play-sharp-fill
ഗതികേടുകൊണ്ട് എടുത്തതാണ്, പൊറുക്കണം. ബാക്കിത്തുക ഒരു മാസത്തിനകം തിരികെ തരാം’ ; മോഷ്ടിച്ച പണത്തിന്റെ പകുതി തിരികെ നൽകി ‘സത്യസന്ധനായ കള്ളൻ’

ഗതികേടുകൊണ്ട് എടുത്തതാണ്, പൊറുക്കണം. ബാക്കിത്തുക ഒരു മാസത്തിനകം തിരികെ തരാം’ ; മോഷ്ടിച്ച പണത്തിന്റെ പകുതി തിരികെ നൽകി ‘സത്യസന്ധനായ കള്ളൻ’

സ്വന്തം ലേഖകൻ

കോട്ടയം : ക്ഷമാപണ കുറിപ്പോടെ സത്യസന്ധനായ കള്ളൻ മോഷ്ടിച്ച പണത്തിന്റെ ഒരു വിഹിതം തിരിച്ചുനൽകി്. ബാക്കിത്തുക ഉടൻ തിരിച്ചുനൽകുമെന്നും മോഷ്ടാവ് ഉറപ്പുനൽകി. തിരിച്ചേൽപ്പിച്ച പണത്തോടൊപ്പമുള്ള കുറിപ്പിലാണ് കള്ളൻ ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ എട്ടാം തീയതി ചേനപ്പാടി സ്വദേശി സുലൈമാന്റെ ഉടമസ്ഥതയിലുള്ള പുതുപ്പറമ്പിൽ സ്റ്റോഴ്സ് ആൻഡ് ചിക്കൻ സെന്ററിലാണു മോഷണം നടന്നത്. സുലൈമാൻ ഉച്ചയ്ക്ക് ആഹാരം കഴിക്കാൻ പോയ സമയത്തായിരുന്നു മോഷണം. മേശയുടെ ഡ്രോയിലും ബാഗിലുമായി സൂക്ഷിച്ചിരുന്ന ഇരുപതിനായിരത്തോളം രൂപയാണ് കള്ളൻ മോഷ്ടിച്ചത്. മുൻവശം പൂട്ടിയിരുന്ന കടയുടെ പിൻവശത്തെ ഓടാമ്പൽ മാറ്റിയായിരുന്നു മോഷണം. ഊണു കഴിഞ്ഞ് തിരിച്ചുവന്ന സുലൈമാൻ മോഷണം നടന്ന കാര്യം മനസ്സിലാക്കി. ഉടൻ തന്നെ എരുമേലി പോലീസിൽ പരാതിയും നൽകി. എന്നാൽ തെളിവൊന്നും ലഭിക്കാതെ കേസന്വേഷണം വഴിമുട്ടിനിൽക്കുമ്പോഴാണ് കഴിഞ്ഞ ദിവസം രാവിലെ സുലൈമാൻ കട തുറന്നപ്പോൾ അവിടെ ഒരു പ്ലാസ്റ്റിക് കൂടിൽ മോഷണമുതലിൽ നിന്നുള്ള 9,600 രൂപയും ക്ഷമാപണ കുറിപ്പും വെച്ചിരിക്കുന്നത് കണ്ടത്. ഗതികേടുകൊണ്ട് എടുത്തതാണ്, പൊറുക്കണം. ബാക്കിത്തുക ഒരു മാസത്തിനകം തിരികെ തരും എന്നായിരുന്നു കുറിപ്പിൽ. സത്യസന്ധനായ കള്ളൻ വാക്കുപാലിക്കുമെന്ന വിശ്വാസത്തിൽ കാത്തിരിക്കുകയാണ് കടുടമയായ സുലൈമാൻ.