ബംഗളൂരുവിൽ മലയാളി നേഴ്സിംഗ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവം ; നേരിട്ടത് കടുത്ത മാനസിക സമ്മർദ്ദം ; കോളേജിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം

Spread the love

ബംഗളൂരു: മലയാളി വിദ്യാർത്ഥി അനാമികയുടെ ആത്മഹത്യയില്‍ നഴ്സിങ് കോളേജിനും പൊലീസിനുമെതിരെ കടുത്ത ആരോപണങ്ങളുമായി ബന്ധുക്കള്‍.

video
play-sharp-fill

കോളേജിന്റെ ഭാഗത്ത് നിന്ന് അനാമിക നേരിട്ടത് കടുത്ത മാനസിക പീഡനമാണെന്ന് ബന്ധു അഭിനന്ദ് പറഞ്ഞു. പ്രിൻസിപ്പല്‍ ശാന്തം സ്വീറ്റ് റോസ്, ക്ലാസ് കോർഡിനേറ്റർ സുജിത എന്നിവർക്കെതിരെയാണ് ബന്ധു ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്.

അനാമികയുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കോളേജ് കവാടത്തില്‍ സഹപാഠികള്‍ സമരത്തിലാണ്. രാമനഗരയിലെ ദയാനന്ദ് സാഗർ നഴ്സിംഗ് കോളേജിലെ ഒന്നാം വർഷ നഴ്സിംഗ് വിദ്യാർത്ഥിനിയായിരുന്നു അനാമിക വിനീത്. 18 വയസ്സായിരുന്നു. ഒന്നാം സെമസ്റ്റർ വിദ്യാർഥിനി. കോളേജില്‍ ജോയിൻ ചെയ്തിട്ട് നാല് മാസമേ ആയുള്ളൂ. കോളേജ് അധികൃതരുടെ മാനസികപീഡനം സഹിക്കാനാവാതെയാണ് അനാമിക ആത്മഹത്യ ചെയ്തതെന്ന് കുടുംബം ആരോപിക്കുന്നു. കോളേജില്‍ മൊബൈലടക്കം കയ്യില്‍ കൊണ്ട് നടക്കുന്നതിനും വസ്ത്രധാരണത്തിനും വിചിത്ര നിയന്ത്രണങ്ങളാണ്. പകല്‍ മുഴുവൻ ഫോണ്‍ കോളേജ് റിസപ്ഷനില്‍ വാങ്ങി വയ്ക്കും. ഇന്‍റേണല്‍ പരീക്ഷകളിലൊന്നിനിടെ കയ്യില്‍ മൊബൈല്‍ കണ്ടെന്നും അത് കോപ്പിയടിക്കാൻ കൊണ്ട് വന്നതാണെന്നും പറഞ്ഞ് അനാമികയോട് കോളേജില്‍ വരേണ്ടെന്ന് പറഞ്ഞെന്നാണ് സഹപാഠികള്‍ പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ വൈകിട്ട് എട്ട് മണിയോടെ വിളിച്ചിട്ടും താമസിച്ചിരുന്ന മുറിയുടെ വാതില്‍ തുറക്കാതിരുന്നതിനെത്തുടർന്നാണ് സഹപാഠികള്‍ മുറി തള്ളിത്തുറന്ന് അകത്ത് കയറിയത്. കുടുംബാംഗങ്ങള്‍ക്കായി എഴുതിയതും മാനേജ്മെന്‍റിനെതിരെ പരാമർശങ്ങളുള്ളതുമായ രണ്ട് ആത്മഹത്യാക്കുറിപ്പുകള്‍ അനാമികയുടെ മുറിയിലുണ്ടായിരുന്നെന്നാണ് കുട്ടികള്‍ പറയുന്നത്. മാനേജ്മെന്‍റിനെതിരായ ആത്മഹത്യാക്കുറിപ്പ് പൊലീസിനൊപ്പം ചേർന്ന് ഒളിപ്പിച്ചെന്നും കുട്ടികള്‍ ആരോപിക്കുന്നു. കോളേജ് അധികൃതർ ഒരു തരത്തിലും അച്ഛനമ്മമാരോട് പോലും ഇതില്‍ മറുപടി നല്‍കുന്നില്ലെന്ന് കുടുംബാംഗമായ അഭിനന്ദ് പറയുന്നു.

ആത്മഹത്യാക്കുറിപ്പ് ഒളിപ്പിച്ചെന്നതടക്കമുള്ള ആരോപണങ്ങള്‍ മാനേജ്മെന്‍റ് നിഷേധിക്കുന്നു. എന്താണ് സംഭവിച്ചതെന്നതില്‍ അന്വേഷണം നടത്താമെന്നാണ് ഏറെ നേരം പ്രതിഷേധിച്ച ശേഷം കുട്ടികള്‍ക്ക് കോളേജ് ഡീനടക്കമുള്ള മാനേജ്മെന്‍റ് പ്രതിനിധികള്‍ ഉറപ്പ് നല്‍കിയത്. സംഭവത്തില്‍ കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയതായി ഹാരോഹള്ളി പൊലീസ് അറിയിച്ചു. കഴിഞ്ഞ ഒരു വർഷത്തിനിടെ ബെംഗളുരുവില്‍ മാത്രം വിവിധ സ്വകാര്യ നഴ്സിംഗ് കോളേജുകളിലായി 15 മലയാളി വിദ്യാർത്ഥികള്‍ ജീവനൊടുക്കിയെന്നാണ് കണക്ക്. കർണാടകയില്‍ കൂണ് പോലെ മുളച്ച്‌ പൊന്തുന്ന നഴ്സിംഗ് കോളേജുകളില്‍ ഗുണനിലവാരമുള്ള വിദ്യാഭ്യാസം നല്‍കുന്നുണ്ടോ എന്നും കുട്ടികളുടെ മാനസികാരോഗ്യത്തിന് എന്ത് വിലയാണ് നല്‍കുന്നതെന്നും പരിശോധനകള്‍ നടക്കുന്നതേയില്ല എന്ന് തെളിയിക്കുന്നതാണ് ഈ സംഭവവും.