷയിൽ അന്വേഷണ ഉദ്യോഗസ്ഥനായ ഇൻസ്പെക്ടർ ബേസിൽ തോമസ് വ്യക്തമാക്കി.
മൂവാറ്റുപുഴയിൽ രൂപീകരിച്ച സീഡ് സൊസൈറ്റി വഴി 1222 പേരിൽനിന്ന് സ്കൂട്ടർ നൽകാമെന്ന വാഗ്ദാനം ചെയ്ത് 60,000 രൂപ വീതം 7,33,20,000 രൂപയും, 51 പേരിൽ നിന്നു ലാപ്ടോപ് നൽകാമെന്നു വാഗ്ദാനം ചെയ്ത് 30,000 രൂപ വീതം 15,30,000 രൂപയും, 127 പേരിൽനിന്നു തയ്യൽ മെഷീൻ നൽകാമെന്നു പറഞ്ഞ് 1,131,00 രൂപയും സഹിതം ആകെ 7,59,81,000 രൂപ തട്ടിയെടുത്തെന്നാണ് കസ്റ്റഡി അപേക്ഷയിലുള്ളത്.
പ്രഫഷനൽ സർവീസ് ഇന്നവേഷൻസ് എന്ന സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്കാണു 2023 ജൂലൈ മുതൽ 2024 സെപ്റ്റംബർ മാസം വരെയുള്ള കാലയളവിൽ പണം വാങ്ങിയത്. അനന്തു കൃഷ്ണന്റെ കൂട്ടുപ്രതികളായി ഉന്നത രാഷ്ട്രീയ ബന്ധമുള്ള പലരും ഉള്ളതായി സംശയിക്കുന്നുണ്ട്. അവരെ കണ്ടെത്തി ചോദ്യം ചെയ്യണമെങ്കിൽ അനന്തുവിന്റെ മൊഴികൾ വിശദമായി രേഖപ്പെടുത്തണം.
തട്ടിയെടുത്ത പണം ഉപയോഗിച്ചു വാങ്ങിയ വാഹനങ്ങൾ, സ്വത്തുക്കൾ എന്നിവയെക്കുറിച്ച് അന്വേഷിക്കണം. ബന്ധുക്കളുടെ പേരിലേക്കു പണം മാറ്റിയതായി കണ്ടെത്തിയിട്ടുണ്ട്. ഈ അക്കൗണ്ടുകൾ മരവിപ്പിക്കണം.കേരളത്തിനു പുറത്തു ബെനാമി പേരിൽ വാങ്ങിയ സ്വത്തുക്കൾ കണ്ടെത്തണം. ധനകാര്യ സ്ഥാപനങ്ങളിലെ നിക്ഷേപങ്ങളും കണ്ടെത്തണം.