‘അംശവടിയിൽ അടിവസ്ത്രം’ കാർട്ടൂണിസ്റ്റിനെതിരെ മതവികാരം വൃണപ്പെടുത്തിയെന്നാരോപിച്ച് കത്തോലിക്ക സഭ

‘അംശവടിയിൽ അടിവസ്ത്രം’ കാർട്ടൂണിസ്റ്റിനെതിരെ മതവികാരം വൃണപ്പെടുത്തിയെന്നാരോപിച്ച് കത്തോലിക്ക സഭ

സ്വന്തം ലേഖിക

തിരുവനന്തപുരം: ‘അംശവടിയിൽ അടിവസ്ത്രം’ ഉൾപ്പെടുന്ന കാർട്ടൂണിന് കേരള ലളിതകലാ അക്കാദമി പുരസ്‌ക്കാരം ലഭിച്ചത് വിവാദത്തിൽ. കെ.കെ സുഭാഷിന്റെ ‘വിശ്വാസം രക്ഷതി’ എന്ന കാർട്ടൂണാണ് വിവാദമായത്. കാർട്ടൂൺ മതവികാരം വ്രണപ്പെടുത്തിയെന്ന് കത്തോലിക്ക സഭ ആരോപിച്ചു. ക്രിസ്തീയ മതപ്രതീകങ്ങളെ അവഹേളിക്കുക എന്ന ലക്ഷ്യത്തോടെ കേരള ലളിതകലാ അക്കാദമി പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തിരിക്കുന്ന കാർട്ടൂൺ അങ്ങേയറ്റം പ്രകോപനപരവും പ്രതിക്ഷേധാർഹവുമാണെന്ന് കെ.സി.ബി.സി വക്താവ് ഫാ. വർഗീസ് വള്ളിക്കാട്ട് പ്രതികരിച്ചു.ക്രിസ്ത്യൻ ന്യൂനപക്ഷം ഇലക്ഷനിൽ ഒപ്പം നിന്നില്ല എന്ന മാർക്‌സിസ്റ്റു പാർട്ടിയുടെ വിലയിരുത്തലാണോ കാർട്ടൂൺ പുരസ്‌കാര പ്രഖ്യാപനത്തിന്റെ പിന്നിലുള്ള പ്രചോദനം എന്നു സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു. ‘ബിഷപ് ഫ്രാങ്കോയുടെ പേരുപറഞ്ഞു ക്രൈസ്തവ വിശ്വാസ പ്രതീകമായ നല്ല ഇടയന്റെ പ്രതീകത്തെയാണ് കുരിശിനുപകരം അപമാനകരമായ ചിഹ്നം വരച്ചു അവഹേളിച്ചിരിക്കുന്നത്. ഈ വികല ചിത്രത്തിനാണ് കേരളത്തിലെ ഇടതു സർക്കാർ പുരസ്‌കാരം നൽകി ആദരിച്ചിരിക്കുന്നത്.പുരസ്‌കാരം പിൻവലിച്ച്, ജനങ്ങളുടെ നികുതിപ്പണം ദുരുപയോഗിച്ചതിനു പൊതുസമൂഹത്തോടും, മത പ്രതീകത്തെ അപമാനിച്ചതിന് ക്രിസ്തീയ സമൂഹത്തോടും മാപ്പു പറയാൻ കേരള ലളിതകലാ അക്കാദമി ഭാരവാഹികൾ തയ്യാറാകണം. ഇതാണോ ഇടതു സർക്കാരിന്റെ ന്യൂനപക്ഷ സംരക്ഷണവും മതേതരത്വവും എന്നു സാംസ്‌കാരിക വകുപ്പ് മന്ത്രി വ്യക്തമാക്കണമെന്നും’ കെ.സി.ബി.സി വക്താവ് ആവശ്യപ്പെട്ടു.അതേസമയം, കാർട്ടൂണിനെതിരായ കെ.സി.ബി.സി വിമർശനത്തിൽ മറുപടിയുമായി മന്ത്രി എ.കെ ബാലൻ രംഗത്തെത്തി. അവാർഡ് നിശ്ചയിച്ച കമ്മിറ്റിയുടെ സ്വതന്ത്ര തീരുമാനമായിരുന്നുവെന്നും സർക്കാർ ഈ തീരുമാനത്തിൽ കൈ കടത്തിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. സോഷ്യൽ മീഡിയയിൽ ഉയരുന്ന വിമർശനങ്ങളുടെ അടിസ്ഥാനത്തിൽ സർക്കാർ കാർട്ടൂൺ പരിശോധിച്ചുവെന്നും മതചിഹ്നങ്ങളെ അവഹേളിക്കുന്നതാണെന്ന് സർക്കാർ വിലയിരുത്തിയെന്നും മന്ത്രി പറഞ്ഞു. ഫ്രാങ്കോ മുളയ്ക്കലിനെ അപഹസിച്ച് ചിത്രീകരിച്ച കാർട്ടൂണാണിത്. ഇതിൽ എതിർപ്പില്ല. എന്നാൽ, മതചിഹ്നങ്ങളെ ഉപയോഗിക്കരുതായിരുന്നെന്നും മന്ത്രി പറഞ്ഞു.